കൊച്ചി: എറണാകുളം ജില്ലയില്‍ പാറമടകളിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പെയിലറ്റ് പ്രൊജക്ട് കാക്കനാട് പാലച്ചുവട്ടിലെ അമ്പലപ്പാറയില്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. മണിക്കൂറില്‍ രണ്ടായിരം ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ് തുടക്കമെന്ന നിലയില്‍ ആവിഷ്കരിക്കുന്നത്. ഇത് വിജയകരമായാല്‍ ജില്ലയിലെ മറ്റ് പാറമടകളിലും ചിറകളിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാന് എംഎല്‍എയ്ക്കൊപ്പം അമ്പലപ്പാറയിലെത്തിയ കളക്ടര്‍ പദ്ധതിയുടെ സാധ്യത വിലയിരുത്തി. ഇന്ത്യയിലും വിദേശത്തും ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയ ഡ്രിപ്ലെക്സ് വാട്ടര്‍ എന്‍ജിനീയറിങ് ലിമിറ്റഡിനാണ് പെയിലറ്റ് പദ്ധതിയുടെ ചുമതല നല്‍കുന്നത്. വരള്‍ച്ച ദുരിതാശ്വാസ നിധിയില്‍ നിന്നും ബെന്നി ബഹനാന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക കണ്ടെത്തും.
റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജലം ശുദ്ധീകരിക്കുന്നതിനുള്ള മൊബെയില്‍ യൂണിറ്റാണ് അമ്പലപ്പാറയില്‍ സ്ഥാപിക്കുക. ജനറേറ്റര്‍ സഹിതമുള്ള ഈ യൂണിറ്റ് സ്ഥാപിക്കുന്നതിന് വളരെ കുറച്ച് സ്ഥലം മതിയാകും. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം ഓവര്‍ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്ത് പൈപ്പുകളിലൂടെ സമീപത്തെ വീടുകള്‍ക്ക് വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് സംവിധാനമൊരുക്കുന്നത് വരെ ടാങ്കറുകളില്‍ കുടിവെള്ള വിതരണത്തിന് പ്രയോജനപ്പെടുത്തും.
150 അടി താഴ്ച്ചയുള്ള അമ്പലപ്പാറ കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസാണ്. പൊതു, സ്വകാര്യ ഉടമസ്ഥതയിലായി ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന പാറമടയിലെ വെള്ളം കുടിവെള്ള വിതരണത്തിന് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ഏറെക്കാലമായി ആലോചന നടന്നുവരികയായിരുന്നു. പെയിലറ്റ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പാറമടയിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വെള്ളത്തിലെ ലവണാംശം അടക്കം വിലയിരുത്തിയാണ് അനുയോജ്യമായ ശുദ്ധീകരണ സംവിധാനത്തിന് രൂപം നല്‍കുക.
മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ്. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് 15 പൈസയാണ് ചെലവ് കണക്കാക്കുന്നത്. തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ നൗഷാദ് പല്ലച്ചി, ഡ്രിപ്ലെക്സ് വാട്ടര്‍ എന്‍ജിനീയറിങ് ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ കെ.വി. രാജ്കുമാര് എന്നിവരും കളക്ടര്‍ക്കും എംഎല്‍എയ്ക്കുമൊപ്പം അമ്പലപ്പാറയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: