ഇസ്ലാമാബാദ്: മരുന്നുകള്‍ ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന് ഉള്‍പ്പെടെ എട്ടു പേരെ പ്രതി ചേര്‍ത്ത് പാക് ആന്റി നാര്‍ക്കോട്ടിക് ഫോഴ്സ് കേസെടുത്തു.
സാധാരണക്കാരന്റെ കൊക്കെയ്ന്‍ എന്നറിയപ്പെടുന്ന എഫിഡ്രൈന്‍ ഇറക്കുമതി ചെയ്ത കേസിലാണ് അലി മുസയും ഉള്‍പ്പെട്ടത്. മുസയെ കൂടാതെ മുന്‍ ആരോഗ്യ സെക്രട്ടറി ഖുഷ്നൂദ് ലഷാരി, പാര്‍ലമെന്റംഗം മിയാന്‍ അബ്ദുള്‍ സത്താര്‍, ഇപ്പോഴത്തെ നാര്‍കോട്ടിക് കണ്ട്രോള് സെക്രട്ടറി സഫര്‍ അബ്ബാസ് ലൂക്ക് തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്.
ആരോഗ്യമന്ത്രാലയം രണ്ടു മരുന്നു കമ്പനികള്‍ക്ക് നല്കിയ ഇറക്കുമതി ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി എഫിഡ്രിന്‍ കൊണ്ടുവന്നെന്നാണ് കേസ്. അലി മൂസയുടെ സ്വാധീനം ഉപയോഗിച്ചാണ് ഇതു ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസ് സുപ്രീം കോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അലി മൂസ അടുത്തിടെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അലി മൂസ ഇപ്പോള്‍ മധുവിധു ആഘോഷിക്കുന്നതിനായി വിദേശത്താണ്. തിരികെ വന്ന ശേഷം അലിയെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മകനെ ന്യായീകരിക്കുന്ന നിലപാടാണ് ഗിലാനി സ്വീകരിച്ചത്. കോടതിയില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു പിന്തുണയുമായി ഉറച്ചുനിന്നതുകൊണ്ടാണ് താന്‍ ഈ രീതിയില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഗിലാനി പറഞ്ഞു.
ആന്റി നാര്‍കോട്ടിക് ഫോഴ്സ് റീജിയണല്‍ ഡയറക്ടര്‍ ഫാഹിം അഹമ്മദ് ഖാന് എല്ലാ സമീകളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗിലാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: