ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരമാണ് ആര്‍ട്ടിക് ധ്രുവത്തില്‍ ഊറിക്കൂടിയിരിക്കുന്നത്. ആഗോള താപനത്തിന്റെ ശക്തിയില്‍ ആര്‍ട്ടിക്കിലെ മഞ്ഞ് മലകള്‍ ഉരുകി ഒലിച്ചു തീര്‍ന്നാല്‍ എന്താണ് സംഭവിക്കുക? അതിനെക്കുറിച്ച് തോബിയ എസ്. ബക്കല്‍ മനോഹരമായ ഒരു നോവല്‍ എഴുതിയിട്ടുണ്ട്.
പുസ്തകത്തിന്റെ പേര് ‘ആര്‍ട്ടിക് റൈസിങ്’. ആഗോളതാപനം മൂലം ആര്‍ട്ടിക് ഭൂഖണ്ഡം ഇല്ലാതായിക്കഴിയുമ്പോഴുള്ള ഭീകരമായ അവസ്ഥയാണ് നോവലിന്റെ ഇതിവൃത്തം. ആര്‍ട്ടിക് കടലിലെ ആഴങ്ങളില്‍ ഉറങ്ങുന്ന എണ്ണപ്പാടങ്ങള്‍ കൈക്കലാക്കാനുള്ള തത്രപ്പാടിലാണ് മിക്കരാജ്യങ്ങളും. ആര്‍ട്ടിക് പട്ടാളം എന്ന പേരില്‍ അവരൊക്കെ പ്രത്യേക സൈനിക ഘടകങ്ങള്‍ രൂപീകരിച്ചിരിക്കുന്നു. അവരുടെ നിയന്ത്രണത്തിനായി ഐക്യരാഷ്ട്രസഭയുടെ പോളാര്‍ ഗാര്‍ഡുകള്‍. മഞ്ഞില്ലാത്ത ആര്‍ട്ടിക് കടലില്‍ നിറയെ കൂറ്റന്‍ കപ്പലുകള്‍ പാഞ്ഞു നടന്നു. അതിനിടയില്‍ മയക്കുമരുന്ന് കള്ളക്കടത്തു മുതല്‍ ആണവമാലിന്യം തള്ളുന്നതുവരെയുള്ള സാമൂഹ്യദ്രോഹ നടപടികളും കുറ്റവാളികള്‍ നിര്‍ഭയം വിഹരിക്കുകയാണവിടെ….
ദോഷം പരയരുതല്ലോ, പേരിന് മാത്രമായി അല്‍പ്പം മഞ്ഞ് ധ്രുവബിന്ദുവില് സഞ്ചയിച്ചു വച്ചിരിക്കുന്നു. അതിശീതികാരികളായ കേബിളുകളുടേയും യന്ത്രങ്ങളുടേയും സഹായത്തോടെയാണ് ആ കൃത്രിമ ധ്രുവദ്വീപ് നിലനിര്‍ത്തിയിരിക്കുന്നത്. ടൂറിസം ലക്ഷ്യമാക്കിയുള്ള ആ ദ്വീപിന്റെ നടത്തിപ്പുകാര്‍ സൂള്‍ കോര്പ്പറേഷന് എന്ന സ്വകാര്യ കമ്പനിയും..
കഥ നീളുകയാണ്. അധികം വൈകാതെ കഥ കാര്യമാകുമോയെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ആര്‍ട്ടിക് മഞ്ഞ് ഉരുകിയൊലിക്കുകയാണ്. അതിശീത ഭൂമിയായ പെര്മാഫ്രാസ്റ്റിന് നിലനില്‍പ്പ് നഷ്ടപ്പെട്ടിരിക്കുകയാണ്. കീറിമുറിഞ്ഞ പടുകൂറ്റന്‍ മഞ്ഞ് കട്ടകള്‍ ആര്‍ട്ടിക് സമുദ്രത്തില്‍ നിയന്ത്രണം വിട്ട് ഒഴുകുകയാണ്. അപ്പോള്‍ നമ്മുടെ മനസ്സില്‍ പുതിയൊരു ചോദ്യമുയരുന്നു. ആര്‍ട്ടിക് ഉരുകിത്തീര്‍ന്നാല്‍ ആര്‍ക്ക് ചേതം? അഥവാ അതുകൊണ്ട് ആര്‍ക്കാണ് ലാഭം.
ആര്‍ട്ടിക് ജൈവമണ്ഡലം മണ്മറയുന്നതില് രാഷ്ട്രീയക്കാര്‍ക്കും കുത്തകകള്‍ക്കും തെല്ലും ചേതമില്ല. അവര്‍ക്കുള്ളത് ലാഭം മാത്രം. കാരണം ഇന്നേവേരെ മനുഷ്യവാസമില്ലാത്ത മേഖലകളില്‍ മഞ്ഞിന്റെ കട്ടിപ്പുതപ്പ് മാറിയപ്പോള്‍ തെളിഞ്ഞത് അലാവുദ്ദീന്‍ കണ്ട അത്ഭുത ഗുഹയാണ്. കടലിനടിയില്‍ നിറയെ പെട്രോളിയം, അമൂല്യമായ ഖാനിജങ്ങള്, അപൂര്‍വ മൂലകങ്ങള്‍, പ്രകൃതി വാതകത്തിന്റെ അപാര ശേഖരം, അത്യധികമായ മത്സ്യസമ്പത്ത്. ആനന്ദലബ്ധിക്ക് മേറ്റ്ന്തുവേണം? മഞ്ഞുരുകി പുതിയ കപ്പല്ചാലുകള് രൂപപ്പെട്ടതില്‍ നാവിക കമ്പനികളും സന്തുഷ്ടമാണ്. ആര്‍ട്ടിക്കിന് ചുറ്റുമുള്ള എട്ട് രാജ്യങ്ങള്‍ തങ്ങളുടെ ഒരിഞ്ചു ഭൂമിപോലും ആരും റാഞ്ചാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിപ്പാണ്.
ഭൗമരാഷ്ട്രീയത്തിന് പുതുനിര്‍വചനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ എല്ലാവരും മറക്കുന്ന ഒരു സത്യമുണ്ട്. പതിനായിരത്താണ്ടുകളായി അതിശീത മണ്ണാവരണ(പെര്‍മാഫ്രോസ്റ്റ്)ത്തില്‍ കഴിഞ്ഞ കാര്‍ബണ്‍ കെട്ട് പൊട്ടിച്ച് അന്തരീക്ഷത്തിലേക്ക് കടന്നുവരികയാണ്. ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉള്ളതിന്റെ ഇരട്ടി കാര്‍ബണ്‍ ആണ് പെര്മാഫ്രോസ്റ്റിന് വിലയം പ്രാപിച്ചിരിക്കുന്നത് എന്നത് നാം മറക്കാതിരിക്കുക. കാര്‍ബണ്‍ അധികരിക്കുന്നതിനനുസരിച്ച് ഭൗമാന്തരീക്ഷത്തിലെത്തുന്ന സൗരതാപം ഇവിടെ കുടുങ്ങിക്കിടക്കും. അതിനാല്‍ ഭൂമണ്ഡലത്തിന്റെ ചൂട് അപാരമായി വര്‍ധിക്കും. ആ വര്‍ധനയില്‍ കാലാവസ്ഥ തകിടം മറിയും. മഴയും മരുഭൂമിവത്കരണവും താളം തെറ്റും. മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. കുടിവെള്ളമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും ശതലക്ഷങ്ങള്‍ പാടുപെടും.
ലോകത്തിന്റെ ഇതരഭാഗത്തെക്കാള് രണ്ടിരട്ടി വേഗത്തിലാണ് ആര്‍ട്ടിക് മഞ്ഞുരുകുന്നതെന്ന് ഗവേഷകര്‍. 1840 മുതല്‍ ഗവേഷകര്‍ നിരീക്ഷിച്ചുവരുന്നതാണ് ആര്‍ട്ടിക്കിലെ ഹിമശോഷണം. മഞ്ഞ് മലകുറയുന്നതിനൊപ്പം മഞ്ഞുകട്ടകള്‍ക്ക് തീരെ ചെറുപ്പമായിവരുന്നതായും ഗവേഷകര്‍ പറയുന്നു. നൂറ്റാണ്ടുകളായി രൂപംകൊണ്ട് ഘനീഭവിച്ച ഹിമശേഖരങ്ങളില്‍ പോറല്‍ ഏല്‍പ്പിക്കാന്‍പോലും കാലാകാലങ്ങളായി ആര്‍ക്കും കഴിഞ്ഞില്ല. പക്ഷെ അവയൊക്കെ ഉരുകി. ചിലത് വീണ്ടും ഘനീഭവിച്ചു. അമേരിക്കയുടെ നാഷണല്‍ സ്നോ ആന്റ് ഐസ് ഡാറ്റാ സെന്ററിന്റെ കണക്കനുസരിച്ച് (1980) മഞ്ഞ് കട്ടകളില്‍ 40 ശതമാനത്തിനും അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളത്രെ!
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മഞ്ഞില്ലാത്ത വേനല്‍ക്കാലമാവും ആര്‍ട്ടിക്കില്‍ ഉണ്ടാവുകയെന്ന ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ 2007 ലെ പ്രവചനം ഇവിടെ അനുസ്മരിക്കുക. ഒരുപക്ഷെ നൂറ്റാണ്ട് അവസാനിക്കും മുന്‍പുതന്നെ പ്രവചനം സത്യമാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ശങ്ക.
ആര്‍ട്ടിക്കിന് ചുറ്റും എട്ടു രാജ്യങ്ങളാണ്. റഷ്യ, സ്വീഡന്, നോര്‍വെ, ഐസ്ലാന്റ്, ഗ്രീന്‍ലാന്റ്, ഫിന്‍ലാന്റ്, കാനഡ, അമേരിക്ക. ഇവരൊക്കെ കാണാക്കനി അളന്നു തിട്ടപ്പെടുത്താനുള്ള തത്രപ്പാടിലാണ്. അമേരിക്കയുടെ കണക്കനുസരിച്ച് ആര്‍ട്ടിക്കിലുള്ളത് 240 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ 47.3 ട്രില്യണ്‍ ക്യുബിക് മീറ്റര്‍ വാതക ശേഖരം, 44 ബില്യണ്‍ ഗ്യാസ് കണ്ടന്ബേറ്റ്…. എല്ലാം കേവലം 500 മീറ്റര്‍ താഴ്ചയില്‍ ലഭ്യം. കപ്പല്‍ കമ്പനികളും കച്ചവടക്കാരും ഏറെ സന്തോഷത്തിലാണ്. മഞ്ഞ് മുറിയുന്നതോടെ പസഫിക് സമുദ്രവും അറ്റ്ലാന്റിക് സമുദ്രവും തമ്മിലുള്ള ബന്ധം വളരെ എളുപ്പമാവും. പാശ്ചാത്യരാജ്യങ്ങളും ഏഷ്യന്‍ ഭൂഖണ്ഡവും തമ്മിലുള്ള അകലം വളരെ കുറയും. ഗതാഗത സമയം ലാഭം. ഇന്ധനച്ചെലവില്‍ വന്‍ ലാഭം. ചിലവില്‍ വന്‍ കുറവ്. കച്ചവടം പൊടിപൊടിക്കും. മഞ്ഞ് മൂടാത്തതിനാല്‍ വര്‍ഷം മുഴുവനും സുഖമായി കപ്പലോടിക്കാം എന്ന ഗുണവുമുണ്ട്. കപ്പല്‍ കൊള്ളക്കാരുള്ള വഴികളൊക്കെ ഒഴിവാക്കുകയും ചെയ്യാം.
ഭൗമരാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ എത്ര പെട്ടെന്നാണ് മാറിമറിയുന്നതെന്നറിയാന് ആര്‍ട്ടിക്കിലേക്ക് ശ്രദ്ധിച്ചാല്‍ മതി. അതിര്‍ത്തിയുടെ പേരില്‍ രണ്ടുവര്‍ഷം മുന്‍പുവരെ വാളോങ്ങിനിന്ന നോര്‍വേയും റഷ്യയും സഹകരിക്കാന്‍ തീരുമാനിക്കുന്നു. സാമ്പത്തികമായും സൈനികമായും ഇരുരാജ്യങ്ങളും ആര്‍ട്ടിക് സൈന്യത്തിന് രൂപം നല്കുന്നു. ആര്‍ട്ടിക് സംരക്ഷണത്തിനുവേണ്ടി പ്രത്യേകതരം വിമാനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് നോര്‍വേ. മഞ്ഞ് മലകളെ കീറിമുറിക്കുന്ന കപ്പലുകള്‍ നിര്‍മിച്ചുവരികയാണ് റഷ്യ. കപ്പല്‍ വാങ്ങുന്നതിലും ആര്‍ട്ടിക് സൈനികാഭ്യാസം നടത്തുന്നതിലും കാനഡയും അമേരിക്കയും പിന്നിലല്ല. വിദൂരദേശത്ത് കിടക്കുന്ന ചൈന വരെ ആര്‍ട്ടിക് ശര്ക്കരക്കുടത്തില് കയ്യിടാന്‍ അവസരം പാത്തു നില്ക്കുന്നു.
ഈ പറഞ്ഞത് മഞ്ഞുരുകുമ്പോള്‍ തെളിയുന്ന ഭൗമരാഷ്ട്രീയത്തെക്കുറിച്ച്. ഇനി പരിസ്ഥിതിയുടെ കാര്യം. ആര്‍ട്ടിക് കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ ‘തന്നാട്ടുകാ’രായ രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു കൗണ്‍സില്‍ നിലവിലുണ്ട്-അതില്‍ മറ്റ് പല രാജ്യങ്ങളും നിരീക്ഷകരായുമുണ്ട്. 2011 ല്‍ അവര്‍ നടത്തിയ ഒരു പഠനം ഉത്തരധ്രുവത്തിലെ മഞ്ഞ്, വെള്ളം, പെര്‍മാഫ്രോസ്റ്റ് എന്നിവയില്‍ കാലാവസ്ഥാ മാറ്റം ചെലുത്താവുന്ന സ്വാധീനം ആഴത്തില്‍ വിലയിരുത്തി. ഇത് ആഗോളതാപനത്തിന് ആക്കം കൂട്ടുമെന്നത് ആദ്യ കണ്ടെത്തല്‍. പെര്‍മാഫ്രോസ്റ്റ് ഉരുകുമ്പോള്‍ അടിയില്‍ കുടുങ്ങിക്കിടന്ന കാര്‍ബണ്‍ അപ്പാടെ അന്തരീക്ഷത്തിലെത്തുമെന്നത് രണ്ടാം ഫലം. ഇപ്പോള്‍ അന്തരീക്ഷത്തിലുള്ളതിന്റെ രണ്ടിരട്ടി കാര്‍ബണ്‍ അതില്‍ അടങ്ങിക്കിടക്കയാണത്രെ. പക്ഷെ പെര്‍മാഫ്രോസ്റ്റ് നശിച്ചാല്‍ എന്തുണ്ടാവുമെന്ന കാര്യം ആര്‍ക്കും വ്യക്തമല്ല. ഇപ്പോള്‍ത്തന്നെ ആര്‍ട്ടിക്കിലെ പഴയ കൂറ്റന്‍ എണ്ണക്കുഴലുകള്‍ വരുത്തുന്ന ചോര്‍ച്ച വന്‍ പരിസ്ഥിതി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് ആര്‍ട്ടിക് കൊടുങ്കാറ്റില്‍ ഒരു എണ്ണക്കിണര്‍ ഡ്രില്ലിംഗ് പ്ലാറ്റ്ഫോറം അപ്പാടെ കടലില്‍ താണുപോയത്.
ആര്‍ട്ടിക്കില്‍ ഇന്ത്യയ്ക്കുമുണ്ട് ചെറിയൊരവകാശം. ഏതാണ്ട് 92 വര്‍ഷം പഴക്കമുള്ള ഒരു കരാറാണ് ആര്‍ട്ടിക്കില്‍ ഇന്ത്യയുടെ അവകാശം ഉറപ്പാക്കുന്നത്. 1920 ഫെബ്രുവരി ഒന്‍പതിന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഒപ്പുവച്ച ഒരു അന്തര്‍ദ്ദേശീയ കരാര്‍-സാല്‍ബാര്‍ഡ് കരാര്‍-എന്നറിയപ്പെടുന്നു. നോര്‍വേ, ബ്രിട്ടന്, ബ്രിട്ടീഷ് കോളനി രാജ്യങ്ങള്‍ തുടങ്ങിയവരാണ് കരാറില്‍ ഒപ്പുവച്ചത്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യ ഇന്നും കോമണ്‍വെല്‍ത്തില്‍ അംഗമാണ്. ഒപ്പുവച്ച 40 രാജ്യങ്ങള്‍ക്കും ആര്‍ട്ടിക്കില്‍ വാണിജ്യ അധികാരം നല്കുന്ന ഈ കരാറിന്റെ ബലത്തിലാണ് റഷ്യയും നോര്‍വെയും അവിടെ കല്‍ക്കരി കുഴിച്ചെടുക്കുന്നത്. ഇന്ത്യ ആര്‍ട്ടിക്കില്‍ ഒരു ഗവേഷണ കേന്ദ്രം തുറന്നു-ഹിമാദ്രി. അതിനപ്പുറം ഒന്നുമില്ല. ചൈനപോലും തലയിട്ട് മുതലുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്ത് വാണിജ്യതാല്പ്പര്യങ്ങളില്ലത്രെ ഇന്ത്യയ്ക്ക്. നമുക്ക് ഗവേഷണം മാത്രം മതിയത്രെ!!! എന്തായാലും അവിടെ പ്രകൃതി നശിക്കുകയാണ്. അത് മഹാദുരന്തത്തിന്റെ നാന്ദിയുമാണ്. പിന്നെ പൈതൃകാവകാശമുള്ള നാം മാത്രം എന്തിന് മാറി നില്‍ക്കണം? പ്രത്യേകിച്ചും നമ്മുടെ അയല്‍ക്കാരൊക്കെ അമൂല്യമായ ഊര്‍ജ്ജ സമ്പത്ത് കുത്തിക്കവര്ന്നുകൊണ്ടുപോകുമ്പോള്….?
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: