ന്യൂദല്‍ഹി: കടക്കെണിയിലായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ ഓഡിറ്റര്‍മാരും രംഗത്ത്. ആഭ്യന്തര ഓഡിറ്റിങ് സംവിധാനം മെച്ചപ്പെടുത്തണമെന്ന് ഓഡിറ്റര്‍മാര്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. കമ്പനിയുടെ സാമ്പത്തിക നഷ്ടം 3,444 കോടിയാണെന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തി. 2011-12 കാലയളവില്‍ നഷ്ടം 2,328 കോടിയാണെന്നാണ് കമ്പനി പറഞ്ഞത്.എന്നാല്‍ ഇതിനെക്കാള്‍ 1,116 കോടി അധിക നഷ്ടമുണ്ടെന്നാണ് ഓഡിറ്റര്‍മാരുടെ കണ്ടെത്തല്‍. വിപണി മൊാളിയം ഇടിഞ്ഞപ്പോള്‍ അത് മറച്ചുവെച്ചാണ് കമ്പനി സാമ്പത്തിക വിവരങ്ങള്‍ നല്‍കിയതെന്നാണ് ഓഡിറ്റര്‍മാരായ ബി കെ രാമാധ്യാനി ആന്‍ഡ് കമ്പനി കണ്ടെത്തിയത്.
ഈ മാസം 26 ന് നടക്കുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തിലേക്ക് ഈ റിപ്പോര്‍ട്ട് അയച്ചു കൊടുത്തിട്ടുണ്ട്.2010-11 കാലയളവില്‍ 1,027 കോടിയായിരുന്നു കിങ്ങ്ഫിഷറിന്റെ നഷ്ടം.2011-12 കാലയളവില്‍ ഇത് ഇരട്ടിയിലധികമായി വര്‍ധിക്കുകയും ചെയ്തു.ഈ കണക്കില്‍ ക്രമക്കേടുണ്ടെന്നാണ് ഓഡിറ്റര്‍മാരുടെ വിലയിരുത്തല്‍.2012 മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് കമ്പനിയുടെ ദീര്‍ഘകാല വായ്പ 5,695 കോടിയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6,306 കോടി ഹ്രസ്വകാല വായ്പകള്‍ 604 കോടിയില്‍ നിന്ന് 2,335 കോടിയായി വര്‍ധിക്കുകയും ചെയ്തു. ഈ വായ്പകള്‍ക്കെല്ലാം കിങ്ങ്ഫിഷര്‍ ഹൗസ് ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഈട് നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിമാനകമ്പനികളില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.ഏതായാലും 26 ന് നടക്കുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
ആഭ്യന്തര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അത് പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള വായ്പ തിരിച്ചടവ് മുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞവാരം വായ്പ ദാതാക്കളുടെ യോഗത്തില്‍ കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.വിജയ് മല്ല്യ നേരിട്ടെത്തണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു. കുടിശിക നല്‍കിയില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പും ബാങ്കുകള്‍ നല്കി.7,000 കോടിയാണ് കിങ്ങ്ഫിഷര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: