മുംബൈ: ഇന്നലെ അന്തരിച്ച അതുല്യനടന് രാജേഷ് ഖന്നയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജൂഹുവിലെ പവന് ഹാന്‍സ് ശ്മശാനത്തില്‍ ഉച്ചയോടെയാണ് രാജേഷ് ഖന്നയുടെ മൃതദേഹം സംസ്കരിച്ചത്. മരുമകന് അക്ഷയ്കുമാറും കൊച്ചുമകന് ആരവും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
കാര്‍ട്ടര്‍ റോഡിലെ ആശീര്‍വാദ് ബംഗ്ലാവില്‍ നിന്ന് പുഷ്പാലംകൃതമായ തുറന്ന വാഹനത്തില്‍ കണ്ണാടിപേടകത്തിലാണ് മൃതദേഹം വിലാപയാത്രയായി ശ്മശാനത്തിലെത്തിച്ചത്. ഭാര്യ ഡിംപിള്‍ കപാഡിയ, പുത്രിമാരായ ട്വിങ്കിള്‍, റിങ്കി, മരുമക്കളായ അക്ഷയ് ഖന്ന, സമീര്‍ ശരത് ട്വിങ്കിളിന്റെ മകന് ആരവ് എന്നിവര്‍ വിലാപയാത്രയില്‍ ശവമഞ്ചത്തിന് സമീപം നടന്ന് നീങ്ങി.
മൃതദേഹം വീട്ടില്‍ നിന്ന് പുറത്തെടുക്കുമ്പോഴും നിരവധി ആരാധകര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പുറത്ത് ക്യൂ നില്ക്കുന്നുണ്ടായിരുന്നു. ആയിരങ്ങളാണ് വിലാപയാത്രയെ അനുഗമിച്ചത്. ശ്മശാനത്തിന് പുറത്ത് ആളുകളെ നിയന്ത്രക്കാന്‍ പലപ്പോഴും പോലീസ് പാടുപെടുന്നുണ്ടായിരുന്നു.
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, റാണി മുഖര്‍ജി, മനോജ് കുമാര്‍, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. 69 കാരനായിരുന്ന രാജേഷ് ഖന്ന ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: