കൊച്ചി: കൊച്ചിയെ ഹരിതനഗരമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും’ പദ്ധതി കൂടുതല്‍ വ്യാപിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം മുനിസിപ്പാലിറ്റികളില്‍ ആരംഭിക്കുമെന്ന് ജില്ലകളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. നഗരത്തില്‍ പദ്ധതി വിജയം കണ്ടതിന്റെ ഭാഗമായാണ് ഈ തീരുമാനം. താത്പര്യമുളള മുനിസിപ്പാലിറ്റികളിലെ വീടുകളിലേക്ക് തൈകള്‍ നേരിട്ടെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ഭരണകൂടം സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ നഗരപ്രദേശങ്ങളില്‍ ആരംഭിച്ച മട്ടുപ്പാവ് കൃഷിയുടെ ഒന്നാം ഘട്ടത്തില്‍ എണ്ണൂറിലേറെ വീടുകളില്‍ പച്ചക്കറി തൈകള്‍ ഇതുവരെ വിതരണം ചെയ്തു. ഗുണമേന്മയുളള വിത്തുകളും അനുബന്ധ സാമഗ്രികളുമാണ് വീട്ടുടമകള്‍ക്ക് നല്‍കുന്നത്. അഞ്ച് വ്യത്യസ്ത ഇനങ്ങളില്‍ കുറയാത്ത 20 പച്ചക്കറി തൈകള്‍ ടെറസില്‍ നടുവാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം തയാര്‍ ചെയ്ത ഗ്രോബാഗുകളിലാണ് വിതരണം ചെയ്യുക. ഓരോ ഉപഭോക്താവിന്റെയും വീടുകളില്‍ നേരിട്ടെത്തിച്ച് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്.
ഇതിനായി അതത് പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍, ജില്ലയിലെ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് ഉദ്യോഗസ്ഥര്‍, പ്രത്യേക പരിശീലനം നല്കിയ വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവുമുണ്ടാകും. ഈ സംഘം ഉപഭോക്താവിന്റെ വീട്ടിലെത്തി തൈകള്‍ ടെറസില്‍ നട്ടുപിടിപ്പിച്ചു നല്‍കും. നല്കിയ തൈകള്‍ നശിച്ചു പോയാല്‍ പുതിയ തൈകള്‍ സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
90 ദിവസത്തിനു ശേഷം, ഓണത്തോടെ ഹരിതനഗരം ഒന്നാംഘട്ടം പദ്ധതിയുടെ വിളവെടുപ്പു മഹോത്സവം നടത്താനാവുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തോടൊപ്പം വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍, നഗരസഭ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പെക്സ് കൗണ്‍സിലുകളും ബെറ്റര്‍ കൊച്ചി തുടങ്ങിയ സാമൂഹ്യ സന്നദ്ധ സംഘടനകളും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. മുന്സിപ്പാലിറ്റികളില്കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ ജില്ലയ്ക്കാവശ്യമായ പച്ചക്കറി ജില്ലയില്‍തന്നെ ഉദ്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. രണ്ടാംഘട്ടം മുന്‍സിപ്പാലിറ്റികളുടെ സഹകരണത്തെടെ വിജയകരമായാല്‍ ഗ്രാമപ്രദേശങ്ങളുള്പെടെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കുമായി പ്രത്യേക പച്ചക്കറി സമൃദ്ധി പദ്ധതി ആരംഭക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: