ഈശ്വരനാമ ശ്രവണത്തേക്കാള് വലിയ ഒരു സത്കര്മ്മമില്ല.പുരാതനകാലത്ത് നമ്മുടെ ഋഷിമാരും
തത്വചിന്തകന്മാരും ഈ സത്കര്‍മ്മത്തിലൂടെ പരമാത്മപദം പ്രാപിക്കാന്‍ ശ്രമിച്ചിരുന്നു. അത്തരം പരമപ്രാപ്തി തന്നെ നിര്‍വൃതി (നിര്‍വാണം).
ശ്രവണവും മനനവും സിദിധ്യാസനവും മൂന്നു മുക്തി മാര്‍ഗ്ഗങ്ങളാണ്. ശ്രവണത്തെ അടുക്കളില്‍ നടക്കുന്ന പാചക വൃത്തിയോടുമപമിക്കാം. പാകംചെയ്ത വിഭവങ്ങള്‍ തീന്മേശയില് കൊണ്ടുവയ്ക്കുന്നതാണ് മനനം. ഭക്ഷിച്ചത് ഉള്ളില്‍കിടന്ന് ദഹിക്കുന്നതിനു തുല്യമാണ് നിദിധ്യാസനം. ഇതുമൂന്നും ഒത്തുചേരുമ്പോഴേ ശരീരത്തിന് പുഷ്ടിയും ശക്തിയുമുണ്ടാകൂ. അതുപോലെ ശ്രവണം, മനനം, നിദി
ധ്യാസനം എന്നീ പടികള്‍ കയറിയാലേ ആത്മാവിന് അനന്തമായ ആനന്ദ നിര്‍വൃതിയില്‍ ആമജ്ജനം ചെയ്യാനാവൂ.
സംഭാഷണം മിതവും പവിത്രവുമായിരിക്കണം. മനസ് നിര്മലമാക്കി വച്ചാല്‍ ഉള്ളില്‍ എന്തും തെളിഞ്ഞുകാണാനാകും. വിശ്വാസത്തിന് ആഴവും ദാര്ഢ്യവുമുണ്ടാക്കുകയാണ് സാധനയുടെ ആദ്യത്തെ പടി.ഈശ്വരന് സര്‍വ്വവ്യാപിയാണ്. നമ്മുടെ ഉള്ളിലുള്ള ആത്മതത്ത്വം അങ്ങനെ ഈശ്വരനില്‍ ചെന്നു മുട്ടി നില്‍ക്കണം. നാദ ബ്രഹ്മരൂപനായ
ഈശ്വരനാണ് നമ്മുടെ വാക്കുകളിലൂടെ ബഹിര്‍ഗമിക്കുന്നത്. അതിനാല്‍ സത്യമല്ലാത്ത ഒന്നും തന്നെ പറയാന്‍ ഒരുമ്പെടരുത്. നാം പറയുന്ന ഓരോ വാക്കിന്റെയും പിന്നില്‍ അതങ്ങനെതന്നെ എന്നു പറയാന്‍ കാത്തിരിക്കുന്ന ഈശ്വരനുണ്ടെന്ന വസ്തുത മറക്കരുത്.
???”ഗായത്രീ ഛന്ദസാം മാതാ” ഗായത്രീ വേദങ്ങളുടെ മാതാവാണ്. വേദങ്ങളുടെ വേരുകളില്‍ പൊട്ടിയ മുളകളാണ് ഉപനിഷത്തുകള്‍. ആ മുളകളില്‍ നിന്നു വളര്‍ന്നുവന്ന തരുകാണ്ഡമാണ് ഭഗവദ്ഗീത. ആ മുങ്ങാത്ത പൊങ്ങുതടിയില്‍ കയറിയിരുന്നാല്‍ ക്രമേണ സംസാരസാഗരത്തിന്റെ മറുകര കടക്കാനായെന്നുവരും.
വിഭിന്ന സ്വാഭാവത്തോടുകൂടിയ നന്മയും തിന്മയും ഒരേ ഹൃദയത്തില്‍ നിന്നു തന്നെയാണ് ഒഴുകിവരുന്നത്. എല്ലാ അഭീഷ്ടങ്ങളും നിറവേറ്റാന്‍ കഴിവുള്ള ഒരു കല്പവൃക്ഷത്തിന്റെ ചുവട്ടിലാണു നാമിരിക്കുന്നത്. നന്മ ചോദിച്ചാല്‍ നന്മയും തിന്മ ചോദിച്ചാല്‍ തിന്മയും നമുക്കു കിട്ടും. നമ്മുടെ ചിന്തയും സങ്കല്പവും പ്രവര്‍ത്തനവും ശുദ്ധമാണെങ്കില്‍ നല്ലകാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടാവൂ. ഇതൊന്നും പുറമേ നിന്നു വരുന്നതല്ല. ഉള്ളില്‍ നിന്നുറവ പൊട്ടുന്നതാണ്. അതിനാല്‍ നമ്മുടെ ഉള്ളറ ആവൂന്നിടത്തോളം വിശുദ്ധമാക്കിവയ്ക്കേണ്ടത് അത്യാവശ്യമാണ്.
ധര്‍മ്മത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഏതുപ്രവൃത്തിയും ഫലവത്താകും. ധര്മ്മബലത്തോടൊപ്പം ദൈവബലം കൂടി ഉണ്ടായാലോ പിന്നെ പറയാനുമില്ല. ധര്മ്മബലമില്ലാത്തവന് സന്മാര്ഗ്ഗനിരതനാവാന് സാധ്യമല്ല.
അന്ധമായി അനുകരിക്കുന്നതു മൂഢതയാണ്. മറ്റൊരുവന്റെ നടത്തയെ അനുകരിക്കുന്നതിനെക്കാള്‍ നന്ന് സര്‍വ്വനാശമാണ്. ഓരോരുത്തര്‍ക്കും തനതായ ചില സ്വഭാവങ്ങളും സിദ്ധികളുമുണ്ട്. അവയെ പരിപോഷിപ്പിക്കുവാന്‍ ഉണ്ടാകുന്ന ആനന്ദം ശുദ്ധവും അകൃത്രിമവുമത്രേ.
നന്നായി കാര്യങ്ങള്‍ വീക്ഷിക്കണം. അത് ജീവിതത്തിന് ഒരടിത്തറ സൃഷ്ടിക്കലാണ്. ആ സൃഷ്ടി തന്നെ ദൃഷ്ടി അഥവാ ദര്‍ശനം.
നമ്മുടെ ശരീരവും മനസ്സും ആത്മാവും ഒരു നാഴികമണിയുടെ സെക്കന്റ് സൂചിയും മിന്നിട്ടു സൂചിയും മണിക്കൂര്‍ സൂചിയും പോലെയാണ്. നമ്മള് കുറെ സത്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ശരീരമാകുന്ന സെക്കന്റ് സൂചി മുന്നോട്ടു നീങ്ങും. ഒപ്പം മനസ്സാകുന്ന മിനിട്ട് സൂചി സദ്വിചാരനിരതമാകുമ്പോള് ആത്മാവെന്ന മണിക്കൂര്‍ സൂചിയിലെത്തും. ശരീരമെന്ന സെക്കന്റു സൂചി ചലിക്കുന്നതു കാണാന്‍ കഴിയും. എന്നാല്‍ മനസ്സെന്ന മിനിട്ടു സൂചിയുടെ ചലനം അവൃക്തമത്രേ. മനസ്സ് ആത്മാവിലേക്കടുക്കുന്ന കാര്യം അനുഭവവൈകവേദ്യമാണ്. ശരീരമെന്ന സെക്കന്റ് സൂചി നിരന്തരം കര്‍മ്മനിരതവും ചലനാത്മകവുമാവട്ടെ. നല്ല കാര്യങ്ങളില്‍ അപ്പോള്‍ മനസ്സു മുഴുകി ക്രമേണ ആത്മാവെന്ന മണിക്കൂര്‍ സൂചിയിലേക്കു നാമറിയാതെ പുരോഗമിക്കാനിടയാവും. ശരീരം സ്ഥൂലവും മനസ്സ് സൂക്ഷമവും,ആത്മാവ് ആദികാരണമാണ്. ആദികാരണമായ ആത്മതത്ത്വത്തിലേക്ക് മടങ്ങണമെങ്കില്‍ മനസ്സ് ധാരണാധ്യാനസമാധികളിലൂടെ പുരോഗമിക്കുകയും ശരീരം നിരന്തരം നിഷ്കാമകര്മ്മനിരതമാവുകയും വേണം.
ശ്രീസത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: