ഇടതൂര്‍ന്ന് നില്ക്കുന്ന വന്കാടിന് സമീപത്തെ നിലമ്പൂരില്‍ അഭിനയസിദ്ധിയുള്ള കലാകാരന്മാരും തഴച്ചുവളരുന്നുണ്ടായിരുന്നു. ഗ്രാമീണ സദസ്സില്‍നിന്നും കലാരംഗത്തേക്ക് വന്ന നിലമ്പൂര്‍ മണി സംസ്ഥാന സര്‍ക്കാരിന്റെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. അതിലൊട്ടും അത്ഭുതപ്പെടാനില്ല. കാരണം അവിടെ വീശിയടിക്കുന്ന തണുത്ത കാറ്റേല്ക്കുന്നവര് കലയുടെ നൂറ് മേനി വിളവ് കൊയ്യുക തന്നെ ചെയ്യും.
നാട്ടിന്‍പുറത്തെ വിശേഷാവസരങ്ങളില്‍ ഒരു കാലത്ത് നാടകം അവിഭാജ്യഘടകമായിരുന്നു. അവിടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന സന്ദേശം ഉള്‍ക്കൊണ്ട് വളരുന്ന ജനത. ഇവരില്‍ ഒരാളായി മണിയും. നിലമ്പൂര്‍ ബാലന്, ആയിഷ ഇങ്ങനെ നാടിന്റെ പേരുള്ളവര്‍ പങ്കെടുക്കുന്ന നോട്ടീസ് വായിച്ച് ബാല്യത്തില്‍ തന്നെ താനും ഇതുപോലെയായിത്തീരാന് അദ്ദേഹം മനസാ മോഹിച്ചു.
സ്കൂള്‍ തലത്തില്‍ അത്യാവശ്യം പാട്ടുപാടിയിരുന്നതൊഴിച്ചാല് അഭിനയ മോഹമൊന്നും തൊട്ടുതീണ്ടിയിട്ടില്ല. ഒരിക്കല്‍ അമച്വര്‍ നാടകസംഘത്തില്‍ എത്തിപ്പെടുകയായിരുന്നു. ഒരരങ്ങില്‍ കാണികളുടെ നിരയില്‍ ഒട്ടേറെ പ്രശസ്തരുണ്ടായിരുന്നു. നാടകം തീര്‍ന്നപ്പോള്‍ കെ.ടി.മുഹമ്മദ് അഭിനന്ദിച്ചു.
“തിക്കൊടിയന്റെ മഹാഭാരതം നാടകം അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. താന്‍ സംബന്ധിക്കുകയാണെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ വേഷമുണ്ട്, തരാം.”
ഈ ക്ഷണം കിട്ടിയതുമുതല്‍ പ്രൊഫഷണല്‍ താരമായി വളരാന്‍ തുടങ്ങി. ആദ്യ അരങ്ങ് ഒരു മത്സരവേദിയിലായിരുന്നു. അവാര്‍ഡ് ഒട്ടേറെ അന്ന് ആ ട്രൂപ്പ് നേടി. അവിടെനിന്നും കൈവന്ന ആത്മവിശ്വാസത്തില്‍ നിലമ്പൂര്‍ മണിയും ഒഴുക്കിനൊപ്പം തുഴയാന്‍ കൂടി. അത് നീണ്ടയാത്ര തന്നെയായിരുന്നു. കേരളത്തിലെ 27 നാടകസമിതിയില്‍ പങ്കുകൊണ്ടു. ഇന്നും അതേ പാതയില്‍ തുടരുകയാണ്. മുഖ്യ പുരസ്ക്കാരം നേടാനായത് പിന്നിട്ട വര്‍ഷം മാത്രമാണെന്നു മാത്രം. മികച്ച കഥാപാത്രവുമായി മുന്നേറിയ സമയത്തൊന്നും ലഭിക്കാത്ത പുരസ്ക്കാരത്തെപ്പറ്റി പരാതിയൊന്നും മണിക്കില്ല. എല്ലാത്തിനും ഒരു സമയമുണ്ട്.
കണ്ണാ എന്നു നീട്ടിവിളിച്ചാല്‍ ശ്രീലകത്തെ ഭഗവാന് കേള്‍ക്കാവുന്നത്ര സമീപത്ത്. പൂന്താനവേഷത്തില് ചെന്നു വിളിക്കുകയായിരുന്നു. ഗുരുവായൂരപ്പന് അത് നന്നായി ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തം. കണ്ണീരണിഞ്ഞ് മനം നൊന്ത് വിളിച്ചതിന്റെ പുണ്യവുമായി സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. ഗുരുവായൂരപ്പനാണത് വാങ്ങിത്തന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു നിലമ്പൂര്‍ മണി. ഗുരൂവായൂര്‍ കിഴക്കേനടയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ക്ഷേത്രകലകളേ അരങ്ങേറാറുള്ളൂ. അത് തെറ്റിച്ച് ‘ഭക്തകവി പൂന്താനം’ നാടകം അരങ്ങേറിയപ്പോള്‍ ഭഗവാനുമായി നേരില്‍ സംവിദിച്ചതിന്റെ ധന്യതയിലാണ് മണി.
ഭക്തിയുടെ നിറനിലാവില്‍ നാടകത്തിന് മണിമുഴങ്ങിയപ്പോള്‍ തന്നെ ഒരു പ്രത്യേക ലോകത്തെത്തിയ അനുഭവമായിരുന്നെന്ന് നിലമ്പൂര്‍ മണി. അഭിനയിക്കുകയായിരുന്നില്ല, ലയിച്ചു ചേരുകയായിരുന്നു. പൂന്താനം എന്ന വേഷം തനിക്ക് വേണ്ടി മാത്രം തീര്‍ത്തതാണ്. ഓരോ അരങ്ങില്‍നിന്നും ഇറങ്ങുമ്പോഴും ഈ വിശ്വാസം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം അക്ഷരകല ഈ നാടകം തെരഞ്ഞെടുത്തപ്പോള്‍ പൂന്താനത്തെ മണിക്ക് എന്നു നിശ്ചയിച്ചിരുന്നു. ഹൃദയശസ്ത്രക്രിയക്കുശേഷം രണ്ട് വര്‍ഷം പുറത്തെങ്ങും പോകാതെ വിശ്രമജീവിതമായിരുന്നു അക്കാലത്ത്. ഈ കഥാപാത്രം തന്നെ തേടി വന്നപ്പോള്‍ കുടുംബക്കാരും സുഹൃത്തുക്കളും നിര്ബന്ധിച്ചുവിടുകയായിരുന്നു. മനസ്സിനിണങ്ങിയ ഈ വേഷത്തെ ശരിക്കും ഉള്‍ക്കൊണ്ടു. ആദ്യ അരങ്ങില്‍ തന്നെ നല്ല പ്രതികരണമായിരുന്നു. അണിയറയില്‍ വന്ന് അനുമോദിച്ചവര്‍ നിരവധി. കാല്ക്കല് വീണ് നമസ്ക്കരിച്ചവരുമുണ്ട്. കുട്ടികളേയും കൊണ്ട് അമ്മമാര്‍ വന്ന് അനുഗ്രഹം തേടിയിരുന്നു. ഇത് ഇത്രയും കാലത്തെ ജീവിതത്തില്‍ നേടാനാവാത്ത ഒന്നാണ് എന്ന് മണി.
പൂന്താനം എന്ന ഇല്ലത്തേക്ക് പലകുറി ഒരുങ്ങിപ്പോയെങ്കിലും എത്തിച്ചേര്‍ന്നപ്പോള്‍ പ്രത്യേകാനുഭവം തന്നെയായിരുന്നു. അദ്ദേഹം ഉപയോഗിച്ചു എന്ന് വിശ്വസിക്കുന്ന വസ്തുവകകളും സ്വര്‍ഗാരോഹണം ചെയ്ത സ്ഥലവും കണ്ടുവണങ്ങി. അതിന്റെ ഏഴാംനാളിലായിരുന്നു സ്റ്റേറ്റ് സര്‍ക്കാരിന്റെ മത്സരത്തില്‍ പങ്കെടുത്തത്. അത് ഒന്നൂടെ ഊര്‍ജം പകരാനിടയാക്കി.
വിശ്വവിഖ്യാതനായ തകഴിയുടെ വസതിയിലും പൂന്താനം നാടകത്തിന് വേദിയുണ്ടാക്കി. ‘കാത്ത’ ചേച്ചിക്കു കാണാന്‍. പൂന്താനം ഇടക്കൊക്കെ വരണം എന്ന് പറഞ്ഞാണവര് യാത്രയാക്കിയത്. താമസിയാതെ കാത്ത യാത്രയുമായി. അവതരിപ്പിക്കും മുമ്പേ കൊടുങ്കാറ്റും പേമാരിയുമെല്ലാമുണ്ടായി. അതെല്ലാം ശമിച്ച് ഏറെ വൈകി അവതരിപ്പിച്ച നാടകം അവര്‍ മുഴുവന്‍ കണ്ടിരുന്നു. പൂന്താനത്തിന്റെ ഈരടികള്‍ ചൊല്ലാത്ത ദിവസം കാത്തക്കുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളെ ചൊല്ലിപ്പഠിപ്പിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നത്രേ.
1953 ല്‍ പിറന്ന മണി പ്രൊഫഷണല്‍ നാടകരംഗത്ത് 70 മുതലുണ്ട്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശത്തേയുമായി 27ല്‍പ്പരം സമിതികളില്‍ ഭാഗഭാക്കായി. 50 ല്‍പ്പരം നാടകത്തില്‍ 70 ല്‍ ഏറെ കഥാപാത്രത്തെ തീര്‍ത്തിട്ടുണ്ട്. ശ്രീമൂലനഗരത്ത് നിന്നാണ് ആദ്യ അവാര്‍ഡ്. കെ.ടി.മുഹമ്മദ്, എംടി, എന്‍.എന്‍.പിള്ള, ഇബ്രാഹിം വേങ്ങര, ശ്രീമൂലനഗരം വിജയന് തുടങ്ങിയ പ്രശസ്തര്‍ക്കൊപ്പം സഹകരിക്കാനായത് തന്നിലെ നടനെ മികവുറ്റതാക്കിയെന്ന് മണി അവകാശപ്പെടുന്നു. പിള്ളസാറിനൊപ്പം വിദേശത്തും നാടകം കളിച്ചു.
പാലാ കമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച അയല്‍ക്കൂട്ടം 414 വേദികളില്‍ അവതരിപ്പിച്ച് റെക്കോര്‍ഡിട്ടു. മുകുന്ദന് എഴുത്തച്ഛനെയായിരുന്നു അവതരിപ്പിച്ചത്. ഏഴുമാസത്തിനുശേഷമാണ് അന്ന് വീട്ടില്‍ ചെന്നത്. ഇതുവരെയും ഇല്ലാത്ത അനുഭവമായിരുന്നു അത്. പൂന്താനത്തിനാണ് ഹോംവര്‍ക്ക് ഏറെ ചെയ്തത്. പക്ഷെ ഈശ്വരന്റെ മേല്‍വിലാസത്തിലെ ശ്രീധരപ്പൊതുവാളാണ് മനസ്സിനെ മഥിച്ച കഥാപാത്രം. 90 ല്‍ കോഴിക്കോട് ചിരന്തനയുടെ രാജസഭയില്‍ ഉബൈദ് മാഷ്, ഉദയവര്‍മ തമ്പുരാന് എന്നീ രണ്ടു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അവാര്‍ഡ് അന്ന് മുന്നിലൂടെ കടന്ന് പോവുകയായിരുന്നു. മുകേഷിന്റെ പിതാവായിരുന്നു അന്ന് ജ്യോൂറി ചെയര്മാന്. പിന്നീട് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. മണി ഇത്ര ചെറുപ്പമാണല്ലേ “എന്റെ ധാരണ അതല്ലായിരുന്നു. നല്ല വേഷമായിരുന്നു.” ഈ വര്‍ഷം മുകേഷില്നിന്നുതന്നെ സര്‍ക്കാര്‍ പുരസ്ക്കാരം നേടാനും കഴിഞ്ഞു.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: