കൊച്ചുമകള്‍ ഇന്നു നേരത്തെ സ്കൂള്‍ വിട്ടുവന്നിരിക്കുന്നു. ജീപ്പ്പില്‍ നിന്നിറങ്ങി തൊട്ടുമുന്‍പ് തന്റെ അടുത്ത കൂട്ടുകാരിയുമായി പങ്കിട്ട കുസൃതി അവശേഷിപ്പിച്ച ചിരി ചുണ്ടില്‍ ബാക്കി നിര്‍ത്തി, തുള്ളിച്ചാടിയാണു വരവ്. വൃത്തിയുള്ള യൂണിഫോം, അഴുക്കുപുരളാത്ത ഷൂസും സോക്സും, പിന്നില്‍ തൂക്കിയിട്ട ഭംഗിയുള്ള ബാഗ്, കയ്യില്‍ വെള്ളക്കുപ്പി. വന്നപാടെ ഷൂസുകളഴിച്ചു വച്ച്, വെള്ളക്കുപ്പിയും ബാഗും അലക്ഷ്യമായി കസാരയിലേക്കിട്ടു നേരെ അകത്തേക്കു പാഞ്ഞു.
അവളുടെ വരവും വേഷവും കുസൃതിയുമൊക്കെ നോക്കി നിന്നപ്പോള്‍, ആരോ തന്നെ ഭൂതകാലത്തേക്കു കൈപിടിച്ചുകൊണ്ടു പോകുന്നപോലെ അനുഭവപ്പെട്ടു.
അന്നൊക്കെ കൃത്യം സ്കൂള്‍തുറക്കുന്ന ദിവസം തന്നെ മഴയെത്തുമായിരുന്നു. ഇന്നത്തെ റോഡുകളൊക്കെ അന്ന് ഇടവഴികളോ വരമ്പുകളോ മാത്രമായിരുന്നു. ചെരിപ്പ്, ബാഗ്, ഞെക്കിയാല്‍ തനിയെ തുറക്കുന്ന കുട ഇവയൊന്നും അന്നുണ്ടായിരുന്നില്ല. വെള്ളം നിറഞ്ഞു നില്ക്കുന്ന വയല്‍ വരമ്പിലൂടെ, മലവെള്ളം ശക്തിയായി ഒലിച്ചുതള്ളി വരുന്ന ഇടവഴികളിലൂടെയൊക്കെയായിരുന്നു അന്നു ഞങ്ങള്‍ സ്കൂളിലേക്ക് നടന്നത്.
കൈയില്‍ ചണലുകൊണ്ടു കെട്ടിയപുസ്തകക്കെട്ട്. തലയില്‍ പനയോല കൊണ്ടുണ്ടാക്കിയ തൊപ്പിക്കുട. മഴയൊന്നു മാറി നില്ക്കുമ്പോള് തലയില്‍ നിന്നു പനയോലക്കുടയെടുത്തു മലര്‍ത്തി വെള്ളത്തില്‍ വയ്ക്കും. അതിനുമുകളില്‍ പുസ്തകക്കെട്ടും വയ്ക്കും. ഒഴുക്കുള്ള ഇടവഴിയിലെ വെളളത്തില്‍ ‘തൊപ്പിക്കുടത്തോണി’ മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങും. പിന്നാലെ കലപില വര്‍ത്തമാനം പറഞ്ഞും ഇടയ്ക്ക് പരസ്പരം അടികൂടിയും ഞങ്ങള്‍ നടന്നു നീങ്ങും. മഴ പെയ്യാന്‍ തുടങ്ങിയാല്‍ തോണിക്കുട വീണ്ടും തലയിലെത്തും. ഇന്നത്തെ റോഡിലേക്കു നോക്കിനില്ക്കുമ്പോള് നിരനിരയായി ഇടവഴിയിലെ വെളളത്തിലൂടെ ഒഴുകിവരുന്ന തോണിക്കുടകള്‍ഓര്‍മ്മയിലേക്ക് ഓടിയെത്തും.
സ്കൂള്‍ തുറക്കുന്നതിനു തൊട്ടുമുമ്പുള്ള വേനല്‍ മാങ്ങയുടെ കാലമാണ്. നാട്ടുമാങ്ങ എന്ന ചെറിയ മാങ്ങ മൂപ്പെത്തും മുമ്പെ, അച്ഛന് തേങ്ങ പറിക്കുന്ന ചന്തുഏട്ടനെക്കൊണ്ടു പറിച്ചു താഴെ എത്തിക്കും. അന്നുതന്നെ ഉപ്പിലിട്ടുവയ്ക്കും. അവശേഷിക്കുന്നവ പഴുത്തുവീഴുന്നതു രാവിലെ നേരത്തെ എത്തിയാലേ പെറുക്കാന്‍ കഴിയൂ. അമ്മയ്ക്ക് മാമ്പഴപ്പുളിശ്ശേരിയുണ്ടാക്കാനും അതുതന്നെ വേണം. വലിയ ഒരുതരം മാങ്ങയാണ് കോമാങ്ങ. വേനലില്‍ കാറ്റത്ത് കോമാങ്ങ വീണുകൊണ്ടേയിരിക്കും. പറമ്പു ഞങ്ങളുടെതാണെങ്കി ലും വീഴുന്ന മാങ്ങയ്ക്ക് അവകാശികളായി ചുറ്റുപാടുമുള്ള വീടുകളിലെ കുട്ടികളെല്ലാവരുമുണ്ടാകും. അവരുടെ കണ്ണു വെട്ടിച്ചു വേണം മാങ്ങ പെറുക്കാന്‍. ധാരാളമായി പറമ്പില്‍ ഉണ്ടാകുന്ന ചക്കയും മാങ്ങയുമാണു വേനല്‍ കാലത്തെ സമൃദ്ധമായ ഭക്ഷണം. അമ്മ, പച്ചച്ചക്ക പുഴുങ്ങിയതും പഴുപ്പിച്ച് ചുളയെടുത്തതും ഇഷ്ടം പോലെ തിന്നാനനുവദിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍പോലും വായില്‍ വെള്ളമൂറുന്ന തരം ചക്കതരുന്ന വരിക്ക പ്ലാവ് ഇന്നു ഞങ്ങളുടെ പറമ്പില്‍ ഇല്ല.
ചെറിയ ചെറിയ കുന്നുകളുള്ള ഗ്രാമമാണു ഞങ്ങളുടെത്. കുന്നുകള്‍ക്കിടയില്‍ നെല്‍വയലുകള്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പച്ചപ്പും വെള്ളവുമുള്ള പ്രദേശമാണു ഞങ്ങളുടെത്. ഗ്രാമത്തിന്റെ നടുവില്‍ വയലുകള്‍ക്കിടയിലൂടെ ചെറിയൊരു തോട് ഒഴുകുന്നുണ്ട്. വേനല്‍ക്കാല ത്തും തോട്ടില്‍ വെള്ളമുണ്ടാകും. നീന്തിക്കളിക്കാന്‍ ഭാഗ്യമുള്ളവരായിരുന്നു ഞങ്ങള്‍. മഴക്കാലത്ത് തോടുനിറഞ്ഞുകവിയും. വയലും തോടും വെള്ളം പൊങ്ങി വലിയൊരു തടാകം പോലെയാകും. അപ്പോഴൊക്കെ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കുളിയാണു ഞങ്ങളുടെത്. വിസ്തരിച്ചുള്ള ഓരോ കുളിക്കും പിന്നാലെ അച്ഛന്റെ ചുട്ട അടിയും അകമ്പടിയായി ഉണ്ടാകുമായിരുന്നു. ഇന്ന് വേനല്‍ക്കാലത്ത്, തടയണ കെട്ടി വേണം നീരുറവിനെ പിടിച്ചുനിര്‍ത്തി ഇത്തിരി വെള്ളം തോട്ടില്‍ നിലനിര്‍ത്താന്‍. മഴക്കാലത്ത് ഒന്നുരണ്ടു ദിവസം വെള്ളം തോട്ടില്‍ നിറഞ്ഞു നിന്നാലായി എന്നതാണവസ്ഥ.
മഴക്കാലത്ത് മിക്കവാറും മഴയത്തു കുളിച്ചാണു വീട്ടിലെത്തുക. സ്കൂളിലെ ഇടവേളകളില്‍ മഴയുണ്ടെങ്കില്‍ അതിലൊന്നു കുളിച്ചിരിക്കും. സ്കൂള്‍ വിട്ടു വരുമ്പോഴാണു രണ്ടാമത്തെ കുളി. മഴയില്‍ കുതിര്‍ന്നു, ചളിപറ്റിയ കുപ്പായവുമായാണു മിക്കടിവസവും വീട്ടിലെത്തുക. മിക്ക ദിവസവും അമ്മയുടെ വക അതിന് അടി ഉറപ്പ്, കൊച്ചുമകളുടെ വൃത്തിയുള്ള ഉലയാത്ത ‘യൂണിഫോം’ ഉടുപ്പുകണ്ട് മനസ്സില്‍ ചിരിയൂറി വന്നു.
അന്നൊക്കെ രാവിലെ വീട്ടില്‍ വച്ചു കഴിക്കുന്ന ഭക്ഷണം കഴിഞ്ഞാല്‍ പിന്നെയുള്ളത് ഉച്ചയ്ക്ക് സ്കൂളില്‍ നിന്നു കിട്ടുന്ന കഞ്ഞിയാണ്. പന്ത്രണ്ടു മണിയാകുമ്പോഴേക്കും വേവുന്ന കഞ്ഞിയുടെ മണം വന്നു തുടങ്ങും. നാലാമത്തെ പീരീഡില്‍ ശ്രദ്ധമുഴുവന്‍ കഞ്ഞിപ്പുരയിലെ, വെന്തുതിളച്ചു മറിയുന്ന കഞ്ഞിപ്പാത്രത്തിലായിരിക്കും. അന്നു കുടിച്ച ആ കഞ്ഞിയുടെ സ്വാദ് പിന്നീടു ജീവിതത്തില്‍ ഒരിക്കല്‍ പോലും കഴിക്കാന്‍ സാധിച്ചിട്ടില്ല. കുറച്ചുകാലം കഞ്ഞിക്കു പകരം കിട്ടിയത് അമേരിക്കന്‍ ഉപ്പുമാവ് ആയിരുന്നു. അതിന്റെ രുചിയും അപാരമാണ് അതിന്നും നാവിലുണ്ട്.രാവിലെ കൊച്ചുമകളെ, അവളുടെ അമ്മ സ്കൂളിലേക്കു പോകാന്‍ ഒരുക്കുമ്പോള്‍ വാട്ടര്‍ ബോട്ടില്‍ ടിഫിന്‍ ബോക്സില്‍ ചോറും കറികളും ഇടയ്ക്കു കഴിക്കാന്‍ സ്നാക്സ് എന്നിവ കൃത്യമായി സ്കൂള്‍ ബാഗില്‍ വയ്ക്കുന്നതു കണ്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു പോകാറുണ്ട് ഇന്നത്തെ കുട്ടികള്‍ എത്ര ഭാഗ്യം ചെയ്തവരാണ്!
സ്കൂളില്‍ നിന്നും വീട്ടിലേക്കു നടന്നു വരുന്ന വഴിയില്‍ പണ്ട് ഒരു ചക്കുപുര കാണാമായിരുന്നു. സ്കൂള്‍ വിട്ടുവരുമ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ ചക്കിനു ചുറ്റും ചുറ്റിപ്പറ്റി നില്ക്കും. ചക്ക് ആട്ടുന്ന ദാമോദരേട്ടന് കാര്യമറിയാം. ഞങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തേങ്ങാപ്പിണ്ണാക്ക് കൈനിറയെ വച്ചുതരും. ഉടമസ്ഥന് കാണാതെ തിന്നണം. പുത്തന്‍ തേങ്ങാപ്പിണ്ണാക്കിന്റെ രുചി ഇപ്പോഴും മനസ്സിലുണ്ട്. ഒരുദിവസം കിട്ടിയപാടെ വായിലേക്കിട്ടു.കുറച്ചധികമായിപ്പോയി. ചങ്കില് കെട്ടി, ശ്വാസം മുട്ടി, കണ്ണുതള്ളിപ്പോയി, കുമാരേട്ടന് തന്നെ വെള്ളം കൊണ്ടുവന്നു തന്നു. വീട്ടിലറിഞ്ഞാല്‍ അടി ഉറപ്പ്.
മഴക്കാലം തുടങ്ങുന്നതറിയിച്ചു കൊണ്ടു കടന്നുവരുന്ന പുതുമഴ ദിവസങ്ങളില്‍ പാടത്തു നിന്നുള്ള വെള്ളം ശക്തിയായി തൊടിയിലേക്കൊഴുകും. അതിലൂടെ പുഴമീനുകള്‍ (വരാല്, ചേര്‍മീന്‍, കടുങ്ങാലി, ചുള്ളി ഏട്ട, ഇരിമീന്‍ മുതലായവ) അതിവേഗത്തില്‍ പാടത്തേക്കു കുതിച്ചുവരും. വഴിയില്‍ തടസ്സം വന്നാല്‍ ചാടും. അങ്ങനെ മീന്‍ കയറിവരുന്ന ചാലില്‍ ‘പ്ലാറ്റ്ഫോം’ അതിലേക്കു ചാടിച്ചു പിടിക്കുന്ന വിദ്യയുണ്ട്. മഴ തുടങ്ങുന്ന രാത്രികളില്‍ അച്ഛന്റെ കൂടെ പെട്രോമാക്സും പാത്രങ്ങളും കുടകളുമായി ഞാനും കൂടുമായിരുന്നു. ഒറ്റ രാത്രികൊണ്ട് 200ലധികം വരാല് മീനിനെ പിടിച്ചത് ഞാനോര്‍ക്കുന്നു.
ഇന്നത്തെ ഗ്രാമീണ റോഡുകള്‍ അന്നത്തെ വരമ്പുകളും ഒറ്റയടിപ്പാതകളുമൊക്കെ ആയിരുന്നു. മഴവെള്ളം നിറഞ്ഞുകിടക്കുന്ന വയല്‍വരമ്പുകളില്‍ കയറിയിരുന്ന് “കര്‍ണ്ണ കഠോര മനോഹര” ശബ്ദം ഉണ്ടാക്കുന്ന ‘പേക്കന്‍’ തവളകള്‍ ഇന്നും എന്റെ കണ്മുന്നിലുണ്ട്. നാം അടുത്തെത്തുമ്പോള്‍ അവ കൂട്ടമായി വയലിലെ വെള്ളത്തിലേക്കെടുത്തൊരു ചാട്ടമാണ്- “പ്ലൂം”. അന്നൊക്കെ തടിയന് പേക്കാച്ചി തവളകളെ പിടിച്ചു ചാക്കിലാക്കി കൊണ്ടുപോകുന്നവരുണ്ടായിരുന്നു. അതുപോലെ വേനല്‍ക്കാലത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വെയിലു കാഞ്ഞുകിടക്കുന്ന ചേരകളെ പിടിക്കുന്നവരുമുണ്ടായിരുന്നു. തമിഴന്മാര് ചേരകളെ വാലില്‍ പിടിച്ചുതൂക്കി നിലത്തടിച്ചു കൊല്ലുന്നത് ഭീതിയോടെ നോക്കി നിന്നിട്ടുണ്ട്. ഇപ്പോഴിതു രണ്ടും പാടില്ലാത്തതാണ്. തവളകളെ അരഭാഗം വെട്ടിമാറ്റി കാലുകള്‍ അമേരിക്കയിലേക്കു കയറ്റി അയയ്ക്കുമത്രെ. അതുകൊണ്ട് അന്നു തവളകള്‍ക്ക് നാട്ടുകാരിട്ട പേര് “ഡോളര്‍” എന്നായിരുന്നു. ചേരയെപ്പിടിച്ചു തോലുരിച്ചു ചെരിപ്പും ബല്ട്ടും ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അതും നിരോധിച്ചു.
വയല്‍ വരമ്പിലൂടെ ആഘോഷമായി സ്കൂള്‍ വിട്ടു വരുമ്പോള്‍ പലപ്പോഴും വെള്ളത്തില്‍ വീഴുമായിരുന്നു. ഉടുപ്പും പുസ്തകങ്ങളും ചെളി വെള്ളത്തില്‍ കുതിരും. വീട്ടിലെത്തിയാല്‍ ആദ്യം അമ്മയുടെ വകയായിരിക്കും ശിക്ഷ. അതുകഴിഞ്ഞ് കയ്യോടെ അമ്മ അച്ഛന്റെ മുന്നില്‍ ഹാജരാക്കും. ഹൊ! പിന്നീടുള്ള ഭീകരരംഗങ്ങള്‍ ഓര്‍ക്കാനേ വയ്യ.
ചെറുമകള്‍ ‘ഫ്രഷ്’ ആയി, അവളുടെ അമ്മ കൊടുത്ത കാപ്പിയും പലഹാരവും കഴിച്ച് തുള്ളിച്ചാടി വന്നു, പിന്നില്‍ക്കൂടെ പുറത്തു കയറി കഴുത്തില്‍ കയ്യിട്ടു. അപ്പോഴാണു ചിന്തകളില്‍ നിന്നുണര്‍ന്നത്. വീട്ടിലെത്തുന്ന ആരായാലും അവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ശീലം അമ്മയ്ക്കുണ്ടായിരുന്നു. അടുത്ത വീട്ടിലെ അമ്മമാരെല്ലാം ദിവസം ഒരു നേരമെങ്കിലും വീട്ടില്‍ ഒത്തുകൂടുമായിരുന്നു. നാട്ടിലെ പ്രധാന സംഭവങ്ങള്‍ വാര്‍ത്തകളാവുന്നത് അവിടെ വച്ചാണ്. എല്ലാവര്ക്കും ‘മോരുവെ ള്ളം’ കൊടുക്കും. അമ്മ മരിക്കുന്നതുവരെ വീട്ടില്‍ പശുവിനെ പോറ്റുമായിരുന്നു. പാലും തൈരും വെണ്ണ യും മോരും സമൃദ്ധം. പാലു വില്‍ക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. എന്നാലും അച്ഛനറിയാതെ, ചില്ലറ ചെലവുകള്‍ക്കായി മോരു കുപ്പിയിലാക്കി കടയില്‍ കൊടുക്കുമായിരുന്നു. അതിന്റെ കമ്മീഷന് എനിക്കും ജ്യേഷ്ഠനും കിട്ടുമായിരുന്നു. സന്ധ്യക്ക് വിളക്കുവച്ചാല്‍ നാമം ജപിക്കണമെന്നത് നിര്‍ബന്ധം. അമ്മയുടെ കൂടെ ഇരുന്ന് ജപിച്ചില്ലെങ്കില്‍ ഭക്ഷണം തരില്ല. അന്നൊക്കെ നാമജപം അമ്മയ്ക്കു വേണ്ടിയായിരുന്നു. എന്നാല്‍ പിന്നീട് ആ ശീലം ജീവിതസാഗരത്തില്‍ മുങ്ങിത്താഴുമ്പോള്‍ വയ്ക്കോല് തുരുമ്പായി മാറി.
സ്കൂള്‍ വിട്ടുവരുമ്പോള്‍ വരമ്പില്‍ നിന്നും പറമ്പിലേക്കു കയറുന്നിടത്തു ചിലപ്പോള്‍ അമ്മ കാത്തുനില്ക്കും. ഓടിവന്ന് അമ്മയുടെ നീട്ടിയ കൈപിടിക്കും. അമ്മയുടെ കൈയും പിടിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ തോന്നിയ സുരക്ഷിതത്വവും ആശ്വാസവും. ഓര്‍ക്കുമ്പോള്‍ കണ്ണുനിറയുന്നു. നമ്പ്യാരുമാഷില്‍ നിന്നും അന്നു കിട്ടിയ അടിയുടെ കാര്യം പറഞ്ഞാല്‍ അമ്മയുടെ മറുപടി ഇതായിരുന്നു: “നിനക്കതു കിട്ടിയാല്‍ പോരാ. വെറുതെ ആ മാഷ് അടിക്കില്ല.”
സി. ശ്രീധരന്, അത്തോളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: