ഗംഗയെ ഭൂമിയിലെത്തിക്കാന്‍ ഭഗീരഥന് പെട്ടപാട് വായിച്ചറിഞ്ഞവരാണ് നമ്മള്. ആദ്യം കൊടും തപസ്സുചെയ്ത് ഗംഗയെ പ്രസാദിപ്പിച്ചു. പിന്നെ ദേവഗംഗയെ താങ്ങിനിറുത്താനായി സാക്ഷാല്‍ പരമേശ്വരനെ തപസുചെയ്തു. ആകാശത്തു നിന്ന് ഗംഗാധരന്റെ ജടാമകുടത്തിലൊളിച്ച ഗംഗയെ ഭൂമിയിലേയ്ക്ക് വിട്ടുകിട്ടാന്‍ വീണ്ടും തപസു ചെയ്തു…… അങ്ങിനെ പുണ്യം നിറഞ്ഞ ശുദ്ധജലത്തിനു വേണ്ടിയുള്ള ഭഗീരഥന്റെ കഠിനശ്രമത്തിന് ഭാഗീരഥപ്രയത്നമെന്ന് പേര് വീണു. ഗംഗയ്ക്ക് ഭാഗീരഥിയെന്ന വിളിപ്പേരും.
നന്മനിറഞ്ഞ ജലം മനുഷ്യന് എത്തിച്ചുകൊടുക്കാന്‍ ഒരു മഹാരാജാവ് എത്രയേറെ കഷ്ടപ്പെട്ടുവെന്നതാണ് ഭഗീരഥന്റെ കഥ. പക്ഷേ ദേവഭൂമിയില്‍ നിന്നു പെയ്തിറങ്ങുന്ന വെള്ളത്തെ ഭഗീരഥന്റെ അനന്തരാവകാശികള്‍ മലീമസമാക്കി. ദുര്‍വിനിയോഗം ചെയ്തു. ജലസ്രോതസ്സുകള്‍ നശിപ്പിച്ചു. പക്ഷേ വെള്ളമില്ലെങ്കില്‍ ഭൂമിയില്‍ ജീവിതമില്ലായെന്ന സത്യം ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു.
മനുഷ്യാ നീ മണ്ണാകുന്നുവെന്നാണ് വചനം. പക്ഷേ മണ്ണാകുന്നതിനു മുന്‍പ് മനുഷ്യന് വെള്ളമാകുന്നുവെന്നതാണ് നേര്. കാരണം മനുഷ്യശരീരത്തിന്റെ ഭാരത്തില്‍ 66 ശതമാനവും വെള്ളമാണെന്നതു തന്നെ. മനുഷ്യന്റെ നിയന്ത്രണകേന്ദ്രമായ തലച്ചോറിലാവട്ടെ, 75 ശതമാനവും വെള്ളമാണ്. അസ്ഥികളില്‍ 25 ശതമാനവും. ഇതിലൊക്കെ വെള്ളംചേര്‍ന്ന വസ്തു നമ്മുടെ ജീവരക്തമാണ്- അതില്‍ വെള്ളത്തിന്റെ അളവ് 83 ശതമാനം. പ്രായപൂര്‍ത്തിയായ ഒരു ശരാശരി മനുഷ്യശരീരത്തില്‍ 37 ലിറ്റര്‍ വെള്ളംകാണുമെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു.
ഒരു മനുഷ്യന് ഭക്ഷണമില്ലാതെ എത്രനാള്‍ കഴിഞ്ഞുകൂടാന്‍ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. ഏറിയാല്‍ ഒരു മാസം. പക്ഷേ വെള്ളം കുടിക്കാതെ ഒരാഴ്ചപോലും പിടിച്ചുനില്‍ക്കാനാവില്ലതന്നെ. നിര്‍ജലീകരണം മൂലം ആ വ്യക്തി തകരും. ഇതൊക്കെ ശുദ്ധ ജലത്തിന്റെ കാര്യമാണ്. പക്ഷേ ഭൂഗോളത്തിലെ ബഹൂഭൂരിപക്ഷം ജലവും വായുനിറഞ്ഞ് സമുദ്രത്തിലോ മഞ്ഞുകട്ടയുടെ അവസ്ഥയില്‍ മഞ്ഞുമലകളിലോ ആണ് കിടപ്പ്. ഭൂഗോളത്തില്‍ ലഭ്യമായ മുഴുവന്‍ ജലവും ഒരു ഗ്യാലന് ജാറില്‍ അടയ്ക്കുന്ന പക്ഷം നമ്മുടെ ഉപയോഗത്തിനുള്ള ശുദ്ധജലം കേവലം ഒരു ടേബിള്‍ സ്പൂണില്‍ നിറയ്ക്കാന്‍ മാത്രമേ കാണൂ!
പക്ഷേ പ്രകൃതി നമുക്ക് കനിഞ്ഞു നല്കിയ ആ ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധജലം മനുഷ്യന് വിവേചനമില്ലാതെ വിഷമയമാക്കുകയാണ്. ശുദ്ധജല സ്രോതസുകള്‍ നശിപ്പിക്കുന്നു. പുഴകളിലും നദികളിലും മാലിന്യം കലര്‍ത്തുന്നു. ഭൂഗര്‍ഭജലം പോലും മലിനീകരിക്കുന്നു. വിഷം കലര്‍ന്ന ഭൂഗര്‍ഭജലം ആയിരത്താണ്ടുകള്‍ കഴിഞ്ഞാലും പാനീയയോഗ്യമായി മാറുകയില്ലെന്ന മുന്നറിയിപ്പ് ശ്രവിക്കാന്‍ ആര്‍ക്കും സമയമില്ല. ലോകമെമ്പാടും ഭൂഗര്‍ഭജലത്തിന്റെ അളവ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ലോകത്തെ വ്യാവസായിക ആവശ്യങ്ങളുടെ മുക്കാല്‍പങ്കും നിറവേറ്റി വരുന്ന ഭൂഗര്‍ഭജലം കുറഞ്ഞാല്‍ വ്യവസായപുരോഗതി തടസ്സപ്പെടും.
വെള്ളത്തിന്റെ ലഭ്യത സംബന്ധിച്ച് മറ്റൊരു കണക്ക് കൂടി ഇനി പറയാം. ഭൂമിയിലെ ജലത്തിന്റെ 97 ശതമാനവും കടലുകളില്‍ കിടപ്പാണ്. കേവലം മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം. ആ ശുഷ്കരമായ ശേഖരത്തില്‍ 69 ശതമാനവും ഗ്രീന്‍ലാന്റിലെയും അന്റാര്ട്ടികയിലെയുമൊക്കെ മഞ്ഞുമലകളിലും ഹിമാനികളിലും കരുതി ഇരുപ്പാണ്. ബാക്കി ജലം ഭൂഗര്‍ഭജലമായി ഒളിച്ചുകഴിയുന്നുവത്രെ. ലോകത്തൊട്ടാകെയുള്ള ശുദ്ധജലത്തില്‍ കേവലം 0.3ശതമാനം മാത്രമാണ് പുഴകളിലും തടാകങ്ങളിലും നമുക്കു കാണാന്‍ പാകത്തില്‍ ശേഷിക്കുന്നത്.
ഭൂമിയിലെ 1000കോടി മനുഷ്യര്‍ക്ക് ശുദ്ധജലം അപ്രാപ്യരാണെന്നാണ് ഒരു കണക്ക്. ലോകജനസംഖ്യയില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ്. ശുദ്ധീകരിച്ച ജലം ലഭിക്കാനുള്ള ഭാഗ്യം. ബാക്കി 70 ശതമാനത്തിനും കിണറുകളും കുളങ്ങളും തടാകങ്ങളുമൊക്കെത്തന്നെ ആശ്രയം. ഇവയിലൊക്കെ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുഴയില്‍ മാലിന്യം കലര്‍ന്നാല്‍ മഴയും ഒഴുക്കുമൊക്കെ അത് കാലാന്തരത്തില്‍ മാറ്റിയേക്കാം. എന്നാല്‍ കുഴല്‍ക്കിണറുകളില്‍ ലഭിക്കുന്ന ജലത്തിന്റെ അവസ്ഥ അതല്ല.
ജലത്തിന്റെ ഉപയോഗം ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണെന്ന് �വാട്ടര്‍ -കീ ഡ്രൈവിംഗ് ഫോഴ്സ്�എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോ: പി.എസ്.ദത്ത സമര്‍ത്ഥിക്കുന്നുണ്ട്. ആഫ്രിക്കയില്‍ 88ശതമാനം ജലവും ഉപയോഗിക്കുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്കാണ്. കേവലം അഞ്ചുശതമാനം വ്യാവസായികാവശ്യങ്ങള്‍ക്കും ഏഴ് ശതമാനം വീട്ടാവശ്യത്തിനും. എന്നാല്‍ യൂറോപ്പില്‍ വ്യാവസായികാവശ്യങ്ങള്‍ക്കായി 54 ശതമാനം ജലവും കാര്‍ഷികാവശ്യങ്ങള്‍ക്കായി 33 ശതമാനം ജലവും ഉപയോഗിക്കുന്നു. പൊതുകണക്ക് പ്രകാരം ലോകത്തെ ഏറ്റവുമധികം ശുദ്ധജലസ്രോതസുകളുടെ ഉടമാവകാശം അമേരിക്കന്‍ ഭൂഖണ്ഡത്തിനാണ് – 45ശതമാനം. തൊട്ടുപിന്നില്‍ ഏഷ്യ (28%) യൂറോപ്പ് (15.5%), ആഫ്രിക്ക (9%) എന്നിങ്ങനെയാണ് പട്ടിക. ലോകത്തെ പുനരുപയോഗിക്കാവുന്ന സ്ഥായി ജലസ്രോതസുകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ബ്രസീല്‍, റഷ്യ, കാനഡ, അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണത്രെ. പക്ഷേ വെള്ളത്തിന്റെ ഭാവി അത്രശോഭനമല്ല; മനുഷ്യന്റെയും. 2025 ആകുമ്പോഴേക്കും 48 രാജ്യങ്ങളില്‍ വസിക്കുന്ന 2.8 ആയിരം കോടി ജനങ്ങള്‍ ശുദ്ധജലക്ഷാമം മൂലം പൊറുതിമുട്ടും.
ആരോഗ്യവാനായി ജീവിക്കാന്‍ ഒരു മനുഷ്യന് ദിനംപ്രതി രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദഗ്ദര്‍ ഉപദേശിക്കുന്നത്. അങ്ങിനെനോക്കിയാല്‍ ഒരാള്‍ തന്റെ ജീവിതകാലത്ത് 75000ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചു തീര്‍ക്കണം. മേല്പറഞ്ഞ പ്രകാരമാണെങ്കില്‍ അതിനുള്ള ശുദ്ധ ജലം എവിടെ?
കുടിച്ചാല്‍ മാത്രം മതിയോ? ഭക്ഷ്യധാന്യങ്ങള്‍ ഉത്പ്പാദിക്കാനും പശു വളര്‍ത്തി പാല് കറന്നെടുക്കാനുമൊക്കെ അസാരം വെള്ളം വേണം. ഒരു ടണ്‍ ഭക്ഷ്യധാന്യം ഉത്പ്പാദിക്കാന്‍ വേണ്ടത് 1000ടണ്‍ നല്ല വെള്ളം നാലുപേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ ആവശ്യത്തിനുവേണ്ട ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ 6800 ഗ്യാലന് വേണം. ഒരു ടണ്‍ ഗോതമ്പ് ഉണ്ടാക്കിയെടുക്കാന്‍ 1000 ടണ്‍ വെള്ളം വേണ്ടപ്പോള്‍ ഒരു ടണ്‍ നെല്ല് വിളയിച്ചെടുക്കാന്‍ വേണ്ടത് 2000 ടണ്‍ വെള്ളം. പച്ചക്കറി ഉത്പാദനത്തിനും വെള്ളം കൂടിയേ തീരൂ. തക്കാളിയില്‍ 95 ശതമാനവും ഉരുളക്കിഴങ്ങില്‍ 85 ശതമാനവും വെള്ളമാണെന്ന് അറിയുക. കൈതച്ചക്കയില്‍ 80 ശതമാനവും……
പക്ഷേ വെള്ളം അമൂല്യമാണെന്ന് പറയുന്നതല്ലാതെ അതിനെ നമുക്കും നമ്മുടെ വരും തലമുറയ്ക്കും ചരാചരങ്ങള്‍ക്കും വേണ്ടി സംരക്ഷിക്കാന്‍ എത്രപേര്‍ ശ്രമിക്കാറുണ്ട്. വിവിധതരത്തലുള്ള മലിനീകരണങ്ങളും ലവണവത്കരണവും ശുദ്ധജലത്തിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയാവുന്നുണ്ട്. പക്ഷേ വെറുതെപോകുന്ന വെള്ളമെങ്കിലും സംരക്ഷിക്കാന്‍ നാം തീര്‍ച്ചയായും ശ്രമിക്കേണ്ടതുണ്ട്. വാട്ടര്‍ ടാപ്പില്‍ നിന്ന് തുള്ളിതുള്ളിയായി വെള്ളം ലീക്കുചെയ്താല് ഒരുദിവസം നഷ്ടമാവുക. 75 ലിറ്റര്‍ വെള്ളം. പല്ലുതേക്കാന്‍ പലരും ചെലവാക്കുന്നത് ഏഴര ലിറ്റര്‍ വെള്ളംവരെ. ഷവറില്‍ ആഘോഷകരമായി അഞ്ച് മിനിറ്റ് കുളിക്കാന്‍ വേണ്ടിവരുന്നത് നൂറില്‍പരം ലിറ്റര്‍ വെള്ളം. പാശ്ചാത്യ മാതൃകയിലുള്ള കക്കൂസുകളില്‍ ഫ്ലഷ് ചെയ്യാന്‍ ചെലവാകുന്നത് ഏഴര മുതല്‍ ഇരുപത് ലിറ്റര്‍ വരെ ജലം. ഗാര്‍ഹിക ഉപയോഗത്തിനു വേണ്ടിവരുന്ന ജലത്തിന്റെ മുന്നില്‍ രണ്ടും ചെലവാകുന്നത് വീടുകളിലെ കുളിമുറിയിലാണെന്ന കാര്യം എത്രപേര്‍ ഓര്‍ക്കുന്നു? ആവര്‍ത്തിച്ചു പറഞ്ഞാലും അത്തരം സത്യങ്ങളൊക്കെ മറക്കാനാണല്ലോ നമുക്കിഷ്ടം – വെള്ളത്തില്‍ വരച്ച ചിത്രങ്ങള്‍ പോലെ.
വാല്‍ക്കഷണം
ഒരു ജല തന്മാത്ര അതിന്റെ നൂറ് വര്‍ഷത്തെ ആയുസ്സിനിടയില്‍ 98 വര്‍ഷവും കടലില്‍ വസിക്കുന്നു. 20 മാസക്കാലം മഞ്ഞുകട്ടയായും രണ്ടാഴ്ച തടാകത്തിലും ആ തന്മാത്ര ജീവിക്കും. കഷ്ടിച്ച് ഒരാഴ്ച അന്തരീക്ഷത്തില്‍ നീരാവിയായും ഈ തന്മാത്ര നിലനില്ക്കും….. പക്ഷേ ഇതൊക്കെ ശാസ്ത്രബോധമുള്ള രസികന്മാര് രൂപപ്പെടുത്തിയ കണക്കുകളാണെന്ന കാര്യം മറക്കേണ്ട!!!
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: