അത്തം മുതല്‍ പൂക്കളം തീര്‍ക്കുമെങ്കിലും തിരുവോണത്തിന്റെ പൂക്കളമാണ് പൂക്കളം! തലേന്ന് മത്സരിച്ചു പൂ പറിച്ചിട്ടുമുണ്ട്. കുഞ്ഞേട്ടനും കൂട്ടരും അരീക്കുന്നുമ്മല്‍ പോലാണ് ഒരു കൊട്ട നിറയെ തുമ്പയും ഒടിച്ചുകുത്തിയും കൃഷ്ണകിരീടവും കൊണ്ടുവന്നത്. ഞങ്ങളുടെ മൈനര്‍ സെറ്റ് പൂങ്ങാട്ടുപാടത്തും കോട്ടക്കുറുമ്പയിലും അരിച്ചുപെറുക്കി കാക്കപ്പൂ സംഘടിപ്പിച്ചു.
തിരക്കിനിടയില്‍ അമ്മയും പൂവിടാന്‍ വന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ. കുറെ സമയമെടുത്തു കളം തീര്‍ക്കാന്‍. ഇടയ്ക്കിടെ ദൂരെക്കു മാറിനിന്ന് ഓരോരുത്തരായി അഭിപ്രായം പറയും. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. ഒടുക്കം എല്ലാവര്ക്കും തൃപ്തിവന്ന് കളം മതിയാക്കുമ്പോള് നേരം നീക്കിയിട്ടുണ്ട്. നേരെ അടുക്കളയില്‍ ജീരകക്കഞ്ഞിയും പയറിന്റെ ഉപ്പേരിയും പപ്പടവുമാണ് വിഭവങ്ങള്‍. മൂക്കറ്റം കുടിച്ചു.
കുഞ്ഞേട്ടന്റെ നേതൃത്വത്തില്‍ പര്യടനമാരംഭിച്ചു. അയല്‍വീടുകളിലൊക്കെ എങ്ങനെയുണ്ട് പൂക്കളങ്ങളെന്നറിയണമല്ലോ. അവരൊക്കെ നേരത്തെ ഇവിടെ വന്നുനോക്കിപ്പോയിട്ടുണ്ട്. പടിഞ്ഞാറയിലെ വത്സലേടത്തി അസൂയയോടെയാണ് മടങ്ങിയത്. കിഴക്കേതിലെ സുധ ആങ്ന്‍ഘാ, കോളാമ്പിപ്പൂ ഇങ്ങനെ വെയ്ക്കാമോ എന്നും ചോദിച്ചാണ് തിരിച്ചോടിയത്. അവരൊക്കെ എന്താണു ചെയ്തതെന്നറിയണം. കിഴക്കേതിലൂടെ മേത്തില്പോയി നടുക്കണ്ടിവഴി കൊല്ലേരിത്തൊടിയില് കയറി പടിഞ്ഞാറയിലൂടെ മടങ്ങിയെത്തുമ്പോള്‍ കുഞ്ഞേട്ടന്റെ മുഖം വികസിച്ചിരുന്നു. “മ്മടെ കളം തന്ന്യാടാ ഫസ്റ്റ്.” അടുക്കളയില്‍ ചെന്ന് അമ്മയോട് റിപ്പോര്‍ട്ടുചെയ്തപ്പോള്‍ തണുത്ത പ്രതികരണം. “ഓ, അതിപ്പോ എല്ലാ കൊല്ലോം അങ്ങനെതന്നല്ലേ.”
അമ്മ പച്ചക്കറി നുറുക്കുകയാണ്. അതു നോക്കി അങ്ങനെ ഇരുന്നുപോയി. കുറെ നേരം കഴിഞ്ഞിട്ടുണ്ട്. പുറത്തൊരു തോണ്ടല്. തിരിഞ്ഞുനോക്കുമ്പോള്‍ കുഞ്ഞേട്ടന്. കൂടെ ചെല്ലാന്‍ കണ്ണുകൊണ്ടു വിളിച്ചു. പതുക്കെ വലിഞ്ഞ് മുറ്റത്തിറങ്ങിയപ്പോള്‍ ചൂണ്ടകളെല്ലാം റെഡിയാക്കിയിട്ടുണ്ട്. സ്ഥലത്തെ പ്രധാന ചൂണ്ടക്കാരനാണ് കക്ഷി. ഏതു പാടത്ത് എപ്പോള്‍ ചൂണ്ടയിട്ടാലും മീന്‍ കൊത്തിയിരിക്കും.
“വല്യേട്ടനും ചെറിയേട്ടനും സ്ഥലത്തില്ല. മ്മക്കു പോയിനോക്കാം.” കുഞ്ഞേട്ടന് രഹസ്യം പറഞ്ഞു. ഞാന്‍ എപ്പോഴേ റെഡി. മുറ്റത്തുനിന്നുതന്നെ അമ്മയോടു വിളിച്ചുപറഞ്ഞു. അമ്മയ്ക്കു സമ്മതം. അപ്പോഴാണ് കുഞ്ഞേടത്തി ചാടിവീഴുന്നത്. ഞാനും കൂടി പോകുന്നതില്‍ കക്ഷിക്കു താല്പര്യമില്ല. എന്നെ നിരുത്സാഹപ്പെടുത്താന്‍ അവള് തുനിയുന്നതിനിടെ കുഞ്ഞേട്ടന് ആ രഹസ്യം പറഞ്ഞു: “യ്യ് നോക്കിക്കോടീ, ഞങ്ങള്‍ വല്ല്യപാടത്തേയ്ക്കാ പോണത്.”
അതു കേട്ടതും പാവം പേടിച്ചു. എനിക്കാണെങ്കില്‍ ഹരം കയറി. ഞാന്‍ രണ്ടു കയ്യും പോക്കി ഒന്നു ചാടുക തന്നെ ചെയ്തു. ദൂരെയാണ് വലിയപാടം. നിറയെ മങ്കുഴികളാണ്. അതിനിടയില്‍ ഒരാള്‍പൊക്കത്തില്‍ നായര്‍ വിത്ത് വിളഞ്ഞുകിടക്കുന്ന പാടങ്ങളും, നട്ടുച്ചയ്ക്കുപോലും കുറുക്കന്മാര് ഓരിയിടുന്ന പരന്നപാടം. അങ്ങോട്ടാണു പോകുന്നത്. സംഗതി അമ്മയെ അറിയിക്കുമെന്നായി കുഞ്ഞേടത്തി. കുഞ്ഞേട്ടന് ഭീകരമായി ഒന്നു നോക്കിയപ്പോള്‍ അവള് ചൂളിപ്പോയി. മിണ്ടിപ്പോകരുത് എന്ന് ഞാനും ഒരു കാച്ച്കാച്ചി. പഴയൊരു തോര്‍ത്തുമുണ്ടും വാവട്ടമുള്ള കുപ്പിയും എന്നെ ഏല്‍പ്പിച്ച് ചൂണ്ടകളുമായി കുഞ്ഞേട്ടന് മുറ്റത്തിണ്ടുകടന്ന് വരമ്പത്തേയ്ക്കു നടന്നു. പിറകെ ഓടുന്നതിനിടയില്‍ ഞാനൊന്നു തിരിഞ്ഞുനോക്കി. കുഞ്ഞേടത്തി അമ്പരന്നു നില്ക്കുന്നു!
നടവരമ്പിലെത്തിയപ്പോള് നടത്തത്തിനു വേഗത കൂടി. സ്രാമ്പ്യയുടെ മുമ്പിലൂടെ അരികലത്തിതാഴത്തുകൂടി ചേനാട്ടെ തോടിനടുത്തെത്തിയപ്പോള്‍ കുഞ്ഞേട്ടന് നിന്നു. തോര്‍ത്തുമുണ്ടും കുപ്പിയും വാങ്ങി. കുപ്പി വരമ്പത്തുവെച്ച് തോര്‍ത്തു നിവര്‍ത്തി ഒരറ്റം എനിക്കു നീട്ടി. തെളിഞ്ഞ തോട്ടുവെള്ളത്തില്‍ പരല്മീനുകള് തിമിര്‍ക്കുന്നു. ഒരു കൂട്ടത്തെ കണ്ടതും ‘കോരെടാ’ എന്ന് കുഞ്ഞേട്ടന് ആക്രോശിച്ചതും ഞങ്ങളിരുവരും ഒരുമിച്ചു കുനിഞ്ഞു. നിവരുമ്പോഴേയ്ക്കും തോര്ത്തിലെ വെള്ളം വാര്‍ന്നിരിക്കുന്നു. കുറെ കുഞ്ഞുമീനുകള്‍ ചാടിമറിയുന്നു. എല്ലാറ്റിനെയും കുപ്പിയിലാക്കി കുറച്ചു വെള്ളമൊഴിച്ചു. നാലഞ്ചു തവണ കോരല്‍ ആവര്‍ത്തിച്ചപ്പോഴേക്കും കുപ്പിനിറയെ മീനുകളായി “ഇനിപോകാം” തോര്‍ത്തുമുണ്ട് പിഴിഞ്ഞ് കുടഞ്ഞുപൊട്ടിച്ച് എനിക്കുതന്നിട്ട് കുഞ്ഞേട്ടന് നടത്തം തുടര്‍ന്നു. “മുള്ളുകുത്താതെ നോക്കിക്കോ.” ഇടയ്ക്ക് തിരിഞ്ഞുനിന്ന് എന്നോടു പറഞ്ഞു. പുല്ലുനിറഞ്ഞ ഇടവരമ്പില്‍ അവിടവിടെ കള്ളിമുള്ളുണ്ട്. ചെരിപ്പിടാതെ മുട്ടറ്റമുള്ള ട്രൗസറില്‍ നടക്കുന്ന എനിക്ക് മുള്ളു പറ്റാനുള്ള സാധ്യത ഏറെയാണ്.
ഒരുവിധത്തില്‍ വലിയ പാടത്തെത്തി. വരമ്പിലിരുന്ന് കുഞ്ഞേട്ടന് ചൂണ്ട ഓരോന്നായെടുത്ത് ചുരുള്‍ നിവര്‍ത്തി. ഓരോ പരല്‍മീനിനെ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്തു തുടങ്ങി. ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു. കടലിനു നടുവില്‍പ്പെട്ടതുപോലെ. വിരലില്‍ ഊന്നിനിന്നാലേ പുറംലോകം കാണൂ. ദൂരെ നെല്ലിക്കോട്ടു കാവിലെ ആല്‍മരം കാറ്റില്‍ വിറയ്ക്കുന്നു. ഞങ്ങള്‍ പിന്നിട്ട നടവരമ്പിലൂടെ ആരൊക്കെയോ ഉറുമ്പുകളെപ്പോലെ നീങ്ങുന്നു. പൊടുന്നനെ ഉള്ളില്‍ ഒരാളല്‍. ഇങ്ങോട്ടാണു പോന്നതെന്ന് വല്യേട്ടനെങ്ങാനും അറിഞ്ഞാല്‍ അടി ഉറപ്പാണ്. എന്റെ അന്ധാളിപ്പുകണ്ടപ്പോള് കുഞ്ഞേട്ടനു കാര്യം മനസ്സിലായി. “പേടിക്കണ്ട മ്മക്ക് വേഗം മടങ്ങിപ്പോകാം. വല്യേട്ടന് ഇനി ചോറുണ്ണാനേ വരൂ…”
ചൂണ്ടകള്‍ പത്തിരുപതെണ്ണമുണ്ട്. എല്ലാറ്റിലും ഇര കോര്ത്തുകഴിഞ്ഞപ്പോള് കുപ്പി വരമ്പിന്റെ മൂലയില്‍ വെച്ച് തോര്ത്തുകൊണ്ടുമൂടി ഞങ്ങള്‍ പുറപ്പെട്ടു. ആദ്യം കണ്ട കയത്തിനരികില്‍ നിന്നു. കയത്തിന്റെ മേല്ഭാഗത്തു കുഴപ്പമില്ല. വരമ്പില്നിന്നുതന്നെ ചൂണ്ടയിടാം. താഴെ വെള്ളമൊഴുകി അല്‍പ്പദൂരം വരെ നെല്ലിനിടയിലൂടെ ഒരു വിടവുണ്ടാകും. വെള്ളത്തിലിറങ്ങി വിടവിന്റെ അറ്റത്തുചെന്ന് ചൂണ്ടയിടണം. ചൂണ്ടക്കമ്പ് വെളിയില്‍ താഴ്ത്തിവെയ്ക്കണം. അതുകഴിഞ്ഞ് അടുത്ത വരമ്പിലെ കയം. അതിനടുത്തത്, അങ്ങനെ കുറച്ചു നടന്നപ്പോള്‍ ഒരു കാര്യം ഞാന്‍ കണ്ടുപിടിച്ചു. വളഞ്ഞുതിരിഞ്ഞ് പുറപ്പെട്ടടത്തേയ്ക്കുതന്നെയാണ് നീങ്ങുന്നത്. അവസാനത്തെ ചൂണ്ടയും ഇട്ടുകഴിഞ്ഞ് നാലഞ്ചടിവെച്ചപ്പോള് ആദ്യത്തെ മൂലയിലെത്തി. അല്‍പ്പനേരം അവിടെ വിശ്രമിച്ചശേഷം കുപ്പിയുമെടുത്ത് നടത്തം തന്നെ. ഒന്നാമത്തെ ചൂണ്ടയിട്ട കയത്തിനടുത്തെത്തിയപ്പോള്…. കൊത്തിയിരിക്കുന്നു.! വരമ്പില്‍ കുത്തിയിട്ട കമ്പില്‍നിന്ന് പ്ലാസ്റ്റിക് ചരട് വലിഞ്ഞുമുറുകിക്കിടക്കുന്നു. കുഞ്ഞേട്ടന് പതുക്കെ പിടിച്ചുവലിച്ചു. കളകളയെന്ന് ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു മീന്‍ ചരടിനൊപ്പം അടുത്തടുത്തുവന്നു. ഒരു വരാല്! തരക്കേടില്ല. ചൂണ്ടപൊക്കി അതിനെ കയ്യിലാക്കി ചൂണ്ടയില്‍നിന്നു വേര്‍പ്പെടുത്തി നെല്ലിന്റെ ഒരു മുരടു പിഴുതെടുത്ത് അതില്‍ കോര്‍ത്ത് എന്റെ കയ്യില്‍ തന്നു. പുതിയൊരു പരലിനെ കോര്‍ത്ത് ചൂണ്ട വെള്ളത്തിലിട്ടു. മറുവശത്തെ ചൂണ്ട നോക്കി പാടത്തിറങ്ങി. അതിലും കുടുങ്ങിയിട്ടുണ്ട്. അതും വരാല്തന്നെ. കുറച്ചുകൂടി വലുത്. അവിടെയും പരല്‍ കോര്‍ത്തിട്ടു. അങ്ങനെ ആദ്യത്തെ റൗണ്ട് പിന്നിട്ടപ്പോള്‍ എന്റെ കയ്യിലെ കോമ്പ നിറഞ്ഞിരിക്കുന്നു. മൂന്നാലെണ്ണമെങ്കിലും വലിയ വരാലുകള്‍.
മൂലവരമ്പില് കുറച്ചു വിശ്രമം വെയിലിനു ചൂടേറിവരുന്നു. ദാഹിക്കുന്നുമുണ്ട്. ഒരു തൊപ്പിയെടുക്കാമായിരുന്നു. വെയിലു തട്ടിയാല്‍ എനിക്കു ജലദോഷം വരും. ഒന്നുമോര്‍ക്കാതെ ചാടിപ്പുറപ്പെട്ടതു കുഴപ്പമായോ?
കുഞ്ഞേട്ടന് അത്തരം വിചാരങ്ങളൊന്നുമില്ല. മൂപ്പര് അടുത്ത റൗണ്ട് തുടങ്ങി. മിക്കവാറും എല്ലാ ചൂണ്ടയിലും മീനുണ്ടായിരുന്നു. എങ്കിലും ചിലത് സ്ഥലം മാറ്റിയിട്ടു. കാരണം തിരക്കിയപ്പോള്‍, അവിടെ ഇനി ശരിയാകില്ല എന്ന മറുപടിയാണു കേട്ടത് അങ്ങനെ നാലഞ്ചുവട്ടം കറങ്ങി വന്നതോടെ മീന്‍ കോമ്പകളുമായി എനിക്കു നടക്കാന്‍ വല്ലാതായി.
കടുത്ത ദാഹം. നേരം എത്രയായെന്ന് ഒരു പിടിയുമില്ല. വല്യേട്ടനെങ്ങാനും അറിഞ്ഞാല്‍…. കുഞ്ഞേട്ടന് ഒട്ടും പേടിയില്ല. കടുങ്ങോഞ്ചിറയിലൊക്കെ തനിച്ചുപോകുന്നതാണ്. എന്റെ സ്ഥിതി അതല്ല. സ്കൂളിലേയ്ക്കുപോലും തനിച്ചുപോകാറില്ല. പേടി എന്നെ പൊതിയാന്‍ തുടങ്ങി. മടങ്ങിപ്പോകാമെന്നു പറഞ്ഞുനോക്കി. ഏശുന്നില്ല. മീനിന്റെ കൊയ്ത്തല്ലേ! എങ്ങനെ മടങ്ങും?
ഒന്നുരണ്ടു വട്ടം കൂടി നടന്നുവന്നപ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്നു. എനിക്കു കരച്ചില്‍വന്നു. ഓണമായിട്ട് തല്ലു വാങ്ങേണ്ടിവരുന്നതോര്ത്ത് കണ്ണില്‍ ഇരുട്ടുകയറി. അപ്പോള്‍ കുഞ്ഞേട്ടന് കുപ്പിയെടുത്തു കാണിച്ചിട്ടു പറഞ്ഞു: “ഈ പരലു തീര്‍ന്നാല്‍ പോകാം.”
ആശ്വാസം കുറച്ചെണ്ണമേയുള്ളൂ. അതിനിടയില്‍ ഞങ്ങള്‍ മറ്റൊരു കാര്യം ചെയ്തിരുന്നു കെട്ടാന്‍ കൊണ്ടുവന്നതാണ്. ബലമുള്ള പനനാരിലേയ്ക്ക് മീനുകളെ മാറ്റിക്കോര്ത്തു. ഏറ്റവും വലിയ മീനുകളെ രണ്ടു കോമ്പകളാക്കി വേറെ കോര്‍ത്തു. കോമ്പകളെന്നാല് എന്റെയത്ര വലുപ്പമുള്ള കോമ്പകള്!
അതെല്ലാം വരമ്പത്തുവെച്ച് എന്നെ കാവലിരുത്തി കുഞ്ഞേട്ടന് നടന്നു. മടങ്ങിവന്നത് കുറെ മീനുകളും ഏതാനും ചൂണ്ടുകളുമായാണ്. പരല്‍ തികഞ്ഞില്ലെന്നര്ഥം. എനിക്കു സമാധാനമായി ഉടനെ മടങ്ങാമല്ലോ.
കത്തുന്ന വെയിലാണ്. തൊണ്ട വരളുന്നുണ്ട്. എങ്കിലും പിടയ്ക്കുന്ന വമ്പന്‍ മീനുകള്‍ക്കു കാവലിരിക്കാന്‍ വല്ലാത്ത സുഖം. ചില രാത്രികളില്‍ വല്ല്യേട്ടന്റെ കൂടെ ഒറ്റാന്‍ പേകാറുള്ളത് ഓര്‍ത്തു. മീന്‍ കോമ്പയുമായി ഞാന്‍ വരമ്പില്നില്ക്കും. വല്ല്യേട്ടന് ഒറ്റാലുമായി പാടം നിറഞ്ഞുനടക്കും. എന്നാലും ഇതിന്റെ നാലിലൊന്ന് മീന്കിട്ടാറില്ല. ഒരിക്കല്‍, അടുത്തെവിടെയോനിന്ന് കുറുക്കന് ഓരിയിട്ടതും ഞാന്‍ വലിയവായില്‍ കരയുന്നതു കേട്ട് വല്ല്യേട്ടന് ഒറ്റാലോടെ ഓടിവന്ന് എന്നെയും കൂട്ടി തിരികെ നടന്നതുമോര്ത്തപ്പോള് ചിരിച്ചുപോയി.
ബാക്കി ചൂണ്ടകളും അവസാന റൗണ്ടിലെ മീനുകളുമായി കുഞ്ഞേട്ടന് വന്നു. അതില്‍ വലിയ കോമ്പയിലേയ്ക്കുള്ള ഒന്നുണ്ടായിരുന്നു. അന്നത്തെ ഏറ്റവും വലിയ മീന്‍! “ഓ.. പോകാന്തോന്നണില്ല. ” കോമ്പകള് ശരിയാക്കുന്നതിനിടയില്‍ കുഞ്ഞേട്ടന് പറഞ്ഞു.
ഞാന്‍ എണീറ്റുനിന്നു. മടങ്ങിപ്പോകാനുള്ള വഴിയിലേയ്ക്കുനോക്കി. അപ്പോള്‍ അതിവേഗം ഒരാള്‍ നടന്നുവരുന്നു. ആര്? വല്ല്യേട്ടന്.
കണ്ണില്‍ ഇരുട്ടുകയറി. ശരീരമാകെ വിറച്ചു. എന്താണു വിളിച്ചുപറഞ്ഞതെന്നറിയില്ല. കുഞ്ഞേട്ടനും എണീറ്റു. ‘പടച്ചോനേ’ എന്നൊരു വിളി എന്റെ പിറകിലുയര്ന്നു. കുഞ്ഞേട്ടന് മനസ്സാന്നിധ്യം വീണ്ടെടുത്തു കാണണം. “വാ… മ്മക്കങ്ങോട്ടു നടക്കാം” എന്നും പറഞ്ഞ് എന്റെ മുമ്പില്‍ കടന്ന് നടക്കാന്‍ തുടങ്ങി. രണ്ടു ചെറിയ മീന്‍കോമ്പയും ചൂണ്ടക്കെട്ടുമായി ഞാന്‍ പിറകെ, എടുത്താല്‍ പൊങ്ങാത്ത രണ്ടു കോമ്പകളുമായി ചെറിയ വരമ്പിലൂടെ പ്രയാസപ്പെട്ടാണ് കുഞ്ഞേട്ടന് നടക്കുന്നത്.
ഞാന്‍ ഏന്തിവലിഞ്ഞുനോക്കി. വല്ല്യേട്ടന് കൊള്ളിയാന്പോലെയാണ് വരുന്നത്. അടിമുടി ദേഷ്യത്തിലാണ്. അടി ഉറപ്പാണ്. കൈകാലുകള്‍ വിറയ്ക്കുന്നുണ്ട്. ഗുരുതരമായ പ്രശ്നമാണ്. ചോദ്യവും ഉത്തരവും ഒന്നുമുണ്ടാകില്ല. എന്തു ധൈര്യത്തിലാണ് കുഞ്ഞേട്ടന് മുമ്പില്‍ നടക്കുന്നതെന്നറിയില്ല. വേച്ചുവേച്ച് ഞാനും നീങ്ങി.
കുറച്ചുനടന്നപ്പോള്‍ ഞങ്ങള്‍നിന്നു. അല്‍പ്പമകലെ വല്ല്യേട്ടന് നിന്നുകത്തുകയാണ്. ഒന്നും ചോദിക്കുന്നില്ല.
അപ്പോള്‍ കുഞ്ഞേട്ടന് പണി പറ്റിച്ചു. ആയാസത്തോടെ രണ്ടുകോമ്പകളും ഉയര്‍ത്തിക്കാട്ടി. നിമിഷാര്‍ദ്ധത്തില്‍ വല്ല്യേട്ടന്റെ നോട്ടം കോമ്പയിലുടക്കി. പിടയ്ക്കുന്ന വമ്പന്‍ വരാലുകള്‍! ഒരു രാത്രി മുഴുവന്‍ ഒറ്റിയാലും ഇതിന്റെ പകുതി കിട്ടില്ല. ഞാന്‍ വ്യക്തമായി കണ്ടു. നിന്നനില്‍പ്പില്‍ വല്ല്യേട്ടന് നെടുതായൊന്നു നിശ്വസിച്ചു. പിറകില്‍ കെട്ടിയ കൈകള്‍ നിവര്‍ത്തിയിട്ടു. അപ്പോഴാണ് അതു കണ്ടത്. വലതുകയ്യില്‍ വലിയൊരു വടി. ഞങ്ങള്‍ കാണാത്തമട്ടില്‍ വടി താഴെയ്ക്കിട്ടു. പതുക്കെ അടുത്തുവന്നു. ഒരു മീന്കോമ്പ പിടിച്ചുനോക്കി. പിന്നെ രണ്ടാമത്തെതും വാങ്ങി.
“നേരം എത്രയായിന്നറ്യോ? ചോറു വിളമ്പാന്‍ നോക്കുമ്പോ നിങ്ങളെ കാണുന്നില്ല…”
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
“അമ്മഴ ബേജാറായിരിക്ക്യാ.. ഇവനേം കൂട്ടി ഇങ്ങോട്ടുപോരുമ്ന്ന് വിചാരിച്ചില്ല”
എന്നെ മുമ്പിലേയ്ക്കു മാറ്റിനിര്‍ത്തി വല്ല്യേട്ടന് പറഞ്ഞു.
ഞങ്ങള്‍ മടങ്ങിപ്പോരുകയാണ്. മുമ്പില്‍ ചെറിയ കോമ്പയുമായി ഞാന്‍. നടുവില്‍ വമ്പന്‍ കോമ്പകളുമായി വല്ല്യേട്ടന്. പിറകില്‍ ഇടത്തരവുമായി കുഞ്ഞേട്ടനും.
അമ്മയും ചെറിയേട്ടനും കുഞ്ഞേടത്തിയും വരമ്പത്തു വന്നുനില്‍ക്കുന്നുണ്ട്. അമ്മ ആദ്യമൊന്നു കയര്‍ത്തു. പിന്നെ അടങ്ങി.
“ഇതു പൊരിച്ചിട്ടുമതി ഇന്നിനി ചോറ്…” മുറ്റത്തെത്തിയപ്പോള്‍ വല്ല്യേട്ടന് പറഞ്ഞു.
പൊരിക്കുക മാത്രമല്ല, മുളകും പുളിയുമൊക്കെയിട്ട് കറിയും വെച്ചു അമ്മ. അതുപോലൊരോണം പിന്നീടുണ്ടിട്ടില്ല. വലിയപാടം നികത്തി നിര്‍മിച്ച നാഷണല്‍ ഹൈവേ ബൈപ്പാസിലൂടെ പോകുമ്പോഴെല്ലാം ഓര്‍മയില്‍ ഓടിയെത്തുന്ന ഓണം. നാലാം ക്ലാസിലെ ഓണം.
ഡോ.ഗോപി പുതുക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: