കൊയിലാണ്ടി മൂടാടി ഗ്രാമപഞ്ചായത്തിലെ കൊളാറ വീട്ടില്‍ നാരായണനും നളിനിക്കും ഈ തിരുവോണത്തിന് ഇരട്ടി മധുരമാണ്. കാരണം ഇത്തവണ തങ്ങളുടെ കൂടെ മകന് ബിജുവും ബിജുവിന്റെ ഭാര്യ ഫിലിപ്പൈന്‍സുകാരി ഇലീനയും കൊച്ചു മക്കളായ അര്‍ജുനും അജയുമുണ്ട്.
416 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് മകനെ തിരിച്ച് കിട്ടിയിരിക്കുന്നു. വീടിന്റെ പൂമുഖത്തില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ബിജു തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ആ മുഖത്ത് ചിലപ്പോള്‍ ഭീതി നിറയുന്നതുപോലെ, ചിലപ്പോള്‍ കണ്ണു നിറയുന്നു. തൊണ്ടയിടറുന്നു: അപ്പോഴൊക്കെ ഈശ്വരന് പ്രണാമമര്‍പ്പിക്കുകയാണ് ബിജുവും കുടുംബവും.
2011 ജൂണ്‍ 22 ബുധനാഴ്ച ദക്ഷിണ ഫിലിപ്പൈന്‍സിലെ സുലു പ്രവിശ്യയിലെ ടൈംപോക് ഗ്രാമത്തിലെ തന്റെ ഭാര്യവീട്ടില്‍ ബിജു എത്തുന്നു, അവിടെ വെച്ചാണ് ഫിലിപ്പൈന്‍സിലെ മുസ്ലീം ഭീകര സംഘടനയായ അബുസയ്യാഫ് ബിജുവിനെ തട്ടിക്കൊണ്ടു പോകുന്നത്.
പിന്നീടിങ്ങോട്ട് തോക്കിന് കുഴലുകള്ക്കുമുമ്പില് ശപിച്ചും പ്രാര്‍ത്ഥിച്ചും കഴിഞ്ഞ അവന്റെ ഓരോ ദിനവും അഭ്രപാളികളിലേക്ക് പകര്‍ത്താന്‍ പാകത്തിലുള്ളതാണ്.
കൊടുംകാട്ടില്‍; ഭീകരരായ കാവല്‍ക്കാര്‍ക്കിടയില്‍; ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ ഇരുമരങ്ങള്ക്കു നടുവില്‍ ഊഞ്ഞാല്‍പോലെ കെട്ടിയുണ്ടാക്കിയ തന്റെ വാസസ്ഥലം, മുകളില്‍ ടാര്‍പോളിന്‍ കെട്ടിയിരിക്കുന്നു. നിമിഷങ്ങള്‍ക്കകം അഴിച്ച് മാറ്റാവുന്ന താല്‍ക്കാലിക കുടീരങ്ങള്‍, തോക്കുകാരായ കാവല്ക്കാരുടെ ആജ്ഞകള്‍ക്കനുസരിച്ച് മാത്രം ചലനങ്ങള്‍.
ബിജുവിന്റെ കാതുകളില്‍ ഇപ്പോഴും ബോംബുകളുടെ സ്ഫോടനശബ്ദം ഇരമ്പുന്നു. താന്‍ ഭീകരരുടെ പിടിയിലായി അഞ്ചു ദിവസം കഴിഞ്ഞില്ല. ഫിലിപ്പൈന്‍സ് സേന അബുസയ്യാഫ് ഭീകരരുമായി ഏറ്റുമുട്ടി. ഒരു കുന്നിനു മുകളില്‍ ബിജുവും ഏതാനു ഭീകരരും. താഴെനിന്നും സേനവെടി ഉതിര്‍ക്കുന്നു. തങ്ങളുമായി ഏതാണ്ട് 25 മീറ്റര്‍ മാത്രം അകലത്തിലാണ് പട്ടാളമുള്ളത്. കുന്നിന്റെ മറുഭാഗത്തേക്ക് ഭീകരര്‍ തന്നെ എടുത്തെറിയുന്നതുപോലെ മറിച്ചിട്ടു. ഇരു മരങ്ങളുടെ വേരുകള്‍ക്കിടയില്‍ അനങ്ങാനാവാതെ കിടന്നു. തന്റെ പുറത്ത് തോക്കുധാരിയായ ഒരു അംഗരക്ഷകനും കിടക്കുന്നു.
മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന ശക്തമായ പോരാട്ടം. അത് തനിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്ന് ബിജു പറയുന്നു. വെടി ശബ്ദത്തിനിടയില്‍ ഒരാള്‍ വന്ന് തന്റെ പുറത്ത് തോക്കുമായി കിടക്കുന്ന ഭീകരന്റെ കൈ എടുത്ത് മാറ്റി. അയാള്‍ അപ്പോഴേക്കും മരിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് വീണ്ടും ഓട്ടം അടുത്ത പാളയത്തിലേക്ക്….
ഈയൊരു ഏറ്റുമുട്ടലില്‍ 23 പട്ടാളക്കാര്‍ വധിക്കപ്പെട്ടു. അപകടം പറ്റിയ ഏഴ് പട്ടാളക്കാരെ ഭീകരര്‍ കഴുത്തറുത്ത് കൊന്നു. പട്ടാളക്കാരുടെ 13 തോക്കുകളും അബൂസയ്യാഫ് ഭീകരര്‍ പടിച്ചെടുത്തു.
ഇതോടെ തന്റെ മോചനം അവതാളത്തിലാകുമെന്ന് ബിജു കരുതി. മോചനദ്രവ്യമായി ഭീകരര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍. പിന്നീട് അഞ്ച് ബില്ല്യനും തുടര്‍ന്ന് ഒരു ബില്ല്യനുമായി അത് കുറഞ്ഞു.
ഭീകരരില്‍ ഒരാള്‍ കാട്ടില്‍നിന്നും പുറത്തെത്തി നാട്ടുകാരുമായി ബിജുവിന്റെ മോചനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നാട്ടുകാരും ഇയാളുമായി വാക്കേറ്റമായി. അതിനിടയില്‍ ആരോ ഉതിര്‍ത്ത ഒരു വെടിയുണ്ട ഭീകരന്റെ ജീവനെടുത്തു. ഇതും ബിജുവിന്റെ മോചനത്തിന് തടസ്സമായി.
ഒരു പ്രിന്‍സിപ്പലിനെ ഭീകരര്‍ തട്ടിക്കൊണ്ടുവന്നു. മോചനദ്രവ്യം കൊടുക്കാത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ കഴുത്തറുത്ത് കൊന്ന് ശിരസ്മാത്രം കോളജിന്റെ മുന്നില്‍ എത്തിച്ചു ബിജു ഓര്‍ക്കുന്നു.
അപ്പോഴെല്ലാം അവന് ഗുരുവായൂരപ്പനെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നാട്ടിലാകട്ടെ അച്ഛനും അമ്മയും ജ്യേഷ്ഠനും പ്രാര്‍ത്ഥിക്കാത്ത ദേവതമാരില്ല. നേര്‍ച്ചകള്‍ നേരാത്ത ദേവാലയങ്ങളില്ല.
ഫിലിപ്പൈന്‍സിലെ ദേശീയഭാഷ തഗാലോഗ് ആണെങ്കിലും ഭീകരര്‍ സംസാരിക്കുന്നത് തൗസൂക്ക് ഭാഷയാണ്. ഈ ഭാഷ അല്പസ്വല്പ്പം ഭാര്യയില്‍നിന്നും ബിജുവും പഠിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ സംസാരം ഏതാണ്ടൊക്കെ ബിജുവിന് മനസ്സിലാവുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഭീകരര്‍ ബിജുവിന്റെ മുന്നില്‍ ഒന്നും സംസാരിക്കാതായി. നിര്‍ദ്ദേശങ്ങളെല്ലാം മുറി ഇംഗ്ലീഷില്‍. ചിലപ്പോഴൊക്കെ തനിച്ചിരുന്ന് കരയുന്ന ബിജുവിന്റെ ചുമലില്‍ തട്ടി കാവല്ക്കാര് സാന്ത്വനിപ്പിച്ചുവത്രേ. നോമ്പുകാലമായതോടെ ഭീകരര്‍ക്കൊപ്പം ബിജുവും നോമ്പുനോറ്റു. കാവല്ക്കാരുടെ എണ്ണം റംസാന് കാലമായതോടെ കുറഞ്ഞുവന്നു.
2012 ആഗസ്റ്റ് 10 രാത്രിയില്‍ മൂത്രമൊഴിക്കാനായി ബിജു എഴുന്നേല്ക്കുമ്പോള് കാവല്ക്കാര് തോക്കുകള്‍ അരികെ വെച്ച് ഉറങ്ങുകയായിരുന്നു. കാവല്ക്കാരെ ചവുട്ടാതെ പതുക്കെ പുറത്ത് കടക്കുമ്പോള്‍ തോക്കില്‍ അറിയാതെ ചവുട്ടി. കാവല്ക്കാര് ഇളകിക്കിടന്നു എന്നല്ലാതെ ഉണര്‍ന്നില്ല. ഇത് പതിവില്ലാത്തതാണ്. ആരോ ഇത് രക്ഷപ്പെടാനുള്ള അവസരമെന്ന് തന്നോടു പറയുംപോലെ ബിജുവിന് തോന്നി.
തനിക്കൊരിക്കലും രക്ഷാപ്പെടാനാകുമെന്ന് കരുതിയിരുന്നില്ല. കാരണം കൊടുംകാട്ടില്‍ ക്യാമ്പിന് പുറത്തും കാവല്ക്കാര് ഏറെയുണ്ട്. മാത്രമല്ല ചുറ്റുപാടും മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പിടിക്കപ്പെട്ടാല്‍ താന്‍ തുണ്ടം തുണ്ടമാവും. എന്നിട്ടും ഉള്ളില്‍നിന്നും ആരോ പറയുന്നു. രക്ഷപ്പെടാന്‍ അവസരം ഇതുതന്നെ.
കഥ ഇവിടംവരെ പറഞ്ഞു നിര്‍ത്തുമ്പോള്‍ ബിജുവിന്റെ അമ്മ പറയുന്നു. മറ്റാരുമല്ല ഈശ്വരന് തന്നെയാണ് ഇത് പറഞ്ഞത്.
ഇരുട്ടില്‍ കാട്ടിലൂടെ ഓടുമ്പോള്‍ തനിക്ക് തുണ പണ്ടെപ്പോഴോ പോയ പട്ടാളക്കാരുടെ ട്രക്കിന്റെ ടയര്‍ പതിഞ്ഞ വഴികള്‍ മാത്രം. ഏതാണ്ട് ആറ് കിലോമീറ്ററെങ്കിലും കൂരിരുട്ടില്‍ ഓടിക്കാണും. ഒടുക്കം ഒരാളെ തട്ടി വീണു. ഒന്നു പകച്ചു. ഇന്ത്യക്കാരനാണോ എന്ന ചോദ്യത്തിന് അതെയെന്ന് മാത്രം മറുപടി. ഒരു ജീപ്പ്പില്‍ അദ്ദേഹം തന്നെ അവിടുത്തെ ഒരു ജനപ്രതിനിധിയുടെ വീട്ടിലെത്തിച്ചു. ആ മനുഷ്യന്റെ രൂപമോ ജീപ്പ്പിന്റെ നിറംപോലുമോ തനിക്കോര്‍മ്മയില്ല. തനിക്ക് രക്ഷകനായെത്തിയത് ആരായിരിക്കാം?
ഫിലിപ്പൈന്‍സിലെ ഒരു കുടുംബാംഗമായി നാട്ടുകാര്‍ ബിജുവിനെ കരുതി. ഭീകരരാകട്ടെ വിദേശിയായും. അതിനാല്‍ നാട്ടുകാര്‍ ഭീകരര്ക്കെതിരെനിന്നു. കേരളത്തിന്റെ ഒരു കൊച്ചു പതിപ്പുതന്നെയാണ് ഫിലിപ്പൈന്‍സ്. തെങ്ങും മാവും പ്ലാവും എല്ലാം അടങ്ങിയ പ്രദേശം. എങ്കിലും ദാരിദ്ര്യത്തില്ത്തന്നെയായിരുന്നു എല്ലാവരും. കൃഷിചെയ്ത് ഭക്ഷണത്തിനു വഴികണ്ടെത്തുന്നവര്.
സര്‍ക്കാരിനെതിരെ പൊരുതുകയാണ് ഇപ്പോഴും അബുസയ്യാഫ് ഭീകരര്‍. മിന്തനോ ഏരിയ തങ്ങളുടെ കീഴിലാണെന്ന് അവര്‍ പറയുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ഇവര്‍ വാങ്ങുന്ന പണം ഭീകരരുടെ രാജ്യത്തിനുള്ള ചെലവുകള്‍ക്കുള്ള സഹായം മാത്രമാണുപോലും.
“ഇടയ്ക്ക് ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത ഇന്റര്‍നെറ്റില്‍ പരന്നു. ഫിലിപ്പൈന്‍സ് പോലീസ് ചെയ്ത ഒരബദ്ധമായിരുന്നു അത്. ബിജു മരിച്ചുവെന്നും അക്കാര്യം സ്ഥിരീകരിച്ച് ഒപ്പിട്ടുതരണമെന്ന് ഭാര്യയോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് തനിക്കുറപ്പുണ്ടെന്നും മരിച്ചെങ്കില്‍ മൃതശരീരം കാണിച്ചുതരണമെന്നുമായിരുന്നു ഭാര്യയുടെ മറുപടി.”
കഥകളൊക്കെ പറയുമ്പോഴും ബിജുവിന്റെ മുഖത്ത് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ഇത് തനിക്ക് ഗുരുവായൂരപ്പന് നല്കിയ രണ്ടാം ജന്മമാണ്. തന്റെ ജന്മനക്ഷത്രവും കൃഷ്ണന്റേത് തന്നെ. രോഹിണി നക്ഷത്രം. ജീവിതം തിരിച്ചുകിട്ടിയതിലുള്ള സന്തോഷം തന്നെ സ്നേഹിക്കുന്നവരുമായി പങ്കിടണം. തനിക്ക് കരുത്ത് തന്ന അച്ഛന്, അമ്മ, സ്നേഹം നിറഞ്ഞ കൂട്ടുകാര്‍…. പിന്നെ….
താന്‍ ജോലി ചെയ്ത കുവൈത്ത് ഷൂവൈക്കിലെ ബ്രോണ്‍സ് അല്ത്തുവൂര് ഫാക്ടറിയില്‍ വീണ്ടും തനിക്ക് ജോലി കിട്ടുമോ? അറിയില്ല. കുവൈത്തിലെ ഭാരതീയ വിദ്യാഭവനില്‍ പഠിച്ച മക്കള്‍ക്ക് അവിടെ വിദ്യാഭ്യാസം തുടരാനാകുമോ? അതും അറിയില്ല. എങ്കിലും….
ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ മൂടാടിയിലെ കൂട്ടുകാരുടെ കൂടെ താനുമുണ്ടാവാം…. പണ്ട് ഒരുപാട് വര്‍ഷം ശോഭായാത്രയില്‍ ശ്രീകൃഷ്ണന്റെ വേഷംകെട്ടിയ ബിജുവിന് കൂട്ടായി എന്നും കൃഷ്ണനുണ്ട്. ഗുരുവായൂരപ്പനുണ്ട്. ഈശ്വരാനുഗ്രഹമുണ്ട്.
ശശി കമ്മട്ടേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: