നമ്മുടെ ജനപ്രതിനിധികള്‍ (പാര്‍ലമെന്റിലായാലും നിയമസഭയിലായാലും മറ്റിടങ്ങളിലായാലും) വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് ജനങ്ങളാണ്. എന്നു വച്ചാല്‍ ജനപ്രതിനിധിക്ക് എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ വേണ്ടത് ചെയ്തുകൊടുക്കുന്ന അയ്യോ പാവങ്ങള്‍. അവര്‍ക്ക് നേരെ ചൊവ്വെ കഞ്ഞിവെള്ളം കിട്ടുന്നുണ്ടോ എന്നു ചോദിക്കാന്‍ ജനപ്രതിനിധിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അങ്ങനെയൊരു സംവിധാനം ഒരുക്കിക്കൊടുക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്നൊന്ന് ആലോചിച്ചുകൂടേ? അങ്ങനെ ആലോചിക്കാനും തുടര്‍നടപടികള്‍ക്കായി അധികൃതരെ നിര്‍ബ്ബന്ധിക്കാനും എന്താണിത്ര പ്രയാസം?
ഇമ്മാതിരി പ്രതിനിധികള്‍ വേണ്ടതുപോലെ പെരുമാറാഞ്ഞതിനാലാണ് പരമോന്നത ന്യായാലയത്തിന് ചില ഷോക്ക് ട്രീറ്റ്മെന്റ് നടപ്പിലാക്കാന്‍ തോന്നിയത്. ബഹുരാഷ്ട്ര കുത്തകകള്‍ കാളക്കൂറ്റമ്മാരെപ്പോലെ പുളച്ചുമദിച്ചു നടക്കുന്നത് കണ്ടിട്ടും കാണാതിരിക്കുന്ന ഭരണകൂടത്തിനോട് മനുഷ്യര്‍ ഗിനിപ്പന്നികളല്ല എന്ന് മുഖമടച്ച് അടികൊടുക്കാന്‍ അവര്‍ തയ്യാറായതും അതുകൊണ്ടുതന്നെ. ദശകോടികള്‍ വാരിയെറിയുന്ന മരുന്നു വിപണിയിലെ അങ്ങേയറ്റത്തെ ക്രൂരതകള്‍ കോടതിക്കു മുമ്പില്‍ വെളിവായപ്പോഴാണ് നടപടിക്കു മുമ്പുള്ള നിലപാടുകള്‍ സുപ്രീംകോടതി കൈക്കൊണ്ടത്.
പ്രതിരോധ മരുന്നുള്‍പ്പെടെയുള്ള മരുന്നുകളുടെ ദൂഷ്യവശങ്ങളും പാര്‍ശ്വഫലങ്ങളും കണ്ടെത്താനുള്ള ഗുരുതരമായ പരീക്ഷണങ്ങള്‍ക്ക് ദുര്‍ബ്ബലരും പാവങ്ങളുമായ മനുഷ്യരെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുള്ള വിവരം അത്ര രഹസ്യമൊന്നുമല്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവങ്ങളെ അത്യാവശ്യം എന്തെങ്കിലും നല്കി പ്രലോഭിപ്പിച്ച് മരുന്നു മാഫിയ പരീക്ഷണത്തിനു വിധേയമാക്കുകയാണ്.
രാഷ്ട്രീയകക്ഷികളെയൊക്കെ മയക്കാന്‍ പോന്ന മരുന്ന് കുത്തകകളുടെ കൈയിലുള്ളതുകൊണ്ട് ആരെ പേടിക്കാന്‍? വര്‍ഷങ്ങളായി തുടരുന്ന ഈ മനുഷ്യത്വരഹിത നടപടികള്‍ക്കെതിരെ മധ്യപ്രദേശിലെ ഒരു സന്നദ്ധസംഘടനയും ഡോക്ടര്‍മാരുടെ സംഘവും മുന്നോട്ടു വന്നതോടെ വിവാദം കത്തിപ്പടര്‍ന്നിരിക്കുന്നു. ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. കേസ് ഈ മാസം ഒടുവില്‍ പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി (ജൂലായ് 19)യില്‍ എം.പി. അബ്ദുസ്സമദ് സമദാനിയുടെ ലേഖനമുണ്ട്. ‘മനുഷ്യന് ഗിനിപ്പന്നിയല്ല!’ എന്നാണ് തലക്കെട്ട്. സുപ്രീംകോടതിയുടെ നിരീക്ഷണം തന്നെ. കോടതിയില്‍ ഇക്കാര്യം എത്തിയപ്പോഴേ ജനപ്രതിനിധിയുടെ കുപ്പായമിട്ടിരുന്ന സമദാനിയും ഇതൊക്കെ അറിഞ്ഞുള്ളൂ എന്നത് വിസ്മരിച്ചുകൂട.
ഒടുവില്‍ സമദാനി അവസാനിപ്പിക്കുന്നത് ഇതാ ഇങ്ങനെ: മനുഷ്യശരീരത്തില്‍ പന്നിയുടെ ഹൃദയംവെച്ചു പിടിപ്പിച്ചുകൊണ്ടു നടത്തിയ ശസ്ത്രക്രിയ ഒരിക്കല്‍ വിവാദമാവുകയുണ്ടായി. ഇന്ന് മനുഷ്യനെത്തന്നെ പന്നിയായി മാറ്റുന്നതിനെതിരെയാണ് സുപ്രീംകോടതിയുടെ താക്കീത് വന്നിരിക്കുന്നത്. ഏതു ശാസ്ത്രം പഠിക്കുന്നവനും ആദ്യം പഠിക്കേണ്ടത് മനുഷ്യമഹത്വത്തിന്റെ പാഠമാണ്. ഇത് ജനപ്രതിനിധികള്‍ക്കും ബാധകമല്ലേ സമദാനിക്കാ എന്ന് ചോദിച്ചു പോവുകയാണ്. ഈ നിലയ്ക്കുള്ള എന്തെങ്കിലും നീക്കം നേരത്തെ നടത്തിയിരുന്നെങ്കില്‍ ചെറിയൊരു ഗുണമെങ്കിലും ഉണ്ടാവുമായിരുന്നില്ലേ? സംഭവങ്ങളെങ്ങനെയായാലും നമ്മുടെ കാര്യം ഹാപ്പിയാവണം എന്നതില്‍ മുറുകെപ്പിടിച്ചിരിക്കുമ്പോള്‍ എന്ത് മനുഷ്യമഹത്വം. പാര്‍ലമെന്റിലെ ഏതെങ്കിലും മൂലയില്‍ ഇരുന്ന് രണ്ട് കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്ന പണ്ടത്തെ കാലത്തെങ്കിലും ഇതിനെക്കുറിച്ച് ഒരു സൂചന കൊടുക്കാമായിരുന്നു സമദാനിക്കക്ക്.
മരുന്ന് മാഫിയ ആയാലും അധികാരമാഫിയ (അങ്ങനെ പറയാമോ എന്ന് ചോദിച്ചേക്കല്ലേ) ആയാലും നിസ്സഹായനും നിരാലംബനും അനാഥനും പുഴുതന്നെ. അവന്റെ കാര്യത്തില്‍ അശ്രദ്ധയാണ് ഏറ്റവും വലിയ ശ്രദ്ധ; ക്രൂരത. അഡ്രസ്സിന്റെ പ്രൗഢിയും പാരമ്പര്യവും അനുസരിച്ച് അവന് എല്ലാവിധ മാന്യതയും കിട്ടുമ്പോള്‍ അനാഥന് ആ പേരിലെ അനാഥത്വവും പേറി എവിടെയോ കിടന്ന് പുഴുത്തുനാറും. അവനെ ചവിട്ടിമെതിച്ചാല്‍, അവനെ മനുഷ്യത്വഹീനമായി അപമാനിച്ചാല്‍ ആര് ചോദിക്കാന്‍. ഈ ഇന്ത്യാ മഹാരാജ്യത്ത് ഇത്തരം സംഭവങ്ങള്‍ അനുദിനം നടക്കുകയാണ്. അതൊന്നും പക്ഷേ, പൊതുജനശ്രദ്ധയില്‍ വരുന്നില്ല. അങ്ങനെ വരുത്തണമെന്ന് മാധ്യമശിങ്കങ്ങളും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒരു നിയോഗം പോലെ അതൊക്കെ സംഭവിച്ചുപോകുന്നുണ്ട്. ഇതാ അധികാരിവര്‍ഗത്തിന്റെ, സുരക്ഷ നല്കാന്, മാന്യത നല്കാന് ബാധ്യതപ്പെട്ടവരുടെ ഒരു ക്രൂരത കാണുക. ഡെക്കാന്‍ ക്രോണിക്ക്ല് എന്ന ആംഗലേയ പത്രത്തില്‍ ജൂലായ് 19ന് വന്ന് ഫോട്ടോയാണിത്. (ചിത്രം അന്യത്ര) സീതാപ്പൂരില്‍ ഒരു വയലില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം ഷൂസ് ഉപയോഗിച്ച് മൂടാന്‍ ശ്രമിക്കുകയാണ് പൊലീസ് ഓഫീസര്‍. മരിച്ചയാള്‍ക്ക് സ്വന്തബന്ധുക്കളും അധികാരദണ്ഡും ഇല്ലാത്തതിനാല്‍ അതെല്ലാമുള്ളയാള് പുഴുവിനോടെന്നവണ്ണം പെരുമാറുകയാണ്. എത്രയെത്ര സംസ്കാര സമ്പന്നരായാലും മനസ്സില്‍ പ്രാകൃതകാട്ടാളത്വം (ആധുനിക കാട്ടാളത്തമുണ്ടോ എന്ന ചോദ്യം സ്വാഭാവികം) നിറഞ്ഞാടുന്നുവെങ്കില് അത് തടയാന്‍ എന്താണ് മാര്‍ഗം. മാവോയിസ്റ്റായും തീവ്രവാദിയായും ആളുകളെ നിഷ്കരുണം വെടിവെച്ചു കൊല്ലുന്നതിന്റെ മറ്റൊരു മുഖമാണിത്. മാധ്യമ പ്രവര്‍ത്തനം അതിന്റെ ജാജ്വല്യമാനമായ സംസ്കാരത്തിലേക്കുയരുമ്പോള് നമ്മുടെ കരളില്‍ കുത്തി മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ കാണാം. പ്രതികരിക്കാനുള്ള അഭിവാഞ്ഛ അറിയാതെ ഉരുവംകൊള്ളും.
ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷം സിപിഎമ്മിനെതിരെ പൊതുവെ ഒരു ഇളകിയാട്ടമുണ്ടല്ലോ. അരിയാഹാരം കഴിക്കുന്നവരും മറ്റുവല്ലതും കഴിക്കുന്നവരും പ്രതിസ്ഥാനത്തേക്ക് സിപിഎമ്മിനെ നീക്കി നിര്‍ത്തുമ്പോള്‍ അനിതരസാധാരണമായ മെയ്വഴക്കത്തോടെ അതിന് ഊര്‍ജം നല്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പും പത്രവും. അത് തെറ്റോ ശരിയോ എന്ന് പറയുന്നതിനേക്കാള്‍ പ്രത്യക്ഷമായി തോന്നിയേക്കാവുന്ന ഒരജണ്ട അതിലുണ്ട്. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അതു മനസ്സിലാക്കാനാവുംതാനും. ടി.പി. വധത്തിനുശേഷമുള്ള ആഴ്ചപ്പതിപ്പുകള്‍ ശരിക്കൊന്നു വായിച്ചു നോക്കുക. ഇത്തവണ (ജൂലായ് 22-28) രാഷ്ട്രീയ വിമതരെ വായിക്കേണ്ടതെങ്ങനെ? എന്നൊരു ദീര്‍ഘസംഭാഷണമാണ് തുരുപ്പുചീട്ട്.
കഥാകൃത്തും കവിയും ആക്റ്റിവിസ്റ്റും പിന്നെയെന്തെല്ലാമോ ഒക്കെയായ എന്‍. പ്രഭാകരനാണ് ദീര്‍ഘമായി സംസാരിക്കുന്നത്. ടി.എം. രാമചന്ദ്രനാണ് 20 പേജുവരുന്ന മേപ്പടി സാധനം എഴുതിയെടുത്തിരിക്കുന്നത്. വായനയുടെയും സംവേദനത്തിന്റെയും തലങ്ങളില്‍ ആധിപത്യം തേടുന്ന പുതുചിഹ്നങ്ങളുടെ രാഷ്ട്രീയത്തോട് തന്റെ എഴുത്തിലൂടെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന ഒറ്റയാള്‍ പോരാളിയാണ് ഈ എഴുത്തുകാരന്. ഈ അര്‍ത്ഥത്തില്‍ എന്‍. പ്രഭാകരന് മലയാള സാഹിത്യത്തിലെ ഒറ്റയാന്റെ പാപ്പാനാണ്; ഭാവി സമൂഹത്തിന്റെ നിര്‍മിതിക്കായി പൊരുതുന്ന ആക്റ്റിവിസ്റ്റാണ് എന്ന് ആഴ്ചപ്പതിപ്പ് വിശേഷിപ്പിക്കുന്ന പ്രഭാകരന് ഇനി സിപിഎമ്മിന് ഒപ്പമില്ല എന്നാണ് കട്ടായം പറയുന്നത്. ഇത് കേട്ടാല്‍ തോന്നും സിപിഎമ്മിനെ ചപ്രമഞ്ചത്തില്‍ കൊണ്ടുവരാന്‍ അത്യുത്സാഹിച്ചത് പ്രഭാകരന് മാത്രമായിരുന്നു എന്ന്.
എന്തും മിതത്വത്തോടെ പറയുമ്പോഴാണ് ആത്മാര്‍ത്ഥതയും സത്യസ്പര്ശവും ഉണ്ടാവുക. അല്ലാതുള്ളവയൊക്കെ ജീര്‍ണിച്ച, അജണ്ടാധിഷ്ഠിത അസ്വാസ്ഥ്യമാണ്. ഇവിടെ അത് 20 പേജില്‍ നീണ്ടുപോവുന്നു. എന്‍. പ്രഭാകരന് ഇനി സിപിഎമ്മിന് ഒപ്പമില്ല എന്ന് ആഴ്ചപ്പതിപ്പ് സന്തോഷത്തോടെ പറയുന്നുണ്ടെങ്കിലും ദീര്‍ഘഭാഷണത്തില്‍ പ്രഭാകരന് അങ്ങനെ പറയുന്നില്ല. പത്രാധിപരുടെ ആഗ്രഹത്തിനൊത്ത് വ്യാഖ്യാനിക്കാവുന്ന സൂചനകള്‍ ധാരാളമുണ്ട്. എന്തായാലും അവസാനം അദ്ദേഹം പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അങ്ങനെ തന്നെ പോവുന്നതാണ് നന്ന്. അതിദാ: ഇപ്പോള്‍ പ്രശസ്തിയും അംഗീകാരവും ഒന്നും എന്റെ പരിഗണനയില്‍ വരുന്നില്ല. ഞാന്‍ തൃപ്തിക്കും അതൃപ്തിക്കും അപ്പുറത്തുള്ള, സ്വച്ഛവും സ്വതന്ത്രവുമായ ഒരു ഇടത്തില്‍ നിന്നുകൊണ്ട് എന്റെ പണി ചെയ്യുന്നു. ഞാന്‍ എഴുതുന്നു, പിന്നെയും പിന്നെയും എഴുതുന്നു. കാറ്റിനനുസരിച്ച് കാര്യങ്ങള്‍ സാധിക്കുന്ന എല്ലാ വിദ്വാന്മാര്ക്കും ഇത് ബാധകം തന്നെ.
ടി.പി. മാത്രമല്ലല്ലോ ഈ മലയാളരാജ്യത്ത് ക്രൂരമായി കൊല്ലപ്പെട്ടത്. അന്നൊന്നുമില്ലാത്ത ഉത്കണ്ഠയും വേദനയും സംവേദനയും ഇപ്പോള്‍ പൊന്തി വന്നതെന്തേയെന്ന് സാധാരണ റേഷനരി കഴിക്കുന്ന ഒരുവിധപ്പെട്ടവരൊക്കെ സംശയിക്കുന്നുണ്ട്. ആ സംശയത്തെ ധാര്‍ഷ്ട്യം കൊണ്ടും മറ്റും തൊഴിച്ചെറിയാതിരിക്കാനെങ്കിലും ശ്രമിക്കുക. ഏതായാലും സുനില്‍ പി. ഇളയിടം എഴുതിയ ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മികതയ്ക്കും എന്ന ലേഖനം കൊടുക്കാന്‍ പത്രാധിപര്‍ കാണിച്ച സന്മനസ്സ് നല്ലതുതന്നെ. കാര്മേഘങ്ങള്ക്കിടയിലൂടുള്ള മിന്നല്‍പ്പിണര്‍ കാണാന്‍ നല്ല ചേലുണ്ടാവും.
തൊട്ടുകൂട്ടാന്‍
പറഞ്ഞാല്‍ ഞാന്‍
പ്രതിയാകും
മറന്നാല്‍ ഞാന്‍
മരുവാകും
പറയാതെ
കളയാതെ
കരുതിയെന്നാല്‍
ഭ്രാന്തനുമാകും
കെ.ജി. ശങ്കരപ്പിള്ള
കവിത: അതിനാല്‍ ഞാന്‍ ഭ്രാന്തനായില്ല
ഭാഷാപോഷിണി(ജൂലായ്)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: