വിദേശ സര്‍വകലാശാലകള്‍ ഭാരതത്തിലേയ്ക്ക് വരുന്നത് പുറംവാതിലിലൂടെയുള്ള വിദ്യാഭ്യാസ കച്ചവടത്തിന്റെ പ്രവേശനമാണെന്ന് എബിവിപി അഖിലഭാരതീയ അദ്ധ്യക്ഷന്‍ പ്രൊഫ.മിലിന്ദ് മറാത്തെ. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ അതിശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നടന്ന എബിവിപി ദേശീയ നിര്‍വാഹക സമിതിയില്‍ പങ്കെടുക്കുവാനെത്തിയ പ്രൊഫ.മിലിന്ദ് ജന്മഭൂമിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
മഹാരാഷ്ട്ര താനെ സ്വദേശിയായ മിലിന്ദ് മാറാത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. മുംബൈ സ്വമൂല്യ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറായ അദ്ദേഹം 2008 മുതല്‍ എബിവിപി ദേശീയ പ്രസിഡന്റാണ്. 1979 ല്‍ എബിവിപി പ്രവര്‍ത്തകനായ അദ്ദേഹം രാജസ്ഥാന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സദ്ഭാവന മിഷന് അംഗമായി 2002 ല്‍ അഫ്ഗാനിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി ദേശീയസെമിനാറുകളില് പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം വ്യക്തമായ ദിശാബോധത്തോടെയാണ് പ്രസ്ഥാനത്തെ നയിക്കുന്നത്. ജന്മഭൂമിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
? ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ നിര്‍വാഹക സമിതി കേരളത്തില്‍ ചേരുന്നത്. സംസ്ഥാനത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പുരോഗതിയോ വ്യത്യാസമോ ഉണ്ടായിട്ടുണ്ടോ.
= ദേശീയ നിര്‍വാഹക സമിതി ഇരുപത് വര്‍ഷത്തിനുശേഷമാണെങ്കിലും പത്ത് വര്‍ഷം മുമ്പ് ദേശീയ സമ്മേളനം 2002 ല്‍ കോഴിക്കോട് നടന്നിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളും പുരോഗതിയും കേരളത്തില്‍ ദൃശ്യമാണ്. സംഘടനാ വിപുലീകരണവും ശക്തമാക്കലിനുമാണ് പ്രാധാന്യം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പോരാട്ടത്തിലാണ്.
വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തിനെതിരെ ക്രിയാത്മകമായ മുന്നേറ്റമാണ് എബിവിപി നടത്തിയത്. 1985ല്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയില്‍ കോളേജുകള്‍ അനുവദിച്ച് തുടങ്ങിയിരുന്നു. പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള കച്ചവടവല്ക്കരണമായിരുന്നു ഇത്. മാനേജ്മെന്റുകള്‍ക്ക് വിദ്യാഭ്യാസ കച്ചവടത്തിലേക്കുള്ള പ്രവേശനത്തിനുള്ള സുവര്‍ണാവസരമായിരുന്നു ഇത്. വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കാതെ തന്നെ ഉയര്‍ന്ന ക്യാപിറ്റേഷന്‍ ഫീസ് വിദ്യാര്‍ത്ഥികളില്‍നിന്ന് വാങ്ങുവാനും ഫീസ് ഘടന നിശ്ചയിക്കുവാനും അദ്ധ്യാപകരെ നിയമിക്കുവാനും സ്റ്റാഫിനെതിരെ അച്ചടക്ക നടപടി എടുക്കുവാനും അവസരം ലഭിച്ചു. എബിവിപി അതിശക്തമായി ഈ നടപടികള്‍ക്കെതിരെ രംഗത്തെത്തി.
കര്‍ണാടക സര്‍ക്കാര്‍ നിയമിച്ച ടിഎംഎ പൈ കമ്മീഷന് റിപ്പോര്‍ട്ടിന്റെ മറവിലായിരുന്നു മാനേജ്മെന്റുകളുടെ കച്ചവടം. ഒരു ക്ലാസില്‍ രണ്ടുതരം ഫീസ് നല്കുന്ന വിദ്യാര്‍ത്ഥികള്‍ പാടില്ലെന്ന്. ഈ കാഴ്ചപ്പാടിനെതിരെ എബിവിപി സുപ്രീം കോടതിയെ സമീപിച്ചു. വിദ്യാഭ്യാസം കച്ചവടമാണോ അതോ ചാരിറ്റിയാണോ എന്ന ചോദ്യമാണ് സുപ്രീംകോടതിയില്‍ വിദ്യാര്‍ത്ഥി പരിഷത്ത് ഉയര്‍ത്തിയത്. വിദ്യാഭ്യാസം ചാരിറ്റിയാണ് കച്ചവടമല്ല എന്ന എബിവിപിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കമ്മറ്റി ഫീസ് നിശ്ചയിക്കുവാന്‍ തീരുമാനമായി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഫലപ്രദമായില്ല. ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നായിരുന്നെങ്കില് കുറെക്കൂടി ഫലപ്രദമാവുമായിരുന്നു. നിയമപോരാട്ടത്തിലെ വിജയത്തിനൊപ്പം തന്നെ പ്രക്ഷോഭവും എബിവിപി മുന്നോട്ട് കൊണ്ടുപോയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏഴ് വിദ്യാഭ്യാസ ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ എബിവിപി വളരെയധികം ശ്രദ്ധാലുക്കളാണ്. വിദേശ സര്‍വകലാശാലാ സെന്ററുകള്‍ എത്തുന്നതിന്റെ അപകടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതി ഈ ബില്ലുകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാര്‍ലമെന്ററി കമ്മറ്റിക്കു മുമ്പില്‍ സമര്‍പ്പിക്കും.
അഴിമതിക്കെതിരെയുള്ള രാജ്യവ്യാപകമായ പ്രതിഷേധം 2010 ല്‍ തന്നെ എബിവിപി ആരംഭിച്ച് കഴിഞ്ഞു. ‘അഴിമതിക്കെതിരെ യുവത്വം’ (യൂത്ത് എഗനിസ്റ്റ് കറപ്ഷന്‍) മൂവ്മെന്റില്‍ രാജ്യത്ത് മുപ്പത് ലക്ഷം യുവാക്കളാണ് അണിനിരന്നിട്ടുള്ളത്.
യുപിഎ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും അഴിമതിയില്‍ കുളിച്ച് കിടക്കുകയാണ്. നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് ഒരുനിമിഷംപോലും തുടരുവാന്‍ അവകാശമില്ല. ആഭ്യന്തരമന്ത്രിക്ക് കീഴിലുള്ള സിബിഐയേയും മറ്റ് ഏജന്‍സികളെയും സ്വാധീനിക്കുവാന്‍ കഴിയും. അതുകൊണ്ട് ചിദംബരം തുടരാന്‍ പാടില്ല. സ്വതന്ത്രഭാരതത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍.
എബിവിപിയുടെ ആന്റി കറപ്ഷന്‍ മൂവ്മെന്റ് അഴിമതി എങ്ങനെ ഇല്ലാതാക്കണമെന്ന് 14 നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. ഇതില്‍ ഇലക്ടറല്‍, ജുഡിഷ്യറി, അഡ്മിനിസ്ട്രേറ്റീവ്, പോലീസ്, വിദ്യാഭ്യാസം തുടങ്ങി അഞ്ച് മേഖലയിലെ അഴിമതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയില്‍ സമൂലമായ പരിവര്‍ത്തനം ഉണ്ടായേ മതിയാകൂ.
? ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ 1973 ല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ എബിവിപിയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നു. അന്നാഹസാരെയുടെയും രാംദേവിന്റേയും പ്രക്ഷോഭങ്ങളെ എങ്ങനെയാണ് കാണുന്നത്.
= ആരാണോ അഴിമതിക്കെതിരെ പോരാടുന്നത് അവര്‍ക്ക് എബിവിപിയുടെ പിന്തുണയുണ്ടാകും. സുബ്രഹ്മണ്യസ്വാമി നീതിന്യായ വ്യവസ്ഥയിലൂടെ അഴിമതിക്കെതിരെ പോരാടുന്നു. എന്നാല്‍ ഇതുകൊണ്ടുമാത്രം ഫലമില്ല. എബിവിപി രാജ്യവ്യാപകമായിത്തന്നെ അഴിമതി വിരുദ്ധ പോരാട്ടത്തിലാണ്. ഒരു ലോക്പാല്‍ ബില്ലുകൊണ്ട് മാത്രം അഴിമതി തടയാനാവില്ല. ലോക്പാലിനുമപ്പുറം അഴിമതിയുണ്ട്. അഴിമതിക്കെതിരെ തെരഞ്ഞെടുപ്പ് പരിഷ്ക്കരണവും വേണം. ഈ പരിഷ്ക്കരണ നടപടികള്‍ ഇപ്പോള്‍ നടത്തിയാലേ 2014 ലെ പൊതുതെരഞ്ഞെടുപ്പിലെങ്കിലും നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകൂ. വോട്ടിംഗ് നിര്‍ബന്ധമാക്കണം. എന്നാല്‍ തിരിച്ച് വിളിക്കല്, തിരിച്ചയക്കലും നമ്മുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല.
? ഭാരതത്തില്‍ ഒരു നേതൃത്വ പ്രതിസന്ധി ഉണ്ടെന്നത് അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. മുന്‍ എബിവിപി പ്രവര്‍ത്തകര്‍ ഇന്ന് എല്ലാ മേഖലകളിലുമുണ്ട്. ഇതിനെന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കാമോ.
= ദേശീയ രാഷ്ട്രീയത്തില്‍ ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകാം. നേതൃത്വക്ഷാമം സാമൂഹ്യ സംസ്ക്കാരിക മേഖലയില്‍ ഇല്ല. ഒട്ടേറെ മികച്ച നേതൃത്വങ്ങള്‍ വിവിധ മേഖലയില്‍ ഉണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. എബിവിപിക്ക് ഇതില്‍ കാര്യമില്ല. സ്വാഭാവിക നേതൃത്വത്തിലാണ് എബിവിപി വിശ്വസിക്കുന്നത്. സാമൂഹ്യ ഭീഷണികള്‍ക്കെതിരെ എബിവിപി നിതാന്ത ജാഗ്രത പുലര്‍ത്തും. രാജ്യത്ത് പ്രമുഖ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് യശ്വന്തര് റാവു കേള്‍ക്കര്‍ യുവപുരസ്ക്കാരം നല്കി എല്ലാവര്‍ഷവും ആദരിക്കുന്നുണ്ട്.
? ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. രൂപയുടെ മൂല്യശോഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാനാവും.
= വിദ്യാഭ്യാസത്തിനും തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനത്തിനുമാണ് എബിവിപി മുന്‍തൂക്കം നല്‍കുന്നത്. തൊഴിലില്ലായ്മ തുടച്ച് നീക്കുന്നതിലൂടെ തന്നെ രാഷ്ട്രത്തിന് പുരോഗതി ഉണ്ടാക്കുവാന്‍ കഴിയും. ഇതിന് ഭാരതീയ കാഴ്ചപ്പാട് വേണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവുമാണ് നല്‍കേണ്ടത്. ഇതിലൂടെയാണ് ഭാരതത്തിന് പുരോഗതി ഉണ്ടാവുക.
? വിദ്യാഭ്യാസ മേഖലയില്‍നിന്നും സഹിഷ്ണുത നഷ്ടമാവുകയാണോ. എങ്ങനെയാണ് രാമായണ ലേഖനത്തേയും അംബേദ്കര്‍ കാര്‍ട്ടൂണിനേയും കാണുന്നത്.
= ഇടത് ബുദ്ധിജീവികളാണ് ഭാരതത്തിന്റെ അഭിമാനമായ സാംസ്ക്കാരിക പ്രതീകങ്ങള്‍ക്കെതിരെ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത്. ഇതിനെതിരെ കരുതിയിരിക്കേണ്ടിയിരിക്കുന്നു. ശരിയായ ചരിത്രം പഠിപ്പിക്കണം. ചരിത്രാവബോധം തലമുറകള്‍ക്ക് പകരേണ്ടതുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവില്‍ തുടങ്ങിയതാണ് ഇടത് ബുദ്ധിജീവികളുടെ സാംസ്ക്കാരിക അവഹേളനം. ഇതിനെതിരെ ബോധവല്‍ക്കരണം ആവശ്യമാണ്.
? വിദ്യാഭ്യാസ മേഖലയിലെ യുജിസിയുടേയും എന്സിആര്ടിസിയുടേയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒരുങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസ പുരോഗതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്താണ്.
രാജ്യത്ത് പൗരന്മാര്ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമ തന്നെയാണ്. അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തിലും ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഉത്തമബോധത്തോടെ കടമ നിര്‍വഹിച്ചേ മതിയാകുകയുള്ളൂ. യാതൊരുവിധ പക്ഷപാതവുമില്ലാതെ ഏവര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം.
അധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കേണ്ടതുമാണ്. 10 മുതല്‍ 15 ശതമാനംവരെ മാത്രമാണ് ഇന്ന് പരിശീലനം നടക്കുന്നുള്ളൂ. വിദ്യാഭ്യാസത്തിലെ ഗുണനിലവാരം നിലനിര്‍ത്തുവാനും അത് പകര്‍ന്ന് നല്കുവാനും സര്‍ക്കാര്‍ തയ്യാറാകണം.
? കാമ്പസുകളില്‍ വര്‍ധിച്ച് വരുന്ന മദ്യം, മയക്കുമരുന്ന്, റാഗിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്താണ്.
= എബിവിപി എല്ലാ വിദ്യാലയങ്ങളിലും ആന്റി റാഗിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് കാമ്പസ് പരിചയപ്പെടുത്തിക്കൊടുക്കുന്നു. മറ്റനവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
പാശ്ചാത്യവല്‍ക്കരണത്തിന്റെ കടന്ന് കയറ്റമാണ് മദ്യവും മയക്ക് മരുന്നും കാമ്പസുകളില്‍ വ്യാപകമാകുവാന്‍ കാരണം. ഇതിനെതിരെ പ്രചരണവും സാംസ്ക്കാരിക ബോധവല്‍ക്കരണവും കാമ്പസുകളില്‍ നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇതിനെതിരെ പ്രക്ഷോഭവും നടത്തിയിട്ടുണ്ട്.
യുവാക്കളുടെ പ്രതീകമാണ് സ്വാമി വിവേകാനന്ദന്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം 2013 ജനുവരി 12 മുതല്‍ 2014 ജനുവരി 12 വരെ എബിവിപി രാജ്യമെങ്ങും ആഘോഷിക്കുകയാണ്. വിവേകാനന്ദ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുവാനുള്ള സമഗ്രമായ പരിപാടികളും ഈ വേളയില്‍ നടപ്പിലാക്കും. ഇക്കാര്യങ്ങള്‍ നാഷണല്‍ എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും പ്രൊഫ.മിലാന്റ് മറാത്തെ വ്യക്തമാക്കി.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: