കൊച്ചി: സ്ത്രീ ശാക്തീകരണം ഫലപ്രദമായി സാധ്യമാകണമെങ്കില്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കൊച്ചി സിറ്റി പോലീസ് വിനിതാ സെല്ലിന്റേയും പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി മല്ലടിക്കുന്നവരല്ല ആധുനിക പോലീസ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന നയമാണ് പോലീസ് സ്വീകരിക്കുക. ജനങ്ങള്‍ നല്കുന്ന പരാതികള്‍ ഊതിവീര്‍പ്പിക്കാതെ ആവശ്യമായ കൗണ്‍സലിംഗ് നല്കി സ്റ്റേഷനുകളില്‍ തന്നെ പ്രശ്നപരിഹാരം കാണാന്‍ ശ്രമിക്കണം. വനിതകളെ പൊതു സമൂഹത്തില്‍ സംരക്ഷിക്കുന്നതിന് പ്രത്യേക നിയമം പാസാക്കുന്നതിനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം. അവര്‍ക്ക് ഏതുസമയത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സാധിക്കണം. ഇതിന്റെ ആദ്യ പടിയായാണ് നിര്‍ഭയ പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മന്ത്രി പറഞ്ഞു.
17 വര്‍ഷത്തെ ചരിത്രമുണ്ട് കൊച്ചി സിറ്റി വനിത സെല്ലിന്. കുടുംബങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുള്പെടെ സ്ത്രീകളുടെ എല്ലാ പരാതികളിലും പരിഹാരം കാണാന്‍ വനിതാ സെല്ലിലൂടെ സാധ്യമാകും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയുടെ സഹകരണത്തോടെ മികച്ച കൗണ്‍സലിംഗും നല്‍കുന്നുണ്ട്. 9000 സ്ക്വയര്‍ഫീറ്റില്‍ രണ്ടു നിലകളിലായി 1.08 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
എക്സൈസ് മന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസ്, എറണാകുളം റേഞ്ച് ഐ.ജി കെ.പത്മകുമാര്‍, കമ്മീഷണര്‍ എം.ആര്.അജിത്കുമാര്‍, തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷന്‍ ആര്.വേണുഗോപാല്‍, കൗണ്‍സിലര്‍ പി.ഡി.പുഷ്പമണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: