കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കേരളത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ ഭരണതലങ്ങളിലെ സംഭവവികാസങ്ങള്‍, ഇവിടത്തെ ഹിന്ദു സമാജത്തിന് വമ്പിച്ച കെടുതികള്‍ സൃഷ്ടിക്കുന്നവയാണെന്ന് ഓരോ ദിവസം കഴിയുമ്പോഴും വ്യക്തമായി വരികയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പോടെ അത് എല്ലാവരും പരസ്യമായി പറഞ്ഞുതുടങ്ങി. ഇടതുമുന്നണിയില്‍നിന്ന് നിയമസഭയിലേക്ക് ജയിച്ച നാടാര്‍ ക്രിസ്ത്യന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫ് ആയി മത്സരിച്ചപ്പോള്‍ മുമ്പ് യുഡിഎഫുകാരനായിരുന്നയാള് രാജിവെച്ച് ഇടതുമുന്നണിയുടെ ആളായിട്ടാണ് മത്സരിച്ചത്. രണ്ടുകാലുമാറ്റക്കാരും നാടാര്‍ ക്രിസ്ത്യന്‍ സമുദായക്കാരായിരുന്നു. മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാകട്ടെ സംശുദ്ധ രാഷ്ട്രീയത്തിന്റെയും പൊതുജീവിതത്തിന്റെയും ആള്‍രൂപമായി ആറുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ച ബിജെപി നേതാവ് ഒ.രാജഗോപാലായിരുന്നു. എന്‍ഡിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന് വേണ്ടി അദ്ദേഹം നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡര്‍ എന്ന്, എ.കെ.ആന്റണിതന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. തലസ്ഥാനത്തെ റെയില്‍ വികസനം ത്വരിതമായതും പൂട്ടലിന്റെ വക്കിലെത്തിനിന്ന കെല്‍ട്രോണിന് പ്രതിരോധ ഉല്‍പ്പാദനത്തില്‍ പങ്കുനല്‍കി കരകയറ്റിയതും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ കൊണ്ടായിരുന്നു. അതിന് നന്ദിയായിട്ടുപോലും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയത്തിന്റെയും മതജാതി ചിന്തകളുടേയും മഞ്ഞളിപ്പ് ബാധിച്ച സമുദായ നേതാക്കള്‍ തയ്യാറായില്ല.
എന്നാല്‍ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം, ഭരണഘടനയേയും ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പാണക്കാട്ട് തങ്ങള്‍ പ്രഖ്യാപിച്ചതും അതിനുമുന്നില്‍ ഗതികെട്ട് മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിനും തലകുനിക്കേണ്ടിവന്നതും വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന മന്ത്രി കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയെപ്പോലെ അവിടം മുഴുവന്‍ താറുമാറാക്കിയതും കണ്ട് അരിശം പൂണ്ട് എന്‍എസ്എസ് എസ്എന്‍ഡിപി നേതൃത്വങ്ങള്‍ ആക്രോശിക്കുന്നതും ഇന്നു നാം കാണുന്നു. കേരളത്തിലെ ഹിന്ദു സമൂഹം വലിയൊരു വിപല്‍സന്ധിയിലാണ് വന്നുപെട്ടിരിക്കുന്നതെന്ന് അവര്‍ തുറന്നു പറയുന്നു. അവര്‍ അതിന് ചൂണ്ടിക്കാട്ടുന്ന മുഖ്യമായ ഉദാഹരണം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തന്നെയാണുതാനും. എന്നാല്‍ ആ ഉപതെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാജഗോപാലനും ബിജെപിയുടെ നേതാക്കളും നേര്വഴിക്കുചിന്തിക്കുന്ന ഒട്ടേറെ മാന്യവ്യക്തികളും അവരെ സമീപിച്ച് തെരഞ്ഞെടുപ്പില്‍ ഹൈന്ദവതാല്പ്പര്യങ്ങള് രക്ഷിക്കാന്‍ തങ്ങളുടെ അനുയായികളെ ഉപദേശിക്കണമെന്നഭ്യര്ത്ഥിച്ചിരുന്നു. അങ്ങനെ അവര്‍ ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തിന് വിദ്യുത് പ്രവാഹ തുല്യമായ മാറ്റം വരുമായിരുന്നു.
ഭരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റ് എല്ലാ പൊതുരംഗങ്ങളിലും ഹിന്ദുസമുദായത്തിന് ഏറ്റുകൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ ഓരോ ദിവസവും ഏറിക്കൊണ്ടിരിക്കുന്നു. പാട്ടക്കരാര്‍ അവസാനിച്ച ഭൂമി തിരിച്ചുകൊടുക്കുന്നതിന് വിസമ്മതിക്കുന്നവര്‍ ഏറിയ കൂറും ക്രിസ്ത്യന്‍ മുസ്ലീം വിഭാഗക്കാര്‍ തന്നെ. ന്യൂനപക്ഷമെന്ന പേരില്‍ അനുവദിക്കുന്നതും ഇനിയും അനുവദിക്കാന്‍ പോകുന്നതുമായ സകലവിധ സൗകര്യങ്ങളും ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും അവ നിഷേധിക്കപ്പെടുന്നതും പലരുടേയും കണ്ണുതുറപ്പിക്കുന്നു.
അതിന്റെ ഫലമാകണം എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങള്‍ ഒരുമിച്ചുനിന്നു ഹൈന്ദവൈക്യത്തിനായി പ്രയത്നിക്കാന്‍ തീരുമാനിച്ചത്. അത് വളരെ നല്ല കാര്യമാണ്. നായര്‍ സമുദായവും ഈഴവ സമുദായവും മാത്രമേ ഹിന്ദുക്കളായുള്ളൂ എന്ന സങ്കല്‍പ്പത്തിലാണ് അവര്‍ നീങ്ങുന്നതെന്ന സംശയം തോന്നത്തക്കവിധത്തിലാണവരുടെ പ്രസ്താവനകള്‍. ഇരുകൂട്ടര്‍ ഒരുമിച്ചു വന്നാലും ഹിന്ദുക്കളുടെ 60 ശതമാനമേ വരികയുള്ളൂ. ബാക്കി 40 ശതമാനത്തേ കൂടി, തുല്യമായ പരിഗണനയോടെ ഒന്നിച്ചുകൊണ്ടുപോകുന്ന കാര്യം അവര്‍ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. മാത്രമല്ല നായര്‍ ഈഴവ ഐക്യത്തിന് രാഷ്ട്രീയ സ്വഭാവം നല്‍കാനാണ് ശ്രമമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇരുകൂട്ടരും വെവ്വേറെ രാഷ്ട്രീയ കക്ഷികള്‍ രൂപീകരിച്ച് (എന്‍ഡിപിയും എസ്ആര്‍പിയും) കുറെ രാഷ്ട്രീയം കളിച്ചതാണ്. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിതന്നെ ഇല്ലാതായ സ്ഥിതിയിലായി ആ കക്ഷികള്‍.
ഹൈന്ദവൈക്യത്തിനായുള്ള വളരെ പ്രതീക്ഷകള്‍ നല്കിയ ഒരു സംരംഭം ആറുപതിറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറില്‍ നടന്നത് ഈയവസരത്തില്‍ ഓര്‍മ്മവരികയാണ്. തിരുവിതാംകൂറില്‍ ജനകീയഭരണം സ്ഥാപിതമായപ്പോള്‍ ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രാഷ്ട്രീയ ചരടുപിടുത്തങ്ങള് ഹിന്ദുക്കള്‍ക്ക് എതിരായ പല നീക്കങ്ങള്‍ക്കും വഴിതെളിച്ചു. വിദ്യാഭ്യാസം, പൊതുഭരണം മുതലായ മേഖലകള്‍ ഏതാണ്ട് ക്രിസ്ത്യന്‍ വിഭാഗം പിടിയിലൊതുക്കി. എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഹൈന്ദവൈക്യത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. മന്നത്തുപത്മനാഭനും ആര്.ശങ്കറും ദേവസ്വം ബോര്‍ഡംഗങ്ങളായി വന്നത്, ദേവസ്വം രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അവസരമുണ്ടാക്കി. അക്കാലത്ത് ശബരിമല ക്ഷേത്രം തീവെച്ചു നശിപ്പിച്ച സംഭവം സമൂഹത്തില്‍ വന്‍രോഷവും വേദനയും സൃഷ്ടിച്ചു. അതിനെക്കുറിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതും പ്രശ്നമായി. ചില ക്രിസ്ത്യന്‍ പ്രമാണിമാരാണ് തീവെക്കാന്‍ ഉദ്യമിച്ചതെന്ന സംശയം ദൂരീകരിക്കാനോ കേസെടുത്ത് മുന്നോട്ടു പോകാനോ ഭരണകൂടം തയ്യാറായില്ല.
മന്നത്തിന്റെയും ശങ്കറിന്റെയും നേതൃത്വത്തില്‍ ഹൈന്ദവേകീരണമെന്ന ലക്ഷ്യത്തോടെ ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാന്‍ ശ്രമമാരംഭിച്ചു. എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദു മഹാമണ്ഡലത്തില്‍ അവയുടെ ആസ്തി ബാധ്യതകളോടെ ലയിക്കണമെന്നായിരുന്നു ഉദ്ദേശ്യം. സംസ്ഥാനത്തെ ഓരോ ഗ്രാമത്തിലെയും പ്രസ്തുത സംഘടനാ ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ മറ്റു സമുദായ സംഘടനകളും അതില്‍ ചേരാന്‍ തയ്യാറായി. പെരുന്നയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ സമുദായക്കാര്‍ പങ്കെടുത്തു. ഹിന്ദുമതം വിട്ടുപോയ നൂറുകണക്കിനാളുകള്‍ ശുദ്ധികര്‍മം നടത്തി മാതൃധര്മത്തിലേക്കു വരാനും ഈ സംരംഭം പ്രേരണയായി.
1950 മെയ് 12 മുതല്‍ 18 വരെ കൊല്ലം ശ്രീനാരായണ കോളേജ് മൈതാനത്ത് നടത്തപ്പെട്ട ഹിന്ദുമഹാമണ്ഡലംപോലെ ആവേശം നിറഞ്ഞ ഒരു സംഭവം മുമ്പും പിമ്പും കേരളം കണ്ടിട്ടില്ല.
ജീവിതത്തില്‍നിന്ന് ജാതിചിന്തയെ തുടച്ചു നീക്കുമെന്നും ഹിന്ദുമതവിശ്വാസികളുടെ സകല അധഃപതനങ്ങള്‍ക്കും കാരണമായ ജാതി വ്യത്യാസം അവസാനിപ്പിക്കാന്‍ സകല കഴിവുകളും വിനിയോഗിക്കുമെന്നും സമ്മേളന പ്രതിനിധികള്‍ മന്നം ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലി. വമ്പിച്ച ശുഭപ്രതീക്ഷകള്‍ പുലര്‍ത്തിയ ഹിന്ദുമഹാമണ്ഡലം ജാതിയില്ലാത്ത ഹിന്ദുനേതാക്കള്‍ക്ക് രാഷ്ട്രീയം കളിക്കാനുള്ള ഉപകരണമായിത്തീരുമെന്ന ആശങ്ക എം.പി.മന്മഥനും സ്വാമി ആര്യഭടനും പ്രകടിപ്പിച്ചുവെങ്കിലും അതംഗീകരിക്കപ്പെട്ടില്ല.
ഹിന്ദുമഹാമണ്ഡലം നേരിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്നൊരു സംഘടനയുണ്ടാക്കി. തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ ഒന്ന് നെയ്യാറ്റിന്‍കരയിലായിരുന്നു. മറ്റേത് നെടുമങ്ങാട്ടും രണ്ടിടത്തും കോണ്‍ഗ്രസ് തറപറ്റി. നെടുമങ്ങാട്ട് മത്സരിച്ച നീലകണ്ഠരു പണ്ടാരത്തിലാണ് ഹൈന്ദവൈക്യത്തിന്റെ പേരില്‍ മത്സരിച്ച് ജയിച്ച ആദ്യത്തേയും അവസാനത്തേയും ആള്. നെയ്യാറ്റിന്‍കരയില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.
ഹിന്ദുമഹാമണ്ഡലത്തിന്റെ തുടര്‍ പ്രവര്‍ത്തനം ജാതിയുടെ അടിസ്ഥാനത്തിലുന്നയിക്കപ്പെട്ട അവകാശവാദങ്ങളുടേയും തര്‍ക്കങ്ങളുടേയും പേരില്‍ താറുമാറായി.
അതേസമയം ഹിന്ദുക്കള്‍ ഒന്നായാല്‍ ഉണ്ടാകാവുന്ന വിപത്തുക്കളെപ്പറ്റി ക്രിസ്ത്യാനികളെ ബോധവല്‍ക്കരിക്കുന്നതിനായി കൊല്ലം ഹിന്ദുമഹാമണ്ഡല ദിവസങ്ങളില്‍ത്തന്നെ ചേപ്പാട്ട് പള്ളിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഒരു യോഗം ചേര്‍ന്നു. ഹിന്ദുനേതാക്കളെ പുലഭ്യം പറയുക, മഹാമണ്ഡല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ ക്രിസ്ത്യന്‍ പത്രങ്ങളെ നിര്‍ദ്ദേശിക്കുക തുടങ്ങിയ ആഹ്വാനങ്ങള്‍ അവിടെ നല്കപ്പെട്ടു. ചിത്രമെഴുത്ത് കെ.എം.വറുഗീസിന്റെ ചിത്രോദയം എന്ന വാരിക അതനുസരിച്ച് നടത്തിയ പച്ചത്തെറി ലേഖനങ്ങള്‍ മൂലം, സര്‍ക്കാര്‍ തന്നെ അതിനെ നിരോധിച്ചു.
സര്‍ക്കാരിന്റെ മര്‍മ്മങ്ങളില്‍ ക്രിസ്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്നും ഉപ്പുപോലെ പറ്റികൂടുന്നുമുണ്ട്. ഗവണ്മെന്റിനെ സദാ പിടികൂടിക്കൊണ്ട്, ഉപ്പുപോലെ പ്രധാന സ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ പറ്റിപ്പിടിച്ചു കിടക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത നിരാശയാണ് ഹിന്ദു മഹാമണ്ഡലത്തിന്റെ പരിണതിയെന്ന് അതിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രൊഫ.എം.പി.മന്മഥന് ആത്മകഥയില്‍ പറഞ്ഞു. വന്‍ പ്രതീക്ഷകളുണര്‍ത്തിയ ആ പ്രസ്ഥാനം “പഞ്ഞി വലിച്ചൂരിയെടുത്ത തലയണപോലെയായി” എന്നദ്ദേഹം വിലപിച്ചു.
ഈയിടെ എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യത്തേയും സഹകരണത്തേയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് സുകുമാരന്‍ നായര്‍ പറയുകയുണ്ടായി. ഏതാണ്ട് അതേ വികാരം തന്നെ വെള്ളാപ്പള്ളി നടേശനും പ്രകടിപ്പിച്ചു. മുമ്പ് അവര്‍ പരസ്പ്പരം വാരിയെറിഞ്ഞ ചെളിയുടെ മണംമാറിയെന്ന് വിശ്വസിക്കാമോ? രണ്ടുകൂട്ടരുടെ ഹൈന്ദവേകീകരണ സംവിധാനത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ലന്നവര് ഭംഗ്യന്തരേണ വ്യക്തമാക്കിയിട്ടുണ്ട്. ഒരുമിച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്ന സൂചനയുമുണ്ട്.
രാഷ്ട്രീയലാക്ക് മാത്രമാണ് അവര്‍ക്ക് ഉള്ളതെന്ന് തോന്നുന്നു. ഹിന്ദുസമാജം നേരിടുന്ന ജീവല്‍ പ്രധാനങ്ങളായ നൂറുനൂറു പ്രശ്നങ്ങളുണ്ട്. അവയെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള ഒരു ഐക്യശ്രമവും വിജയിക്കുമെന്നുറപ്പില്ല. മന്നത്തിനേയും ശങ്കറെയും പോലുള്ള മഹദ് വ്യക്തികള്‍ തുടങ്ങിയ സംരംഭത്തിന്റെ തകര്‍ച്ചയുടെ അടിസ്ഥാന ഹേതുക്കള്‍ പരിഹരിക്കുന്നതിനും മുഴുവന്‍ ഹിന്ദുസമൂഹത്തിനും ബാധകമായ കാര്യങ്ങള്‍ ചിന്തിക്കാനും അവര്‍ തയ്യാറാണോ? ഉപരിപ്ലവമായ ശ്രമങ്ങള്‍ ഹിന്ദുസമൂഹത്തെ രക്ഷിക്കില്ല എന്നവര്‍ മനസ്സിലാക്കുമോ?
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: