ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക്, സുപ്രീംകോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്ന പ്രത്യേക അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിക്കഴിഞ്ഞു. അത് അംഗീകരിക്കുക.
ഗോധ്രയില്‍ 59 രാമസേവകരെ മുസ്ലീം ജിഹാദികള്‍ തീയിട്ടു കൊന്ന നിഷ്ഠുര സംഭവത്തിന്റെ അനന്തരഫലമായുണ്ടായ പ്രതികാര പരമ്പരയ്‌ക്കിടയില്‍, അഹമ്മദാബാദിന്റെ പ്രാന്തത്തിലുള്ള ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ഒരു കഠോര സംഭവം നടന്നു. കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ ക്രോധത്തിന് ഇരയായ ആ കുറ്റകൃത്യത്തിന് നിയമപരമായ മറുപടി എന്നത് ആ ജനക്കൂട്ടത്തിലെ അക്രമികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ്.
പക്ഷേ, ഗുല്‍ബര്‍ഗയിലെ ദുരന്തത്തിന് പിറകിലെ ഗൂഢാലോചന കണ്ടെത്താനുളള പരക്കം പാച്ചില്‍ വമ്പന്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കോടതിവ്യവഹാര രാഷ്‌ട്രീയം ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഗുല്‍ബര്‍ഗയിലെ ദാരുണസംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുക എന്ന പ്രാഥമിക കര്‍ത്തവ്യം പിന്നാമ്പുറത്തേക്ക് നീക്കപ്പെടുകയും ചെയ്തു.
2002 അക്രമത്തിന്റെ നിയമപ്രക്രിയകള്‍ തുടക്കം മുതല്‍ക്കു തന്നെ രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടിരുന്നു. 2003 മുതല്‍ക്കുതന്നെ സുപ്രീംകോടതി അതില്‍ ഇടപെടാന്‍ തുടങ്ങി അസാധാരണമായ ജുഡീഷ്യല്‍ ആക്ടിവിസത്തെക്കുറിച്ചുള്ള സകല വാദങ്ങളെയും എതിര്‍വാദങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ തന്നെ, എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സംഭവത്തിന് പിറകില്‍ ഗൂഢാലോചന ആരോപിച്ചുകൊണ്ട് ഫയല്‍ ചെയ്ത ഹര്‍ജിയിലുള്ള അവസാന തീരുമാനം പ്രത്യേകാന്വേഷസംഘ (എസ്‌എടി)ത്തെ നിയമിച്ചുകൊണ്ട് സുപ്രീംകോടതി സ്വീകരിച്ച നടപടിക്രമങ്ങള്‍ ആയിരിക്കുമെന്ന് ഏവരും സമ്മതിച്ചിരുന്നതാണ്.
സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ട എസ്‌എടി-മുന്‍ സിബിഐ ഡയറക്ടര്‍ സി.കെ.രാഘവന്‍ ആയിരുന്നു അതിന്റെ അമരത്ത്-നിരവധി ലഹളക്കേസുകളെ ഇതിനകം തീര്‍ത്തും കൈകാര്യം ചെയ്തു കഴിഞ്ഞു. നേരത്തെ അന്വേഷണം നടത്തിയ ഏജന്‍സികളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച കൂട്ടരുടെ നിര്‍ബന്ധപ്രകാരം സുപ്രീംകോടതി നടത്തിയ പ്രത്യക്ഷ ഇടപെടല്‍ ആണ് എസ്‌എടിയുടെ നിയമനം. അതിനാല്‍ പ്രസ്തുത അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ അതിന് കാരണക്കാരായ കൂട്ടര്‍ പൂര്‍ണമായും ബാധ്യസ്ഥരാണ്.
ഏറ്റവും ഗൗരവതരമായ പരാതികളെ കുറിച്ച് എസ്‌എടി സമര്‍പ്പിച്ചിരിക്കുന്ന 25,000 പേജ് റിപ്പോര്‍ട്ട് കോടതിവ്യവഹാര രാഷ്‌ട്രീയത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ആ അന്തിമറിപ്പോര്‍ട്ടില്‍, 2002 ഗോധ്രാനന്തര കലാപം അരങ്ങേറുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതതലങ്ങള്‍ ഒത്താശ ചെയ്തില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മനഃപൂര്‍വമായി അലംഭാവം കാട്ടിയിട്ടില്ലെന്നും അസന്ദിഗ്ധമായി സ്ഥാപിച്ചിരിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യവേ, അദ്ദേഹം നല്‍കിയ മറുപടികളെ മാത്രം ആശ്രയിച്ചല്ല എസ്‌എടി ഈ അന്തിമ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. മറിച്ച്, സമഗ്രമായ തെളിവുകളെ കൂലങ്കഷ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
തെളിവുകളെ പരിശോധിക്കാനും അഭിപ്രായം അറിയിക്കാനുമായി, സുപ്രീംകോടതിയില്‍ നിയോഗിക്കപ്പെട്ട ഒരു നിയമവിദഗ്‌ദ്ധന്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും എസ്‌ഐടിയുടെ നിഗമനങ്ങളെ യോജിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടായേക്കാമെന്ന അമിക്കസ് ക്യൂറിയുടെ അഭിപ്രായത്തെ മാധ്യമങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചതാകട്ടെ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ വൈകല്യങ്ങളും ഊഹാപോഹങ്ങളും വെളിച്ചത്തു കൊണ്ടുവരാനാണ് ഉപകരിച്ചത്.
അമിക്കസ് ക്യൂറിയുടെ വ്യത്യസ്താഭിപ്രായത്തെ എസ്‌ഐടി അന്തിമ റിപ്പോര്‍ട്ടില്‍ വിശദമായിത്തന്നെ അപഗ്രഥിക്കുന്നുണ്ട്. അമിക്കസ് ക്യൂറിയുടെ ഓരോ നിരീക്ഷണത്തേയും റിപ്പോര്‍ട്ട് വെല്ലുവിളിക്കുന്നു. പിന്നീട് സകല നിരീക്ഷണങ്ങളെയും ഓരോന്നായി ന്യായാന്യാവിധിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നു. വസ്തുതകളോ നിയമങ്ങളോ പിന്‍ബലമേകാത്തവയെ അത് എടുത്തു കാണിക്കുന്നു. സംശയകരമായ പശ്ചാത്തലമുള്ള കൃത്യവിലോപിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കെട്ടിച്ചമച്ച അവകാശവാദങ്ങളില്‍ മാത്രം ആശ്രയിക്കുക മൂലമാണ് അമിക്കസ് ക്യൂറിക്ക് ദിശ തെറ്റിയതെന്ന് എസ്‌ഐടി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കയും ചെയ്യുന്നു. അവസാനം, നരേന്ദ്രമോഡിക്കെതിരെ ഒരു കേസും എടുക്കേണ്ടതില്ല എന്ന് എസ്‌ഐടി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.
ഗുല്‍ബര്‍ഗാ സൊസൈറ്റി സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ‘ഗൂഢാലോചനാ’ സിദ്ധാന്തത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിക്കുകയും വീണ്ടും അന്വേഷിക്കുകയും പ്രസ്തുത പുനരന്വേഷണത്തെ സുപ്രീംകോടതിയുടേ മേല്‍നോട്ടത്തില്‍ അമിക്കസ്ക്യൂറി സ്വതന്ത്രമായി പുനരവലോകനം ചെയ്യുകയും ചെയ്തതിനുശേഷം അതിനെക്കൂടി കണക്കിലെടുത്താണ് എസ്‌ഐടി അതിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഏതൊരു പക്വതയാര്‍ജിച്ച ജനാധിപത്യരാഷ്‌ട്രത്തിലെ നിയമപ്രമാണങ്ങള്‍ വെച്ചു നോക്കിയാലും അഭൂതപൂര്‍വവും അത്യന്തം അസാധാരണവുമാണ് ഭരണത്തിലിരിക്കുന്ന ഒരു ചീഫ് മിനിസ്റ്റര്‍ ഇത്തരം തലനാരിഴ കീറിയുള്ള പരിശോധനയ്‌ക്ക് വിധേയനാക്കപ്പെടുന്നത്.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍, നിരവധി ഇംഗ്ലീഷ് പത്രങ്ങളുടേയും ചാനലുകളുടേയും എഡിറ്റോറിയല്‍ ഡസ്ക്കുകളില്‍നിന്ന് വയറിളകിയതുപോലെ ബഹിര്‍ഗമിക്കുന്ന ഉപരിപ്ലവമായ വ്യാഖ്യാനങ്ങള്‍ നമ്മുടെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും ക്രോധാകുലമാക്കുന്നതുമാകുന്നു. എസ്‌ഐടിയുടെ യുക്തിബോധത്തെ അവര്‍ പരിഹസിക്കുക മാത്രമല്ല രാഘവന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ചില മാധ്യമ ശ്രേഷ്ഠരാകട്ടെ തരംതാഴ്‌ന്ന് രാഘവന്റെ കുടുംബത്തെ വരെ ആക്ഷേപിച്ചു കളയുന്നു.
അങ്ങേയറ്റം കാര്യക്ഷമവും സ്തുത്യര്‍ഹവുമായ രീതിയിലാണ് രാഘവന്റ നേതൃത്വത്തിലുള്ള എസ്‌ഐടി സമഗ്രാന്വേഷണം നിര്‍വഹിച്ചത് എന്നത് ഏത് നിക്ഷ്പക്ഷമതിയും സമ്മതിക്കും. ചില തല്‍പ്പരകക്ഷികള്‍ ആശിച്ച മാതിരിയുള്ള റിപ്പോര്‍ട്ട് എസ്‌ഐടി നല്‍കിയില്ല എന്നതിനാല്‍ അതിന് മേല്‍ ഇപ്പോള്‍ ഒരു അടിസ്ഥാനവുമില്ലാതെ ഉപാലംഭം ചൊരിയുന്ന അതേ സര്‍ക്കാരേതര ആക്ടിവിസ്റ്റുകള്‍ തന്നെയാണ് ഇത്തരം ഒരു അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിച്ചത് എന്നുമോര്‍ക്കണം. അതിനാല്‍, ഈ ആക്ടിവിസ്റ്റുകളും അവരുടെ മീഡിയാ സഹകാരികളും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവരുടെ പ്രായോജകരും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍വഥാ അംഗീകരിക്കാന്‍ തീര്‍ത്തും ബാധ്യസ്ഥരാകുന്നു, അവരുടെ രാഷ്‌ട്രീയ ഉന്നങ്ങള്‍ക്ക് അത് എത്രതന്നെ ദോഷം ചെയ്യുന്നുവെങ്കിലും.
എസ്‌ഐടിയെ നിയമിച്ചത് നരേന്ദ്രമോഡി അല്ല. രാജ്യത്തെ പരമോന്നത നീതിന്യായപീഠത്താല്‍ നിയോഗിക്കപ്പെട്ട ടീം ആണത്. അസംഖ്യം അന്വേഷണങ്ങളും പുനരന്വേഷണങ്ങളും നടത്താന്‍ ആജ്ഞാപിച്ചത് മോഡി അല്ല. സുപ്രീംകോര്‍ട്ട് ആണ് അതിന് ഉത്തരവിട്ടത്. ഈ വിപുലവും സങ്കീര്‍ണവുമായ അന്വേഷണ പ്രക്രിയ ആവശ്യപ്പെട്ടത് ആക്ടിവിസ്റ്റുകളാണ്. അവരോട് അങ്ങേയറ്റം അനുഭാവമുള്ള ഒരു അഭിഭാഷകന്‍ പ്രസ്തുത അന്വേഷണപ്രക്രിയയെ സ്വാധീനിക്കയും ചെയ്തിരുന്നു. എന്നിട്ടും അവര്‍ പ്രത്യാശിച്ച മാതിരിയല്ല അന്തിമ റിപ്പോര്‍ട്ട് എന്ന ഒരൊറ്റക്കാരണത്താല്‍ അതിന്റെ ആന്ത്യന്തികപിതൃത്വത്തെ ആക്ടിവിസ്റ്റുകള്‍ ഇപ്പോള്‍ നിഷേധിക്കുന്നത് അവരുടെ തെമ്മാടിത്തരത്തേയും കപടമനഃസ്ഥിതിയേയും വെളിവാക്കുന്നു.
ഗുല്‍ബര്‍ഗയില്‍ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം ദിശ തെറ്റാതെ, നേരാംവണ്ണം നടക്കണമെന്നതോടൊപ്പം, ആ കുറ്റകൃത്യത്തിനു പിറകില്‍ ഒരു രാഷ്‌ട്രീയ ഗൂഢാലോചനയും ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ശ്രീമതി ജാഫ്രിയും കുടുംബവും ഉള്‍ക്കൊള്ളണമെന്നു കൂടി നാം പ്രത്യാശിക്കുന്നു. ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസിലെ അവരുടെ യജമാനന്മാരും ചേര്‍ന്നുണ്ടാക്കിയിട്ടുള്ള രാഷ്‌ട്രീയ അജണ്ടയിലെ കാലാളുകള്‍ ആകാതെ, ഗുല്‍ബര്‍ഗയിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ ശ്രീമതി ജാഫ്രിയും കുടുംബവും ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.
എസ്‌ഐടി റിപ്പോര്‍ട്ടിനെക്കുറിച്ച് നെടുനെടുങ്കന്‍ എഡിറ്റോറിയലുകള്‍ ഛര്‍ദ്ദിക്കുന്ന മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ദഹിക്കാത്തതിന്റെ കാരണം സുവ്യക്തമാണ്. ലഹളക്ക് പിറകില്‍ ഗൂഢാലോചന കണ്ടെത്താന്‍ വെമ്പി നടന്നവര്‍ കടല്‍പ്പാലത്തിന്റെ അറ്റത്തെത്തിയിരിക്കുന്നു. കാരണം, ഭരണഘടന പ്രദാനം ചെയ്യുന്ന സകല നിയമസൗകര്യങ്ങളും പരമാവധിയോ അതിലധികമോ പ്രയോജനപ്പെടുത്തി, സുപ്രീംകോടതി നേരിട്ടുതന്നെ ഇടപെട്ട്, അതിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തീര്‍ത്തും സ്വതന്ത്രമായും തികച്ചും നിക്ഷ്പക്ഷമായും നടന്ന ഒരു പ്രക്രിയയുടെ ഫലമാണ് എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട്.
ഈ ആത്യന്തിക ഫലത്തേയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആക്ടിവിസ്റ്റ് മര്‍ക്കടമുഷ്ടികളോട് പറയാനുള്ളത് ഇന്ത്യ റിപ്പബ്ലിക്കില്‍ അവര്‍ക്കുള്ള വിശ്വാസം സംശയാസ്പദമാണെന്ന് മാത്രമാണ്.
ശശി ശേഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: