നമ്മള് മലയാളികള്‍ക്ക് പുരാണപാരായണം സുപരിചിതമാണല്ലോ. വിശേഷദിവസങ്ങളിലും കര്ക്കിടകമാസത്തിലുമെല്ലാം ക്ഷേത്രങ്ങളിലും വീടുകളിലും പുരാണപാരായണം യഥേഷ്ടം നടക്കാറുണ്ട്. പണ്ട് ആദ്ധ്യാത്മികാചാര്യന്മാരും വീട്ടിലെ കാരണവന്മാരുമൊക്കെയാണ് അത് ചെയ്തിരുന്നുവെങ്കില്‍ ഇന്ന് അത് ഏറെക്കുറെ ‘പ്രൊഫഷണല്‍സ്’ ഏറ്റെടുത്തുവെന്ന് മാത്രം. പദ്യരൂപത്തിലുള്ള ഭാഗവതവും തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണവുമൊന്നും ശുദ്ധിയോടെയോ, വരിയുടെ അര്‍ത്ഥമറിഞ്ഞ് ചൊല്ലാനോ കഴിവില്ലാത്തവര്വരെ ഇന്ന് പാരായണരംഗത്ത് സജീവമാണ്. എങ്കിലും ഈ രംഗത്തും ചില വേറിട്ടശബ്ദങ്ങള് ഉയര്‍ന്നുവരുന്നുണ്ട്.
പുരാണപാരയണരംഗത്ത് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാഗഭാവ വിസ്മയം തീര്‍ത്ത് ആസ്വാദകരെ ഭക്തിയില്‍ ആറാടിക്കുകയാണ് കടയ്ക്കല്‍ വിശ്വനാഥനെന്ന യുവപ്രതിഭ. മലയാള സാഹിത്യത്തിലും സംഗീതത്തിലും (വയലിന്) ബിരുദം കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ ഈ കലാകാരന് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന പുരാണപാരായണക്കാരനാണ്. ചെറുപ്പം മുതലേ ശാസ്ത്രീയസംഗീത-ഭക്തിഗാന രംഗത്ത് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചുപോന്ന വിശ്വനാഥന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മലയാള സാഹിത്യത്തില്‍ ബിരുദ പഠനം ആരംഭിച്ചതോടെയാണ്. പഠനകാലത്ത് മലയാള സാഹിത്യകൃതികള്ക്കപ്പുറം പുരാണങ്ങളും ഇതിഹാസങ്ങളുമായി ചങ്ങാത്തംകൂടാന്‍ കഴിഞ്ഞു. സംഗീതത്തോടും സാഹിത്യത്തോടും ഇഴുകിച്ചേര്‍ന്ന വിശ്വനാഥന്, പുരാണങ്ങള്‍ വെറും കഥകളല്ലെന്നും വേദാംശങ്ങളാണെന്നും മനസ്സിലാക്കി ഈ രംഗത്തേക്ക് തിരിയുകയായിരുന്നു.
ക്ഷേത്രോത്സവങ്ങളിലും വിശേഷദിവസങ്ങളിലും പുരാണപാരായണം വേണ്ടുവോളം നടക്കാറുണ്ടെങ്കിലും ജനം ഇതൊന്നും ശ്രദ്ധിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുന്നതില്‍ വിഷമംതോന്നിയാണ്, പാരായണത്തില്‍ സാഹിത്യത്തിന്റെ ചാരുത നഷ്ടപ്പെടാതെ കര്‍ണാടകസംഗീതത്തിലെ ചിലരാഗങ്ങള് പ്രയോഗിച്ചുകൊണ്ട് കേള്‍വിക്കാരെ ആകര്‍ഷിക്കാന്‍ വിശ്വനാഥന് ആദ്യമായി ശ്രമിച്ചത്. 18 പുരാണങ്ങളില്‍ പ്രസിദ്ധമായ ഭാഗവതവും തുഞ്ചത്തെഴുത്തച്ഛന്റെ രാമായണവുമാണ് മുഖ്യമായും ഇന്ന് വേദികളില്‍ പാരായണം ചെയ്യുന്നത്. കര്‍ണാടകസംഗീതം വായ്പാട്ടിലും വയലിനിലുമുള്ള പ്രാഗത്ഭ്യം ഇക്കാര്യത്തില്‍ തനിക്ക് തുണയായതായി ഇദ്ദേഹം പറയുന്നു. പാരായണത്തിന് ഏത് രാഗവും പ്രയോഗിക്കാം. ആരംഭത്തില്‍ നാട്ട, ഹംസധ്വനി തുടങ്ങിയ വീരരസപ്രദാനമായ രാഗങ്ങളില്‍ പാരായണം നടത്തിയാല്‍ കേള്‍വിക്കാര്‍ക്ക് ‘ഫസ്റ്റ് ഇംപ്രഷന്‍’ കൊടുക്കാന്‍ സാധിക്കുമത്രേ. സംഗീതത്തെ അളവറ്റ് സ്നേഹിക്കുന്നെങ്കിലും പാരായണത്തില്‍ സംഗീതത്തിന് ‘ഉപ്പി’ ന്റെ റോളേ ഉള്ളൂ എന്നാണ് വിശ്വനാഥന്റെ പക്ഷം. പാരായണത്തെ സംഗീതത്തില്‍ മുക്കി ചിലര്‍ ‘പാരായണക്കച്ചേരി’ നടത്തുന്നതില്‍ വിശ്വനാഥന് തന്റെ അതൃപ്തി മറച്ചുവയ്ക്കുന്നില്ല.
ഏതുരംഗത്തുമെന്നപോലെ ഇന്ന് പാരായണരംഗത്തെയും മൂല്യച്യുതിയും നിലവാരത്തകര്‍ച്ചയും വേട്ടയാടുന്നതായി വിശ്വനാഥന് പറയുന്നു. വേദാശയങ്ങള്‍ ചെറുതും വലുതുമായ കഥകളിലൂടെ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണല്ലോ വ്യാസമഹര്‍ഷി 18 പുരാണങ്ങള്‍ ചമച്ചത്. പാരായണം, സപ്താഹം തുടങ്ങിയ മഹത്കര്മങ്ങളിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പകരം ചില പാരായണക്കാരും അഭിനവ സപ്താഹ ആചാര്യന്മാരും ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്നപോലെ നാരീപൂജ, പാദപൂജ, പുടവപൂജ തുടങ്ങിയ തട്ടിപ്പുകളിലൂടെ ‘ദക്ഷിണ’യുടെ പേരില്‍ പണംതട്ടാന്‍ ശ്രമിക്കുന്നു. പോരാത്തതിന്, ചിലയിടങ്ങളില്‍ ഭാഗവതംകെട്ടി ഭാവിഫലം പറയുന്ന തട്ടിപ്പും നടക്കുന്നുണ്ട്. ഭാഗവതഹംസം മള്ളിയൂര്‍ നമ്പൂതിരി ജീവിച്ചിരുന്ന ഈ മണ്ണിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിശ്വനാഥന് തന്റെ ദുഃഖവും അമര്‍ഷവും മറച്ചുവയ്ക്കുന്നില്ല.
കേരളത്തിലങ്ങോളമിങ്ങോളം പാരായണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പാരായണത്തിന്റെ ‘തലസ്ഥാനം’ കൊല്ലം-പത്തനംതിട്ട ജില്ലകളാണെന്നാണ് വിശ്വനാഥന്റെ അഭിപ്രായം. വര്‍ഷം അറുപതോളം വേദികളില്‍ പാരായണം നടത്താറുള്ള വിശ്വനാഥന് വര്‍ഷങ്ങള്‍ കഴിയുന്തോറും അവസരങ്ങള്‍ കുറയുന്നതായി പരാതിപ്പെടുന്നു. മാത്രമല്ല, ഇത് പഠിക്കാന്‍ കുട്ടികള്‍ കടന്നുവരുന്നുമില്ല. താനേറെ ഇഷ്ടപ്പെടുന്ന കര്‍ണാടകസംഗീതത്തെ പോലും ഒരുപരിധിവരെ മാറ്റിനിറുത്തി വേദസത്ത സാധാരണജനങ്ങളിലേക്കെത്തിക്കാന് കഠിനപ്രയത്നം ചെയ്യുകയാണ് ഈ കലാകാരന്.
സുനില്‍കുമാര്‍ കാവടിത്തലയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: