ഏതാണ്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് മുമ്പുള്ള ഒരു ആശുപത്രിയിലേക്ക് നമുക്കൊരു സന്ദര്‍ശനം നടത്താം. ആശുപത്രിയിലെ ശസ്ത്രക്രിയാമുറിതന്നെയാവട്ടെ ആദ്യം. തിയേറ്റര്‍ പ്രധാന കെട്ടിടത്തില്‍നിന്ന് കുറെ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പറേഷന് ടേബിളില്‍ കിടക്കുന്ന രോഗിയുടെ ദീനരോദനം വാര്‍ഡിലുളളവര്‍ കേള്‍ക്കാതിരിക്കുന്നതിനാണ് ഈ അകലം അടുക്കളയിലെ പാതകംപോലെ കിടക്കുകയാവും ആ മേശ. അതിനു താഴെ ഒരു മണല്‍ തൊട്ടി സ്ഥാപിച്ചിരിക്കും. രോഗിയുടെ ദേഹത്തുനിന്നും ഒലിച്ചുവരുന്ന ചോര പിടിച്ചെടുക്കുന്നതിനുവേണ്ടിയായിരുന്നു ഈ തൊട്ടി. ഉപകരണങ്ങള്‍ വേണ്ടതുപോലെ വൃത്തിയാക്കാറില്ല. ഒരു ശസ്ത്രക്രിയ കഴിഞ്ഞാല്‍ അടുത്തതിനുവേണ്ടി മേശയിലേക്കിടും. ഡോക്ടര്‍മാരുടേയും മറ്റും മേല്‍വസ്ത്രങ്ങള്‍ പോലും മാറ്റാറുണ്ടായിരുന്നില്ല. ചോരപുരണ്ടുണങ്ങിയ കോട്ടുമിട്ട് ചോരക്കറ വീണ കത്തിയുമായി സമീപിക്കുന്ന സര്‍ജനെ കാണുമ്പോള്‍ തന്നെ ടേബിളില്‍ ചേര്‍ത്ത് ബന്ധിച്ചിരിക്കുന്ന രോഗിയുടെ ജീവന് പകുതിയും പോയിരിക്കും.
ഓപ്പറേഷന് മിക്കപ്പോഴും വിജയകരമായിരിക്കും. പക്ഷെ രോഗി മരിക്കും. സത്യത്തില്‍ സര്ജന് വലിയ സങ്കടമാണ്. കാരണമെന്താണെന്നറിയില്ലെന്ന് മാത്രം. സാധാരണ സര്‍ജറി കഴിഞ്ഞ് രണ്ട് നാള്‍ക്കകം മുറിവ് പഴുത്ത് നീരുവയ്ക്കും. ചലം പൊട്ടിയൊഴുകും. പനി വര്‍ധിച്ച് രോഗി പിടഞ്ഞ് മരിക്കുകയും ചെയ്യും.
1840 ല്‍ വേദന മറയ്ക്കുന്നതിനുള്ള ‘അനസ്തേഷ്യ’ കണ്ടുപിടിച്ചു. അതോടെ ശസ്ത്രക്രിയകള്‍ വ്യാപകമായി. പക്ഷെ രോഗി മരിക്കുന്നതിന്റെ കാരണം മാത്രം അജ്ഞാതമായി തുടര്‍ന്നു. അതിനൊരു പരിഹാരവുമുണ്ടായത് ജോസഫ് ലിസ്റ്റര്‍ സര്‍ജനായതിനുശേഷം മാത്രം. സൂക്ഷ്മാണുക്കളാണ് മുറിവ് പഴുക്കാന്‍ കാരണക്കാരെന്ന് ലിസ്റ്റര്‍ കണ്ടെത്തി. ആന്റിസെപ്റ്റിക് ഉപയോഗിച്ചാല്‍ അത് നിയന്ത്രിക്കാനാവുമെന്ന് മനസ്സിലാക്കി. അതോടെ ശസ്ത്രക്രിയ സര്‍ജന്റെ കൈപ്പിടിയില്‍ ഒതുങ്ങി. രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങി. മാനവചരിത്രത്തില്‍ അമരത്വം നേടിയ ജോസഫ് ലിസ്റ്റര്‍ അന്തരിച്ചതിന്റെ നൂറാം വര്‍ഷമാണ് 2012. അതായത് ഈ വര്‍ഷം. ഒരേ സമയം ശാസ്ത്രജ്ഞനും അതേസമയം വീഞ്ഞു കടച്ചവടക്കാരനുമായ ജോസഫ് ജാക്സണ് ലിസ്റ്ററിന്റേയും ഇസബെല്ലാ ഹാരിസിന്റേയും ഏഴു മക്കളില്‍ നാലാമനായി 1827 ഏപ്രില്‍ അഞ്ചിനായിരുന്നു ജോസഫ് ലിസ്റ്റര്‍ ജനിച്ചത്. സൂക്ഷ്മദര്‍ശിനികള്‍ക്കാവശ്യമായ നിറമില്ലാത്ത അക്രോമാറ്റിക് ലെന്‍സുകള്‍ രൂപപ്പെടുത്തിയ അച്ഛന്റെ മകനും ഗവേഷണത്തിലായിരുന്നു കമ്പം. അദ്ദേഹം നല്ലൊരു സര്‍ജനാവാനും. 1844 ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ വൈദ്യപഠനത്തിനു ചേര്‍ന്ന ലിസ്റ്റര്‍ 1852 ല്‍ ബിരുദം നേടി എഡിന്ബറോയില് പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്ന് 1860ല്‍ യാസ്ഗോ(സ്കോട്ട്ലാന്റ്)യിലെ റോയല്‍ ആശുപത്രിയില്‍ സര്‍ജറി പ്രൊഫസറായി. സര്‍ജറി മേശയില്‍ ഒട്ടേറെ രോഗികള്‍ മരിക്കുന്നത് ലിസ്റ്ററുടെ മനസ്സിനെ വേദനിപ്പിച്ചു.
വായുവിലെ ഏതോ അദൃശ്യ അണുവാണ് സര്‍ജറി മുറിവുകള്‍ പഴുക്കാന്‍ കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ സര്‍ജറിക്കുശേഷമുള്ള മുറിവുകള്‍ അവര്‍ ലോഡ് കണക്കിന് പഞ്ഞിയും തുണിയുമുപയോഗിച്ച് ചുറ്റിക്കെട്ടി വായുവിനെ പുറത്താക്കുന്നതിനുവേണ്ടി ബാന്‍ഡേജ് വെള്ളമൊഴിച്ച് നന്നായി കുതിര്‍ക്കുകയും ചെയ്യും. ശസ്ത്രക്രിയ അവസാനത്തെ ആശ്രയം മാത്രമായാണ് നടത്തിയിരുന്നത്. എങ്കിലും തല, നെഞ്ച്, വയര്‍ എന്നീ അവയവങ്ങള്‍ കീറിമുറിക്കാന്‍ ആരും ഒരുമ്പെട്ടില്ല.
അങ്ങനെയിരിക്കെയാണ് പ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയിപാസ്റ്ററുടെ അണുപരീക്ഷണങ്ങളെക്കുറിച്ചുള്ള ലേഖനം ലിസ്റ്റര്‍ വായിക്കാനിടയായത്. പാസ്ചുറൈസേഷനുകളിലൂടെ അണുനശീകരണം സാധിക്കാമെന്ന് പാസ്റ്റര്‍ തെളിയിച്ചിരുന്നു. പക്ഷെ അത് ജീവനുള്ള ശരീരത്തില്‍ സാധ്യമല്ല. എങ്ങനെയും മുറിവില്‍ കടക്കുന്ന അണുകൃമികളെ നശിപ്പിച്ചേ തീരൂ എന്ന് ലിസ്റ്റര്‍ തീരുമാനിച്ചു. അതിന് പറ്റിയ അപകടമില്ലാത്ത രാസവസ്തുക്കള്‍ വേണം.
അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് ഒരു സുഹൃത്ത് തലേദിവസത്തെ ഒരു പത്രവാര്‍ത്ത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇംഗ്ലണ്ടിലെ കാര്‍സിയില്‍ ഓടയിലൂടെ ഒഴുക്കിവിടുന്ന കാനജലം സംസ്ക്കരിക്കാന്‍ ഒരുതരം കാര്‍ബോളിക് ആസിഡ് വിജയകരമായി ഉപയോഗിച്ചുവെന്നതായിരുന്നു വാര്‍ത്ത. അതോടെ ഓടയുടെ സമീപവാസികളിലെ രോഗനിരക്ക് കുറഞ്ഞു. വെള്ളം ഒഴുകിപ്പരക്കുന്ന പാടങ്ങളില്‍ മേയുന്ന കന്നുകാലികള്‍ക്കും രോഗം വരാതായി. ലിസ്റ്ററെ ഈ വാര്‍ത്ത ആവേശഭരിതനാക്കി. ഒരു കുപ്പി കാര്‍ബോളിക് ആസിഡ് വരുത്തുകയായിരുന്നു അദ്ദേഹം ആദ്യമായി ചെയ്തത്. അപ്പോള്‍ത്തന്നെ പരീക്ഷിക്കാനവസരവും ലഭിച്ചു. കാലൊടിഞ്ഞ ഒരു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല് മുറിഞ്ഞ് എല്ല് പുറത്തുകാണാവുന്ന അവസ്ഥ ലിസ്റ്റര്‍ നേരെ തിയറ്ററിലെത്തി. മേശയും ഉപകരണങ്ങളും കാര്‍ബോളിക് ആസിഡ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ കോട്ടുകള്‍ ധരിച്ചു. തന്റെയും സഹായികളുടേയും കയ്യ് അണുവിമുക്ത ദ്രാവകത്തില്‍ കഴുകിത്തുടക്കാനും സര്ജന് മറന്നില്ല. മുറിവ് കഴുകി ശരിപ്പെടുത്തിയതും കാര്‍ബോളിക് ആസിഡില്‍ തന്നെ. ശസ്ത്രക്രിയയ്ക്ക് ശേഷം കെട്ടി ഉറപ്പിക്കാനുളള ബാന്‍ഡേജ് പോലും ആ വെള്ളത്തില്‍ കുതിര്‍ത്തെടുത്തു.
ശസ്ത്രക്രിയ കഴിഞ്ഞു. രോഗി വീട്ടിലേക്ക് മടങ്ങി. ഉത്കണ്ഠയുടെ നാല് ദിവസങ്ങള്‍. അഞ്ചാം ദിവസമായിട്ടും രോഗിയുടെ മുറിവ് പഴുത്തില്ല. രോഗി പനി വന്ന് മരണാസന്നനായില്ല. മാത്രമല്ല മുറിവ് ഉണങ്ങിത്തുടങ്ങുകയും ചെയ്തു. ജോസഫ് ലിസ്റ്റര്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. താനിതാ രോഗാണുവിനെ കണ്ടെത്തിയിരിക്കുന്നു. അതിനെ കീഴടക്കിയിരിക്കുന്നു…..
സര്‍ജറി രംഗത്ത് വന്‍കുതിച്ചു ചാട്ടമാണാ കണ്ടുപിടിത്തം ഉണ്ടാക്കിയത്. സര്‍ജറി ചെയ്താല്‍ രോഗി മരിക്കില്ലെന്ന് ജനങ്ങള്‍ക്ക് വിശ്വാസമായി. തങ്ങള്‍ ശസ്ത്രക്രിയ ചെയ്താല്‍ വിജയമാവുമെന്ന ആത്മവിശ്വാസം ഡോക്ടര്‍മാരിലുണ്ടായി. ആകാശത്തെ അണുക്കളല്ല കുഴപ്പക്കാരെന്ന് അവര്‍ക്ക് മനസ്സിലായി. അതോടെ ഓപ്പറേഷന് തിയറ്ററുകളില്‍ പൂര്‍ണശുചിത്വം ആവശ്യമാണെന്ന് അവര്‍ ഉറപ്പിച്ചു.
പക്ഷെ ലിസ്റ്റര്‍ വിശ്രമിച്ചില്ല. താന്‍ കണ്ടെത്തിയ ആന്റി സെപ്റ്റിക് തത്വം കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. കാര്‍ബോളിക് ആസിഡ് തൊലിയില്‍ ഒരുതരം വല്ലാത്ത ചൊറിച്ചില്‍ ഉണ്ടാക്കും. അതിന് വീര്യവും കൂടുതലാണ്. അതിനാല്‍ അല്‍പ്പം കൂടെ വീര്യം കുറഞ്ഞതും മികച്ചതുമായ അണുനാശിനി കണ്ടെത്തുകയായിരുന്നു ലിസ്റ്ററുടെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ബൊറാസിക് ആസിഡായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ ആ മാതൃക പിന്തുടര്ന്നു. ക്രമേണ ലോകമാകെയുള്ള സര്ജന്മാരും അതംഗീകരിച്ചു.
അണുക്കള്‍ക്കെതിരായ യുദ്ധം ജോസഫ് ലിസ്റ്റര്‍ ജയിച്ചു. രോഗാണുക്കള്‍ തോറ്റു. ഒട്ടേറെ ബഹുമതികളാണ് ലിസ്റ്ററെ തേടിയെത്തിയത്. പുരസ്ക്കാരങ്ങളും ഓണററി ഡോക്ടറേറ്റുകളും ഒക്കെ. ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് പ്രഭു പദവി സമ്മാനിച്ചു. ലണ്ടനിലെ ‘ലിസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവെന്റീവ് മെഡിസിന്’ അദ്ദേഹത്തിന്റെ നിത്യസ്മാരകമായി ലണ്ടനിലെ കിംഗ്സ് കോളേജില്‍ സര്‍ജറിയുടെ പ്രൊഫസറായി അദ്ദേഹം ദീര്‍ഘനാള്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. റിട്ടയര്‍ ചെയ്ത ശേഷവും ഗവേഷണങ്ങളില്‍ വ്യാപൃതനായി. 1912 ഫെബ്രുവരി 10ന് ഇംഗ്ലണ്ടിലെ കെന്റിലുള്ള വാല്‍മര്‍ എന്ന സ്ഥലത്തുവെച്ചാണ് ജോസഫ് ലിസ്റ്ററിന്റെ അന്ത്യം സംഭവിച്ചത്.
ലൂയിപാസ്റ്ററുടെ തത്വങ്ങള്‍ പ്രായോഗിക ശസ്ത്രക്രിയാ രംഗത്ത് പ്രയോഗിച്ചതിലൂടെ ലിസ്റ്റര്‍ അമരത്വം നേടി. അതിനുശേഷം ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി. ശുചിത്വത്തിന് പരമപ്രാധാന്യം ലഭിച്ചു. ശസ്ത്രക്രിയകള്‍ തികച്ചും സുരക്ഷിതമായി. ഇതിനൊക്കെ നാം നന്ദിപറയേണ്ടത് ഒരാളോടാണ്. ജോസഫ് ലിസ്റ്റര്‍. അന്തരിച്ച് 100 വര്‍ഷം തികയുന്ന ഈ വേളയില്‍ നമുക്കദ്ദേഹത്തെ കൃതജ്ഞതാപൂര്‍വം സ്മരിക്കാം. ആളെക്കൊല്ലികളായ ഓപ്പറേഷന് തിയറ്ററുകളെ പുതുജീവിതത്തിന്റെ സൂതികഗൃഹങ്ങളാക്കി മാറ്റിയ മഹാകൃത്യത്തിന്.
അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: