കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന് മാസ്റ്ററെ കൊല്ലപ്പെടുത്തിയ കേസില്‍ പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് ചന്ദ്രശേഖരന് വധക്കേസിലെ പ്രതി ടി.കെ രജീഷിന്റെ മൊഴി. പാര്‍ട്ടി നല്കിയ പട്ടിക പ്രകാരമാണ് പോലീസ് പ്രതികളെ പിടികൂടിയതെന്നും രജീഷ് ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് മൊഴി നല്കി.
കോടതി ശിക്ഷിച്ച അഞ്ച് പ്രതികളില്‍ ഒന്നാം പ്രതിയായ അച്ചാരുപറമ്പില്‍ പ്രദീപന് മാത്രമാണ് തന്നോടൊപ്പം കൃത്യത്തില്‍ പങ്കെടുത്തതെന്നും രജീഷ് വെളിപ്പെടുത്തി. ഒരു പ്രമുഖ നേതാവിന്റെ തീരുമാനമനുസരിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നും ഈ നേതാവിന്റെ അടുത്ത സഹായിയാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും രജീഷ് വെളിപ്പെടുത്തി.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ മൊത്തം ഏഴ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചു പേര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. തലശേരി അതിവേഗ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും ശരിവച്ചെങ്കിലും സുപ്രീംകോടതി രണ്ടു മുതല്‍ നാലു പ്രതികളെ വെറുതെ വിടുകയും ഒന്നാം പ്രതി അച്ചാരുപറമ്പില്‍ പ്രദീപിനെ മാത്രം ശിക്ഷിക്കുകയും ചെയ്തു. പ്രദീപിന്റെ ശിക്ഷ കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.
1999ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് ജയകൃഷ്ണനെ കൊല ചെയ്തത്. ക്രൈംബ്രാഞ്ച് എസ്.പി സോമസുന്ദരത്തിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസി.പി രാമരാജന്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന് കേസ് പരിഗണിച്ച കോടതികള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈ കേസില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് രജീഷ് കഴിഞ്ഞ ദിവസം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ രജീഷ് ഇന്ന് നടത്തിയത്. ചോദ്യം ചെയ്യലില്‍ രജീഷ് ഒന്നിലേറെ കൊലക്കേസില്‍ പ്രതിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: