കൊച്ചി: ജില്ലയില്‍ പിപിആര്‍ രോഗബാധയുളള പ്രദേശങ്ങളില്‍ ആടുകളുടെ വില്പനയും കൈമാറ്റവും കര്‍ശനമായി നിര്‍ത്തിവയ്ക്കേണ്ടതാണെന്ന് ജില്ലാ മൃഗാസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ കുമ്പളം, എടയ്ക്കാട്ടുവയല്‍, എടത്തല, മുളന്തുരുത്തി പ്രദേശങ്ങളില്‍ ആടുകള്‍ക്ക് മാരകമായ പിപിആര്‍ (പെസ്റ്റി ഡി പെസ്റ്റിസ്) രോഗബാധയുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആടുകളില്‍ പനി, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും സ്രവങ്ങള്‍, ക്രമേണ പഴുപ്പിന്റെ രൂപത്തിലായി മൂക്കടപ്പും ചുണ്ടിലും മോണയിലും വൃണങ്ങളും ന്യൂമോണിയയും വയറിളക്കവും വിശപ്പില്ലായ്മയും ഇതിന്റെ ലക്ഷണങ്ങളാണ്. പാരാമിക്സോ വര്‍ഗത്തില്‍പ്പെട്ട മോര്‍ബിലി വൈറസാണ് രോഗകാരി. അടുത്ത സമ്പര്‍ക്കം വഴിയും ശ്വസനം വഴിയും രോഗമുളളവ ഉപയോഗിച്ച ഭക്ഷണം, വെളളം, പാത്രങ്ങള്‍ എന്നിവ വഴിയും ഈ രോഗം പകരാം. നാലു മുതല്‍ എട്ടു മാസം പ്രായമുളള ആട്ടിന്‍കുട്ടികളിലാണ് കൂടുതലായി രോഗം കാണപ്പെടുന്നത്. 80-90 ശതമാനം വരെ പകര്‍ച്ചാ നിരക്കും 50-80 ശതമാനം വരെ മരണനിരക്കും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ആടുകളില്‍ മാരകമായ പകര്‍ച്ചവ്യാധിയാണെങ്കിലും ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുന്നതല്ല.
കുമ്പളം എടയ്ക്കാട്ടുവയല്‍ പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിദഗ്ധര്‍ എത്തുകയും സാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവയ്ക്ക് അടിയന്തര ചികിത്സകള്‍ നല്‍കുന്നതിന് ബന്ധപ്പെട്ട മൃഗാശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുളള മൃഗാശുപത്രിയില്‍ വിവരം അിറയിക്കണമെന്നും പ്രതിരോധ വാക്സിന് ലഭ്യമാക്കുന്നതിനുള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗാസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
അതേ സമയം ആടുഗ്രാമം പദ്ധതിയിലുള്‍പെടുത്തി ആടുകളെ വിതരണം ചെയ്തിട്ടുള്ള കുമ്പളം, എടയ്ക്കാട്ടുവയല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ മൃഗസംരംക്ഷണ ഓഫീസറെ ചുമതലപ്പെടുത്താനും കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററോട് അടിയന്തര വിശദീകരണം നല്‍കുന്നതിനും വികസനകാര്യ ചെയര്മാന് ബാബു ജോസഫിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: