തിരുവനന്തപുരം: പട്ടികവിഭാഗങ്ങളെ അവഗണിക്കുകയും സംഘടിതരായവരെ പ്രീണിപ്പിക്കുകയും ചെയ്യുന്നത് പ്രതിരോധിക്കുവാന്‍ അടിസ്ഥാന ജനത മുന്നോട്ടുവരണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി.ബാബു പറഞ്ഞു. കെപിഎംഎസ് 41-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധരവ്യായാമം നടത്തി ദരിദ്രസമൂഹത്തെ ചൂഷണത്തിനിരയാക്കി അധികാരം തട്ടിയെടുത്തുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയത്തില്‍ ഇടപെടുവാന്‍ അനുഭവം പാഠമാക്കണം. നമ്മുടെ ഓരോ ഒത്തുചേരലിനും ഒരു നേട്ടമെങ്കിലും ഉത്പാദിപ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തില്‍ ലിസ്റ്റുചെയ്യപ്പെട്ട 53 പട്ടികജാതികളുടെയും 35 പട്ടിക വര്ഗ്ഗവിഭാഗങ്ങളുടെയും ഉപജാതികള്‍ കൂട്ടിച്ചേര്‍ത്താല്‍ 145 സമുദായങ്ങളിലായി ഈ ജനത ഇന്നും അസംഘടിതരാണ്. പുലയരടക്കം 8 സമുദായങ്ങള്‍ മാത്രമാണ് സമൂഹികമായി സംഘടിതരായിട്ടുള്ളത്. മറ്റുള്ള സമുദായങ്ങള്‍ ഇന്നും അസംഘടിതരാണ്. പുലയരടക്കം 8 സുദായങ്ങള് മാത്രമാണ് സാമൂഹികമായി സംഘടിതരായിട്ടുള്ളത്. മറ്റുള്ള സമുദായങ്ങള്‍ ഇന്നും രാഷ്ട്രീയക്കാരുടെ വരുതിയിലാണ്.
സംഘടിതരായ സാമുദായിക വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി ഒരു വര്‍ഷത്തിനകം സുശക്തമാകും. ഈ കൂട്ടായ്മയില്‍ അണിചേരുവാനാഗ്രഹിക്കുന്ന സുദായേതര സംഘടനകളെയും കൂട്ടിയിണക്കി നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചെടുക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ അണിചേര്‍ക്കും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പട്ടിക വിഭാഗത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ സമരഭൂമിയാക്കി കേരളത്തെ സമ്മര്‍ദ്ദത്തിലാക്കും. ഇതിന് ആവശ്യത്തിലധികം സാദ്ധ്യതകളും ഇടവും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഭൂപരിഷ്കരണം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണം, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ സംവരണം, പട്ടിക വിഭാഗ വികസനത്തെ മൃഗസംരക്ഷണനയത്തിന് സമാനമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രാകൃത സമീപനങ്ങള്‍ തിരുത്തില്‍ തുടങ്ങിയ വിഷയങ്ങളെയാണ് മഹാസഭ ഏറ്റെടുക്കാന്‍ പോകുന്നത്. പട്ടികവിഭാഗത്തിനുവേണ്ടി അവസരങ്ങള്‍ വിനിയോഗിക്കാത്ത സംവരണ ജനപ്രതിനിധികള്‍ അടുത്ത നിയസഭയിലുണ്ടാകാതിരിക്കാനുള്ള പരിശ്രമങ്ങള്‍ ഈ വര്‍ഷം മുതല്‍ കെപിഎംഎസ് നടപ്പാക്കുമെന്ന് ടി.വി.ബാബു പറഞ്ഞു.
എസ്എന്‍ഡിപി യോഗവും കെപിഎംഎസ് ഉള്‍പ്പെടെയുള്ള പട്ടികവിഭാഗങ്ങള്‍ ഐക്യപ്പെടുന്നത് കേരളത്തിന്റെ അധമ രാഷ്ട്രീയ സമവാക്യങ്ങളില്‍ രണ്ടാം നവോതഥാനത്തിന് അവസരം സൃഷ്ടിക്കുമെന്ന് ടി.വി.ബാബു മുന്നറിയിപ്പ് നല്കി. കെപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റ്ടി.കെ.പുരുഷന് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറു തുറവൂര്‍ സുരേഷ്, അസ്സി.സെക്രട്ടറി ജി.സുരേന്ദ്രന്, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി.മോഹനന്, ടി.സി.രാജേന്ദ്രന്, കെ.കെ.രാജന്, വി.എസ്.കാര്ത്തികേയന്, പി.എം.വിനോദ്, സി.ഒ.രാജന്, കോളിയൂര്‍ ചന്ദ്രന്, അമ്പിയില്‍ പ്രകാശ്, എം.ബിന്ദു, കെ.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍സെക്രട്ടറി എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ചെറുവയ്ക്കല്‍ അര്ജ്ജുനന് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.
വാര്‍ഷിക സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ വൈസ്പ്രസിഡന്റ് എം.പി.ഓമനക്കുട്ടന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പട്ടികജാതിക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ സംബന്ധിച്ചു. ഇന്നുരാവിലെ പി.കെ.ചാത്തന് മാസ്റ്ററുടെ 24-ാം ചരമവാര്‍ഷിക അനുസ്മരണവും സമാപന സമ്മേളനവും വൈകിട്ട് 3ന് ഗാന്ധിപാര്‍ക്കില്‍ നടക്കും. ഹൈന്ദവ നവോത്ഥാനവും പട്ടിക വിഭാഗങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് സെമിനാര്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: