ഓരോ പത്രത്തിന്റേയും വിജയത്തിന് പിന്നില്‍ ഒരു പത്രാധിപര്‍ ഉണ്ടെന്ന് ഇന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് ഞാന്‍. ഇന്നും എന്ന് എടുത്ത് പറയാന്‍ കാരണം ഇത് ആഗോളീകരണത്തിന്റേയും കച്ചവടവല്ക്കരണത്തിന്റേയും കാലമായതുകൊണ്ടാണ്. മൂല്യങ്ങള്‍ മുതലിനും മാധ്യമവാര്‍ത്തകള്‍ പരസ്യത്തിനും വഴിമാറുന്ന ആഗോളീകരണകാലത്തെ മാധ്യമാവസ്ഥയെപ്പറ്റി ഇതിനുമുമ്പും ഈ പംക്തിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍, ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അനുദിനം അതിവേഗം ബഹുദൂരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ആഗോളീകരണം ഇന്ത്യയില്‍ എത്തിനോക്കാന്‍ തുടങ്ങിയ കാലത്താണ്, രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുംബൈ ആസ്ഥാനമായുള്ള ഒരു മഹാമാധ്യമ ശൃംഖലയുടെ യുവ മുതലാളി തന്റെ പത്രത്തില്‍ “പത്രാധിപര്‍ അനിവാര്യമല്ല” എന്ന് പ്രഖ്യാപിച്ചത്. പത്രലോകത്തെയാകെ അന്ന് ഞെട്ടിച്ച ആ പ്രഖ്യാപനം തന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി പ്രായോഗികതലത്തില്‍ അദ്ദേഹം തെളിയിക്കുക കൂടി ചെയ്തു. അതോടെ പത്രാധിപരുടെ കസേരയില്‍ ആരെ അവരോധിച്ചാലും പത്രം നടത്തിക്കൊണ്ടുപോവാമെന്ന ധൈര്യം പൊതുവെ മാധ്യമമുതലാളിമാര്‍ക്ക് കൈവന്നു. അങ്ങനെ “എന്റെ പത്രാധിപരില്ലാത്ത പത്രം ഇനി എനിക്കെന്തിന്” എന്ന ‘സ്വദേശാഭിമാനി’ പത്രത്തിന്റെ മുതലാളി വക്കം മൗലവിയുടെ തിരുവിതാംകൂര്‍ ദിവാനോടുള്ള ചോദ്യം മാധ്യമരംഗത്ത് അപ്രസക്തവും അപരിഷ്കൃതവുമായി.
‘സ്വദേശാഭിമാനി’ പത്രവും അച്ചുകൂടവും കണ്ടുകെട്ടി, പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ നാടുകടത്തി കുറെ നാളുകള്‍ക്കുശേഷം, രാജകൊട്ടാരത്തിലേക്ക് പത്രത്തിന്റെ ഉടമ മൗലവിയെ വിളിച്ചുവരുത്തി പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കിയപ്പോഴായിരുന്നു ഈ പ്രതികരണം. കാലവും കഥയുമൊക്കെ മാറിമറിഞ്ഞ മാധ്യമരംഗത്ത് ഇന്ന് ആധിപത്യം പുലര്‍ത്തുന്ന അധികാരി വര്‍ഗത്തിന്റേയും കമ്പോളശക്തികളുടേയും ആവശ്യപ്രകാരവും, മറ്റു ചിലപ്പോള്‍ അവരുടെ ഇംഗിതമറിഞ്ഞും പത്രാധിപന്മാരെ എടുത്ത് അമ്മാനമാടുന്നു. അടുത്തകാലത്താണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ കണ്ണിലെ കരടാണെന്ന കാരണത്താല്‍ പ്രഗത്ഭനായ ഒരു പത്രാധിപരെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപ പദവിയില്‍നിന്ന് ഒഴിവാക്കിയത്. വ്യവസായ പ്രമുഖരുടെ അപ്രീതിക്ക് പാത്രമായതുകൊണ്ട് പത്രാധിപര്‍ക്ക് പത്രസ്ഥാപനം വിട്ട് പോവേണ്ടിവന്ന സംഭവങ്ങളും സമീപകാലത്തുണ്ട്.
ഈ സാഹചര്യത്തിലാണ് ‘മലയാള മനോരമ’യും അരനൂറ്റാണ്ടായി അതിന്റെ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തോമസ് ജേക്കബും വ്യത്യസ്തമാവുന്നത്. ‘മനോരമ’യിലൂടെ തോമസ് ജേക്കബ് വളര്‍ന്നോ തോമസ് ജേക്കബ് കാരണം ‘മനോരമ’ വളര്‍ന്നോ എന്നതല്ല ഇവിടെ വിഷയം-“അദ്ദേഹം ‘മലയാളമനോരമ’ നടന്നുകയറിയത് ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെ കൈപിടിച്ചായിരുന്നെങ്കില്, മാത്യുവിന്റെ കൈത്താങ്ങായി തോമസ് ജേക്കബ് എന്നും കൂടെയുണ്ടായിരുന്നു” എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും. അമ്പതാണ്ട് പിന്നിട്ടിട്ടും അദ്ദേഹം ആ പത്രത്തില്‍ അതിശക്തനായി തുടരുന്നു എന്നതാണ് പ്രസക്തം. വസ്ത്രം മാറുന്നതുപോലെ പത്രങ്ങള്‍ പത്രാധിപന്മാരേയും പത്രാധിപന്മാര് പത്രങ്ങളേയും മാറുന്ന കാലമാണിത്. ‘റോളിംഗ് സ്റ്റോണ്‍ ഗാതേഴ്സ് നൊ മോസ്’ എന്നത് മാധ്യമരംഗത്ത് പണ്ടും ഇന്നും ആരും അംഗീകരിക്കാറില്ല. നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ ഇരുപത്താറ് പത്രങ്ങളില്‍ പണിയെടുത്ത, പത്രപ്രവര്‍ത്തകര്‍ക്ക് പ്രാതസ്മരണീയനായ പത്രാധിപര്‍ പോത്തന് ജോസഫ്, “പായല്‍ കൊണ്ട് കല്ലിനെന്ത് പ്രയോജനം”എന്ന് ഒരവസരത്തില്‍ ചോദിച്ചതായി വായിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷത്തെ മാധ്യമജീവിതത്തിനിടയില്‍ ആറിലേറെ മാധ്യമസ്ഥാപനങ്ങളില്‍ പണിയെടുക്കേണ്ടി വന്ന എനിക്ക് പോത്തന് ജോസഫ് പറഞ്ഞതിനോട് പലപ്പോഴും യോജിപ്പാണ് തോന്നിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് അഞ്ച് പതിറ്റാണ്ടായി ഒരേ പത്രത്തില്‍ പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന പത്രാധിപര്‍ പ്രത്യേക പ്രസക്തിയും പ്രാധാന്യവും ആര്‍ജിക്കുന്നത്.
ഇരുപത്തൊന്നാം വയസ്സിലാണ് ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ തോമസ് ജേക്കബ് പത്രപ്രവര്‍ത്തകനായി ‘മലയാള മനോരമ’യുടെ പടി കയറിയതെന്ന് ‘മാധ്യമം’ വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നു. ഇങ്ങനെ ഒരു പത്രത്തില്‍ തുടര്‍ച്ചയായി അമ്പതാണ്ട് പത്രപ്രവര്‍ത്തനത്തിലെ ഒരു സര്‍വകാല റിക്കോര്‍ഡ് തന്നെ. തോമസ് ജേക്കബ് ഇങ്ങനെയൊരു പ്രതിഭാസമാവുന്നത്, മൊത്തം മാധ്യമജീവിതം പോലും അമ്പത് കൊല്ലം തികയ്ക്കാനാവുമോ എന്ന് എനിക്കും എന്റെ തലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും ഉറപ്പില്ലാത്തപ്പോഴാണ്. അദ്ദേഹം പിന്നിട്ട അമ്പത് വര്‍ഷം ‘മലയാളമനോരമ’യുടെ മാത്രമല്ല മലയാള പത്രപ്രവര്‍ത്തനത്തിന്റെ കൂടി അര നൂറ്റാണ്ടാണ്. സംഭവസമൃദ്ധമായ ആ ചരിത്രമാണ് ഞാനും എന്നെപ്പോലെ പതിനായിരങ്ങളും പതിവായി വായിച്ചാസ്വദിക്കുന്ന അദ്ദേഹത്തിന്റെ ‘കഥക്കൂട്ട്’ എന്ന പ്രതിവാര പംക്തി. മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് അതൊരു പാഠപുസ്തകമാണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റു കൃതികളും.
തോമസ് ജേക്കബ് സാറിനെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മ കോട്ടയത്തെ ‘മനോരമ’ ആസ്ഥാനത്ത് ഒരുദ്യോഗാര്ത്ഥിയായി ചെന്നപ്പോഴുള്ളതാണ്. മുഖ്യ പത്രാധിപര്‍ കെ.എം.മാത്യു അധ്യക്ഷനായുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ എന്നോട് കുറെയധികം ചോദ്യങ്ങള്‍ ചോദിച്ചത് തോമസ് ജേക്കബ് സാറും ടി.കെ.ജി.നായര്‍ സാറുമായിരുന്നു. അവരെക്കാള്‍ മുതിര്‍ന്ന ഭാര്‍ഗവന്‍പിള്ള സാര്‍ വെറുതെ കേട്ടിരുന്നതേ ഉള്ളൂ. കെ.എം.മാത്യു ഇടയ്ക്കിടെ ഇടപെട്ടുകൊണ്ടിരുന്നു. പക്ഷെ ‘മനോരമ’ എനിക്കവസരം നിഷേധിച്ചു. അക്കാര്യം ഈ പംക്തിയില്‍ പണ്ട് എഴുതിയിരുന്നു. അതെഴുതാന്‍ എന്നെ പ്രകോപിപ്പിച്ചത് തോമസ് ജേക്കബ് സാര്‍ തന്നെയായിരുന്നു. അതിലേക്കൊന്നും ഇനി കടക്കുന്നില്ല.
തോമസ് ജേക്കബ് സാറുമായി ഇടക്കാലത്ത് ഒന്നിടയാന്‍ കാരണമായത് അദ്ദേഹത്തിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെടുത്തി ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്. അത് പ്രസിദ്ധീകരിക്കേണ്ടത് പത്രത്തിന്റെ ആവശ്യമായിരുന്നു. അദ്ദേഹത്തിന് അക്കാരണത്താല്‍ എന്നോട് അമര്‍ഷം തോന്നിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികവും മനുഷ്യസഹജവും മാത്രം. പിന്നെ മഞ്ഞുരുകിയത് മലപ്പുറത്ത് ‘ദേശാഭിമാനി’യുടെ എഡിഷന് ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ്. അവിടെ ഒരു ഹോട്ടലില്‍ ചായ കഴിക്കുമ്പോഴാണ് തോമസ് ജേക്കബ് സാര്‍ അതേ ഹോട്ടലില്‍ തങ്ങുന്നതായി അറിഞ്ഞത്. ഞാന്‍ അദ്ദേഹത്തെ മുറിയില്‍ പോയി കണ്ടു. കുറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ‘മനോരമ’യില്‍ കുറെക്കാലം പണിയെടുത്തിരുന്ന എന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ തോമസ് ജേക്കബ് സാര്‍ പങ്കിട്ടു. ഒപ്പം ‘ജന്മഭൂമി’യെ കുറിച്ചും അതിലെ എന്റെ പംക്തിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും.
വലുതും ചെറുതുമായ ഇത്രയേറെ പത്രങ്ങള്‍ ഇത്ര ശ്രദ്ധയോടെ വായിക്കുന്ന മറ്റൊരു പത്രപ്രവര്‍ത്തകനെ ഞാന്‍ കണ്ടിട്ടില്ല. അതും അദ്ദേഹം ‘മാധ്യമം’ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടതുപോലെ സ്വന്തം പത്രം പോലും വായിക്കാന്‍ മിനക്കെടാത്ത പത്രപ്രവര്ത്തകരുള്ള ഇക്കാലത്ത്. വ്യക്തിപരമായി എനിക്ക് സന്തോഷവും അതിലേറെ അഭിമാനവും തരുന്നതാണ് ‘ജന്മഭൂമി’യിലെ വാര്‍ത്തകളും പംക്തികളും തോമസ് ജേക്കബിനെ പോലൊരു മാധ്യമ ഭീഷ്മാചാര്യര്‍ പതിവായി വായിക്കുന്നുവെന്നത്. ചിലപ്പോഴൊക്കെ അവ സംബന്ധിച്ചുള്ള ആശയവ്യക്തതയ്ക്കായി ഫോണില്‍ ബന്ധപ്പെടാറുമുണ്ട് അദ്ദേഹം.
വാര്‍ത്തയെ കുറിച്ചും വാര്‍ത്താശേഖരണത്തെ കുറിച്ചും വാര്‍ത്താവതരണത്തെ കുറിച്ചുമൊക്കെ തോമസ് ജേക്കബിന് തന്റേതായ ദര്‍ശനവും നിര്‍വചനവും ഉണ്ട്. അദ്ദേഹത്തിന്റെ ക്ലാസ്സുകളെപ്പറ്റി ഒട്ടേറെ ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിലിരിക്കണമെന്ന് ആഗ്രഹവും തോന്നിയിട്ടുണ്ട്. മാധ്യമസംബന്ധമായ ഏതെങ്കിലും പൊതുപരിപാടിയിലെ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുമ്പോള്‍ ആ ആഗ്രഹം എന്നില്‍ ശക്തിപ്പെടാറുണ്ട്. വാര്‍ത്ത സര്‍വവ്യാപിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആരും കണ്ടെത്താത്ത വാര്‍ത്ത എവിടെനിന്നും കണ്ടെത്താനും അത് ആസ്വാദ്യകരമായി അവതരിപ്പിക്കാനും അനുപമമായൊരു കഴിവാണ് തോമസ് ജേക്കബിനുള്ളത്. വ്യക്തിപരമായി തോമസ് ജേക്കബിന് രാഷ്ട്രീയമില്ല. പക്ഷെ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന് എക്കാലവും ശക്തവും വ്യക്തവുമായൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയമാണ് അദ്ദേഹത്തിന് രാഷ്ട്രീയക്കാര്‍ക്കിടയിലും അനേകം ആരാധകരെ നേടിക്കൊടുത്തത്. അദ്ദേഹത്തിന്റെ പത്രത്തിനും അതൊരനുഗ്രഹമായി.
തോമസ് ജേക്കബിന്റെ പത്രപ്രവര്‍ത്തനത്തിന്റെ അമ്പതാം വാര്‍ഷികം ആരുമറിയാതെ പോവരുത്. മലയാള മാധ്യമരംഗം ഒരു മഹോത്സവമായി ആഘോഷിക്കേണ്ടതാണത്. ആ ആഘോഷത്തില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും പങ്ക് ചേരുന്നു. അദ്ദേഹം ഇനിയുമേറെ പതിറ്റാണ്ടുകള്‍ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാവണമെന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: