കൊച്ചി: പാഴൂര്‍ കുടിവെള്ള പദ്ധതിയുടെ തടസങ്ങള്‍ നീക്കാനും സമവായമുണ്ടാക്കാനും ജലസേചന മന്ത്രി പി.ജെ. ജോസഫ് വിളിച്ചുചേര്‍ത്ത യോഗം പദ്ധതി പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധികള്‍ ബഹിഷ്കരിച്ചു. നടക്കാവ് റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഇത് പൊതുജനവികാരത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബെന്നി ബഹന്നാന് എംഎല്‍എ ഇടപെട്ട്് യോഗത്തില്‍ തിരിച്ചെത്തിച്ച ജനപ്രതിനിധികളോട് 27 ന് രാവിലെ 11 ന് കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരാമെന്ന് മന്ത്രി ഉറപ്പു നല്കി. യോഗത്തിന് മുമ്പ് കളക്ടറോട് സ്ഥലം സന്ദര്‍ശിക്കുവാനും മന്ത്രി നിര്‍ദേശിച്ചു. പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ബദല്‍ പദ്ധതിയുടെ പരിശോധന നടത്തിയ ജല അതോറിറ്റി വിദഗ്ധ സമിതിയും പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.
കൊച്ചിക്കാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പാഴൂരിലേത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഏക മാര്‍ഗമായ നടക്കാവ് റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ ജനം തിരിഞ്ഞതാണ് പദ്ധതി പാതി വഴിയില്‍ മുടങ്ങാന്‍ കാരണം. പല വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. മന്ത്രിമാരായ അനൂപ് ജേക്കബ് , കെ. ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബെഹനാന്, ഡൊമനിക് പ്രസന്റേഷന്, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, ജല വിഭവ സെക്രട്ടറി വി.ജെ. കുര്യന്, കോര്പറേഷന് സെക്രട്ടറി അജീത്ത് പാട്ടീല്‍, കളക്ടര്‍ ഷേക്ക് പരീത്, ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ സൂസന്, മറ്റ് ഉദ്യോഗസ്ഥര്‍, പിറവം പഞ്ചായത്ത് പ്രസിഡന്റ് സാബു, ഇടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാര്‍, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രാജി ചക്രവര്‍ത്തി, വൈസ് പ്രസിഡന്റ് ടി.കെ. മോഹനന്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീട് എന്നിവര്‍ പങ്കെടുത്തു. പ്രായോഗികനിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി മന്ത്രി കെ. ബാബുവാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ബദല്‍ മാര്‍ഗത്തിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയുമോ എന്ന് കഴിഞ്ഞ സര്‍ക്കാറും പരിശോധിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. വെള്ളത്തിന് പകരം വെള്ളം മാത്രമെയുള്ളൂ. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടാല്‍ അഞ്ചുവര്‍ഷം കൂടി അധിക ഗ്യാരണ്ടിയോടെ പുതിയ റോഡ് പിറവത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന നടത്തുകയും ബദല്‍ മാര്‍ഗം പ്രായോഗികമല്ലെന്ന് കണ്ടെത്തുകയും ചെയ്തതായി സൂപ്രണ്ടിംഗ്് എന്‍ജിനീയര്‍ വ്യക്തമാക്കി. വെട്ടിക്കല്‍ സെമിനാരിയുടെ മുന്നില്‍ 11 മീറ്റര്‍ ഉയരത്തിലുള്ള റോഡില്‍ പൈപ്പ് സ്ഥാപിച്ചാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടും. പ്രതിവര്‍ഷം ആവര്‍ത്തന ചെലവ്ഇനത്തില് ഒരുകോടി രൂപ ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേക്ക് ഒറ്റത്തവണ കൊണ്ടുപോയതല്ലാതെ മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിച്ചില്ലെന്ന് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി. ബദല്‍ മാര്‍ഗത്തെപ്പറ്റി പിഡബ്ല്യൂഡി നല്കിയ കണക്ക് അനുസരിച്ച് അഞ്ച് കോടി രൂപ ലാഭിക്കാം. 200 മീറ്റര്‍ നീളത്തില്‍ മാത്രമാണ് 11 മീറ്റര്‍ താഴ്ത്തേണ്ടിവരുന്നത്. ഇവിടെ അറ്റകുറ്റപണികള്‍ക്കായി രണ്ടിടത്ത് ഭൂമിക്കടിയിലേക്ക് മാന്‍ഹോള്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുകൊടുക്കാമെന്ന് അറിയിച്ചിരുന്നു. ഇതെല്ലാം മറച്ചുവച്ച് റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കം നിക്ഷിപ്ത താല്പര്യക്കാരായ ഉദ്യോഗസ്ഥരുടേതാണെന്നും അവര്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടിയ പദ്ധതിയില്‍ പുതിയ മാറ്റങ്ങള്‍ സാധ്യമല്ലെന്ന് വിദഗ്ധ സമിതിയംഗവും ജല അതോറിറ്റി ചീഫ് എന്‍ജിനീയറുമായ സൂസന് വ്യക്തമാക്കി. ഗതാഗതം തടസപ്പെടുത്താത്ത വിധം ഒരുസമയം റോഡിന്റെ ഒരുഭാഗം മാത്രം പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നടപടികള്‍ എടുത്താല്‍ ഗതാഗതം തടസപ്പെടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. ഒമ്പത് കിലോമീറ്റര്‍ നീളത്തില്‍ ഓരോ കിലോമീറ്റര്‍ വീതം പൊളിക്കാമെന്നത് പ്രായോഗികമാണ്. പിന്നീട് റോഡ് മൊത്തമായി പുനര്‍ നവീകരിച്ചാല്‍ പിറവം ജനതയുടെ ആശങ്ക അകറ്റാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: