കഴിഞ്ഞ ദിവസങ്ങളില്‍ പഴയ ചില സ്വയംസേവകരുടെ ചരമവാര്‍ത്തകള്‍ അറിയാനിടയായി. മഞ്ചേരിക്കടുത്ത് വണ്ടൂരിലെ ഗോപി, പാലക്കാട്ട് വി.ലക്ഷ്മണന് എന്നിവരെ പ്രത്യേകം ഓര്‍മിക്കുന്നു. ദശകങ്ങള്‍ നീണ്ട അടുപ്പമായിരുന്നു അവരുമായി പുലര്‍ത്തിയിരുന്നത്. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ വിപത്തുകളെപ്പറ്റി ഏറനാട് താലൂക്കിലെ ഹൈന്ദവസമൂഹത്തെ ജാഗ്രതരാക്കാനായി മഞ്ചേരി, വണ്ടൂര്‍ മുതലായ സ്ഥലങ്ങളില്‍ നടത്തിയ ചെറു ചെറു യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഗോപി. പിന്നീട് സംഘത്തിന്റെ ചുമതലകള്‍ ഒന്നൊന്നായി നിര്‍വഹിച്ച് താലൂക്ക് സംഘചാലക സ്ഥാനവും വഹിച്ചിരുന്നു. ജന്മഭൂമിയുടെ ചുമതലകളുമായി ഞാന്‍ എറണാകുളത്ത് കുരുങ്ങിപ്പോയ ശേഷം സംഘത്തിന്റെ ബൈഠക്കുകളില്‍ മാത്രമേ അദ്ദേഹത്തെ കാണാറുണ്ടായിരുന്നുളളൂ.
പാലക്കാട്ടെ വസ്ത്രവ്യാപാരിയായിരുന്ന വി.ലക്ഷ്മണേട്ടന്, അവിടത്തെ ആദ്യകാല സ്വയംസേവകരില്‍ പെടുന്നു. പണ്ടൊക്കെ പാലക്കാട്ട് പോകുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ തുണിക്കടയില്‍ കയറി കുറേനേരം കുശലം പറഞ്ഞു പോകുന്നത് പതിവായിരുന്നു. ജനസംഘത്തിന്റെ അനൗപചാരിക ബൈഠക്കുകള്‍ പലതും അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ നടത്തുമായിരുന്നു. പരമേശ്വര്‍ജിക്കും മറ്റു നേതാക്കള്‍ക്കും അദ്ദേഹം ആതിഥേയനുമായിരുന്നു. ജന്മഭൂമിയുടെ മൂലധനം സ്വരൂപിക്കുന്ന അവസരത്തില്‍ ഉദാരമായി സഹകരിച്ച ആളായിരുന്നു ലക്ഷ്മണേട്ടന്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതലകള്‍ ഇല്ലാതെയായപ്പോള്‍ പാലക്കാട് യാത്രകളും മറ്റും വിരളമായതിനാല്‍ അദ്ദേഹത്തേയും കാണാറില്ലായിരുന്നു. അതിനിടെ തൃപ്പൂണിത്തുറയിലെ എസ്.എന്‍.ആയുര്‍വേദ ചികിത്സാലയത്തില്‍ അദ്ദേഹം ചികിത്സക്കായി കിടന്നപ്പോള്‍ കാണാന്‍ പോയി. കുറേ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു.
അതിനുശേഷം കാണാന്‍ അവസരമുണ്ടായില്ലെന്ന് പറയാം. ഹിന്ദുത്വരാഷ്ട്രീയത്തെപ്പറ്റി പുസ്തകം തയ്യാറാക്കാനുള്ള യാത്രയുടെ ഭാഗമായി പാലക്കാട്ടുപോയ അവസരത്തില്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം എന്തോ ധാരണപ്പിശകുമൂലം സംഘപരിവാര്‍ പ്രവര്‍ത്തകരുമായി സഹകരിക്കാതിരിക്കുകയായിരുന്നുവെന്നു മനസ്സിലായി. പിന്നീട് ധാരണകള്‍ ശരിയായി എന്നും അറിഞ്ഞു. പാലക്കാട്ടെ സംഘപരിവാര്‍ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഉള്‍പ്പെട്ടിരുന്ന ലക്ഷ്മണേട്ടനെ ഒരിക്കലും മറക്കാനാവില്ല. ചരമവാര്‍ത്ത മുന്‍ ക്ഷേത്രീയ പ്രചാരകന് സേതുവേട്ടന് വിളിച്ചു പറഞ്ഞത് രാത്രി വൈകിയായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര അടുപ്പം അദ്ദേഹവുമായുണ്ടായിരുന്നു.
ഇവര്‍ രണ്ടുപേരെക്കാളും കൂടുതല്‍ അടുത്തു പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഗുരുവായൂരിലെ രാധാ ബാലകൃഷ്ണന്. 40-45 വര്‍ഷക്കാലം ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനരംഗത്ത് അവര്‍ വളരെ സജീവമായിരുന്നു. ഗുരുവായൂരിലെത്തിയ വിവരം ആദ്യം അറിയിച്ചിരുന്നത് അവരുടെ ഭര്‍ത്താവ് എ.ബാലകൃഷ്ണന് നായര്‍ എന്ന ഫോട്ടോ ബാലേട്ടന്റെ കടയിലായിരുന്നു. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ദര്ശനത്തിനെത്തിക്കൊണ്ടിരുന്ന പരിവാര്‍ പ്രവര്‍ത്തകര്‍ അവിടെ അന്വേഷിച്ച് വിവരങ്ങള്‍ ഗ്രഹിച്ചിരുന്നു. ഈ ലേഖകന്റെ പ്രചാരക ജീവിതം തുടങ്ങിയത് ഗുരുവായൂരിലായിരുന്നു. 1957 ആദ്യം. അന്ന് പടിഞ്ഞാറെ നടയിലെ രാമസ്വാമിയും കേശുവും ബാലേട്ടനും കൃഷ്ണന് നായരും അയ്യപ്പനും കിഴക്കേ നടയിലെ കൃഷ്ണയ്യരുമൊക്കെയായിരുന്നു അറിയപ്പെട്ടിരുന്ന സംഘപ്രവര്‍ത്തകര്‍. ചാവക്കാട്ട് രജിസ്റ്ററാഫീസില്‍ ജോലിയുള്ള ബാലകൃഷ്ണനുമുണ്ടായിരുന്നു. അക്കാലത്താണ് ഫോട്ടോ ബാലേട്ടന്റെ വിവാഹം നടന്നത്. കുട്ടിത്തം വിട്ടുമാറാത്ത രാധാബാലകൃഷ്ണനെ അന്നാണ് പരിചയപ്പെട്ടത്.
പത്തുവര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തെത്തുടര്‍ന്ന് മഹിളാ വിഭാഗം സംഘടിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ ഗുരുവായൂര്‍ ഭാഗത്തെ ചുമതല സ്വാഭാവികമായും രാധാബാലകൃഷ്ണനില് വന്നുചേര്‍ന്നു. ഗുരുവായൂരില്‍ത്തന്നെ മമ്മിയൂരിലെ ദേവകിയമ്മയും ചുവര് ചിത്രകാരന് രാമന് നമ്പൂതിരിയുടെ പത്നി(പേര് മറന്നു)യും കേശുവിന്റെ ഭാര്യ വിജയലക്ഷ്മിയും മറ്റനേകം പേരും മഹിളാ പ്രവര്‍ത്തനത്തിന് മുന്നിട്ടുനിന്നു. അക്കാലത്ത് ടി.പി.വിനോദിനിയമ്മയും എം.ദേവകിയമ്മയുമായിരുന്നല്ലൊ മഹിളാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥനത്തെങ്ങും വളരെ സജീവമായി മഹിളാ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നു. കോഴിക്കോട്ട് അഹല്യാ ശങ്കര്‍, എന്‍.പി.ലക്ഷ്മി, ഭാഗീരഥി ഗുര്‍ജര്‍ തുടങ്ങിയവരും എറണാകുളത്ത് ലക്ഷ്മിക്കുട്ടിയമ്മ, ആലുവയില്‍ സീതാലക്ഷ്മിയമ്മ, ആനന്ദവല്ലിയമ്മ, കോട്ടയത്ത് ഭാരതിയമ്മ, കോത്തല ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങി അക്കാലത്തെ ജനസംഘത്തിന്റെ മഹിളാവിഭാഗത്തിന്റെ നേതൃത്വം മറ്റുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അസൂയയ്ക്ക് പാത്രമായിരുന്നു. തളിക്കുളത്തെ ഡോ.വിമല പിന്നീട് ഗുരുവായൂരില്‍ സ്ഥിരം താമസമായി.
തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ ഗുരുവായൂര്‍ എല്ലാവര്ക്കും വന്നെത്താന്‍ സൗകര്യമുള്ള സ്ഥലമായി. അങ്ങനെ വന്നവര്‍ക്ക് രാധാബാലകൃഷ്ണന് വലിയ സഹായമായി. പലപ്പോഴും ഇങ്ങനെ വന്നവര്‍ക്ക് അവര്‍ ആതിഥേയയുമായി. ബാല്യപ്രായത്തിലുള്ള കുട്ടികളുണ്ടായിരുന്നെങ്കിലും ഗര്‍ഭിണിയായിരുന്നപ്പോഴും അവര്‍ പ്രവര്‍ത്തനത്തിന്റെ മുന്‍പന്തിയിലായിരുന്നു. ഏറ്റവും ഇളയ കുട്ടി നിവേദിത കൈക്കുഞ്ഞായിരുന്നപ്പോള്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി ജയില്‍വാസമനുഭവിക്കാന്‍ അര്‍ക്ക് മടിയുണ്ടായില്ല.
ഗുരുവായൂര്‍ ദേവസ്വം നടത്തിപ്പില്‍ ഉണ്ടായിരുന്ന അഴിമതികള്‍ക്കും അരുതായ്മകള്‍ക്കും എതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ രാധാബാലകൃഷ്ണന് ഒരിക്കലും വിട്ടുവീഴ്ച കാട്ടിയില്ല. ഗുരുവായൂര്‍ ക്ഷേത്രവിമോചന സമരം നടന്നപ്പോള്‍ അതിന്റെ നേതൃനിരയില്‍ത്തന്നെ അവര്‍ നിന്നു. ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തയാള്‍ കോട്ടയത്തെ ഒരു മാര്‍ഗവാസി ക്രിസ്ത്യാനിയാണെന്ന വസ്തുത പുറത്തുകൊണ്ടുവന്നത് കുമ്മനം രാജശേഖരനായിരുന്നു. അതിനെതിരെ ക്ഷേത്രനഗരത്തില്‍ ശക്തമായ പ്രക്ഷോഭമുണ്ടായി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും നാമനിര്‍ദ്ദേശം പിന്‍വലിക്കേണ്ടിവന്നു. ക്ഷേത്രഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തുന്നതില്‍ നടന്നിരുന്ന അപാകതകള്‍ അവസാനിപ്പിക്കുന്നതിലും സമരം വിജയിച്ചു. ഭണ്ഡാരം എണ്ണുന്നതിന്റെ നിരീക്ഷകരില്‍ ഹൈന്ദവപ്രസ്ഥാനങ്ങളുടെ പ്രതിനിധിമാരില് രാധാബാലകൃഷ്ണനും ഉണ്ടായിരുന്നു.
1983 ല്‍ നടന്ന നിലയ്ക്കല്‍ പ്രക്ഷോഭക്കാലത്ത് പതിവുപോലെ മിഥുനം ഒന്നിന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ സന്ന്യാസിമാരടക്കമുള്ള പ്രക്ഷോഭകര്‍ക്കെതിരെ നിലയ്ക്കലില്‍ നടന്ന രക്തരൂക്ഷിതമായ പോലീസ് നായാട്ടിനെ പ്രതിഷേധിച്ച് വിനോദിനിയമ്മയുടേയും രാധാബാലകൃഷ്ണന്റേയും നേതൃത്വത്തില്‍ കാര്‍ തടയുകയും പോലീസ് നടപടിയില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടിയിലും പിന്നീട് ബിജെപിയിലും അവര്‍ ഉന്നതമായ ഉത്തരവാദിത്തങ്ങള്‍ വഹിച്ചുവന്നു. മഹിളാമോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായി എന്നാണോര്‍മ. ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ബ്രാഹ്മണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്നതില് മാറ്റം വരുത്തി എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശം ലഭിക്കുവാനായി കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും തുടങ്ങിയ പദയാത്രയെ സര്‍വാത്മനാ സഹായിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രാധികാരികളുടെ നിഷേധാത്മക മനോഭാവത്തെ മാറ്റിയെടുക്കാന്‍ മാധവജിയുടെ മുന്‍കൈയില്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. കല്ലറ സുകുമാരനേയും പദയാത്രകരേയും സ്വീകരിച്ച് ഊട്ടുപുരയില്‍ അന്നദാനത്തിനിരിക്കുമ്പോള് ഒപ്പമിരിക്കാനായി നാനാജാതിക്കാരായവരെ തയ്യാറാക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് വഴിവെച്ച സംഭവം അതായിരുന്നു.
ക്ഷേത്രനഗരത്തിലെ പൊതുജീവിതത്തിന്റെ മറക്കാനാവാത്ത സാന്നിധ്യമായിരുന്നു രാധാബാലകൃഷ്ണന്. ശരിക്കും സമരനായികാസ്ഥാനം അവര്‍ക്കുണ്ടായിരുന്നു. മൂത്തമകന് ഉണ്ണികൃഷ്ണനും മകള്‍ നിവേദിതയുടെ ഭര്‍ത്താവ് അരവിന്ദനും അപകടങ്ങളില്‍ അന്തരിച്ചത് അവരുടെ കുടുംബത്തില്‍ താങ്ങാനാവാത്ത ദുഃഖം നല്കി. പൊതുരംഗത്തുനിന്നും അവര്‍ വിട്ടുനില്‍ക്കാന്‍ അതുകാരണമായി.
ശാരീരികമായി പ്രയാസങ്ങള്‍ മൂലം ഈ ലേഖകന്‍ ഗുരുവായൂര്‍ യാത്ര വിരളമായിത്തീര്ന്നതിനാല് അവിടെയെത്താനായില്ല. എന്നാലും വ്യക്തിപരമായ ഒരാവശ്യം രാധയും ബാലേട്ടനും നിറവേറ്റിത്തരാന്‍ ഒരുങ്ങിയതും അതില്‍ വിഘ്നമുണ്ടായതും ഈയവസരത്തില്‍ ഓര്‍ക്കുന്നു. എന്റെ അനുജത്തിയുടെ വിവാഹം കോഴിക്കോട്ടാണ് നടന്നത്. അതിന് തൊടുപുഴയില്‍നിന്ന് ഒരു വാഹനത്തില്‍ എല്ലാവരും പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. അവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും രാത്രി ഭക്ഷണവും ഏര്‍പ്പെടുത്താന്‍ ബാലേട്ടനെയാണ് ഭാരമേല്പ്പിച്ചത്. അവര്‍ ഒരു ഹോട്ടലില്‍ അതിന് സൗകര്യം ചെയ്തു. പക്ഷെ അവിചാരിതമായി വിവാഹപ്പാര്‍ട്ടിയുടെ ബസ് വൈകിയതിനാല്‍ ഗുരുവായൂര്‍ എത്തിയത് അര്‍ദ്ധരാത്രി കഴിഞ്ഞായിരുന്നു. ആര്‍ക്കും ബാലേട്ടന്റെ ആതിഥേയത്വം സ്വീകരിക്കാനായില്ല. വിവാഹശേഷം ഞാന്‍ ഗുരുവായൂരില്‍ പോയി അവരോട് ക്ഷമ ചോദിക്കുകയും ഹോട്ടല്‍ ബില്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അത് സ്വീകരിക്കാന്‍ ആ ദമ്പതിമാര്‍ തയ്യാറായില്ല. ഹോട്ടലുകാര്‍ക്ക് അവിചാരിതമായി ആ ഭക്ഷണം കൊടുക്കാന്‍ ഒരു പാര്‍ട്ടിയെ കിട്ടിയിരുന്നുവത്രെ.
ജന്മഭൂമിയുടെ തുടക്കക്കാലത്ത് സാമ്പത്തികമായി വളരെ വിഷമിച്ച സമയത്ത് സഹായിച്ചവരില്‍ പ്രമുഖ സ്ഥാനം ആ ദമ്പതിമാര്‍ക്കുണ്ട്. ആ സഹായങ്ങളില്‍ പലതും തീരാക്കടങ്ങളായി തുടരുകയാണുതാനും.
എല്ലാ അര്‍ത്ഥത്തിലും ധീരസമരനായികയായിരുന്നു രാധാബാലകൃഷ്ണന്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: