നല്ല എഴുത്തുകാര(രിയെ)നെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അഭിമാനം കൊള്ളുമ്പോള്‍ നല്ല പത്രാധിപരെക്കുറിച്ച് ആലോചിക്കാറുണ്ടോ? എഴുത്തിന്റെ വഴിയിലെ കാടുംപടലും വെട്ടിനീക്കി യാത്ര തട്ടും തടവുമില്ലാതെ സുഗമമാക്കാന്‍ ആ പത്രാധിപര്‍ എടുത്ത സമയത്തെക്കുറിച്ച്, താല്‍പ്പര്യത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ? ആര് ചിന്തിക്കാന്‍! വളര്‍ച്ചയുടെ ഉത്തുംഗതയില്‍ വിഹരിക്കുന്ന എഴുത്തുകാരന് കൂടി ആ വഴിക്കൊരു യാത്ര നടത്തില്ല; പിന്നെയല്ലേ ആസ്വാദകര്‍. എഴുത്തുകാരെ പരുവപ്പെടുത്തി എടുക്കുന്നതില്‍ പത്രാധിപന്മാര് കാണിക്കേണ്ട സൂക്ഷ്മതയും പക്വതയും ഇന്നത്തെ കാലത്ത് അസംബന്ധമായി തള്ളിയേക്കാം. എന്നാല്‍ അതില്‍ കാര്യമുണ്ടെന്നും വളരുന്ന തലമുറയുടെ കൈപിടിച്ച് നടത്തിക്കാന്‍ അവര്‍ നടത്തുന്ന ശ്രമത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാവണമെന്നും പറയാതെ പറയുന്നു ഒരു ആഴ്ചപ്പതിപ്പ്.
ഇത്തവണത്തെ ദേശാഭിമാനി വാരിക (വിഷുപ്പതിപ്പ്) മുന്നേ സൂചിപ്പിച്ച പരാമര്‍ശങ്ങളുടെ മൂര്‍ത്ത രൂപമാണ്. അതിന്റെ പത്രാധിപര്‍ കവറില്‍ ഇങ്ങനെ കുറിക്കുന്നു: കുട്ടികളിലാണ് പ്രതീക്ഷ. അതിനാല്‍ ഈ വിഷുപ്പതിപ്പിലെ താളുകള്‍ അവര്‍ക്ക് നല്‍കുകയാണ്. ചാരംമൂടിക്കിടക്കുന്ന അവരിലെ തീക്കനലുകള്‍ ഊതിപ്പെരുപ്പിക്കാന്‍… ഇങ്ങനെ ഊതിപ്പെരുപ്പിക്കാന്‍ ഒരു പത്രാധിപര്‍ നടത്തുന്ന ശ്രമത്തെ അങ്ങേയറ്റം സഹായിക്കാന്‍ ഈ മലയാള ദേശത്തെ എത്ര പത്രാധിപശിങ്കങ്ങള് തയ്യാറാവും? ഒത്താശക്കാരുടെയും സുന്ദരവിഡ്ഢികളുടെയും കാല്‍ക്കാശിന് വകയില്ലാത്ത രചനാ വൈകൃതങ്ങള്‍ക്ക് ഉമ്മറക്കോലായയില്‍ പരമപീഠം നല്കി വെഞ്ചാമരം വീശിക്കാന്‍ ആളെ ഏര്‍പ്പെടുത്തുന്ന മലീമസ വ്യവസായമായി പത്രപ്രവര്‍ത്തനം (സാഹിത്യപ്രവര്‍ത്തനം) അധപ്പതിച്ചു പോവുന്ന അവസരത്തിലാണ് ദേശാഭിമാനിവാരിക അസാധാരണ ചങ്കൂറ്റം കാണിച്ചിരിക്കുന്നത്.
പുതുമൊഴികള്‍ എന്നാണ് വിഷുപ്പതിപ്പിന് പേരിട്ടിരിക്കുന്നത്. പുതുമൊഴികള്‍ ആണെങ്കിലും ബഹുഭൂരിപക്ഷവും കനമൊഴികള് തന്നയാണ്. അമ്മു മുതല്‍ അനന്തര വരെയുള്ള 28 യുവ നക്ഷത്രങ്ങളെയാണ് സാഹിത്യ ചക്രവാളത്തില്‍ പത്രാധിപര്‍ നമുക്കു കാണിച്ചുതരുന്നത്. ഇരുത്തം വന്ന രചനയുടെ ആകാരസൗഷ്ഠവവും സൗന്ദര്യത്തിന്റെ ഒളിവെട്ടവും ഇവകളില്‍ വേണ്ടുവോളമുണ്ട്. ഒരുപക്ഷേ, വരുംകാലത്ത് തീക്ഷ്ണമായ അനുഭവങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ചുകൊണ്ടുപോകാന്‍ ഇവരില്‍ പലര്‍ക്കും കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭവ്യാമിത്ര എഴുതിയ പുഴ ഒറ്റനോട്ടത്തില്‍ പലരും പറഞ്ഞതല്ലേ എന്നു തോന്നിപ്പോകുമെങ്കിലും ഇരുവായനയും മുവ്വായനയും കഴിയുമ്പോള്‍ സ്ഫടിക സമാനമായ ഒരു ചിന്തയുടെ കീറ് നമുക്കതില്‍ ദര്‍ശിക്കാം; നോക്കുക:
ഒരിക്കല്‍,
ഓര്‍മകള്‍ പുതുക്കി കുളിക്കാന്‍ ചെന്നപ്പോള്‍
എന്തു ചെയ്യാം
പുഴയതിന്റെ പാട്ടിനുപോയി.
ഓരോന്നിന്റെയും സ്വത്വത്തിനു മീതേ തീക്കനലുകള്‍ വാരിയിടുമ്പോള്‍ എന്തുസംഭവിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി നിങ്ങള്‍ക്കിതിനെ ചൂണ്ടിക്കാട്ടാം. എന്താണെന്നറിയില്ല രചനകളില്‍ കവിതകളിലാണ് കത്തുന്ന സൗന്ദര്യം അതിന്റെ ആകാരവടിവുകള്‍ അതിസുന്ദരമായി ഒതുക്കിവെച്ചിരിക്കുന്നത്. പൂര്‍വസൂരികളുടെ രചനാകൗശലങ്ങള്‍ നോക്കിക്കാണുമ്പോഴും സ്വന്തം വ്യക്തിത്വത്തിന്റെ തിരയടികള്‍ 28 രചനകളിലും സമൃദ്ധമാണ്.
ഇനി കെ.ടി. യശ്വന്തിന്റെ കാണാത്ത മഴ നമ്മോട് പറയുന്നത് നോക്കുക:
നിലാവിന്റെ കെട്ടുകഥകളും
മണ്ണിനുമേലെ കുടപിടിക്കുന്നു.
മഴകാത്തുറങ്ങുന്ന മണ്ണ്
കുടയ്ക്കപ്പുറത്തെ-
മഴകാണാതെ
ഉറങ്ങിക്കൊണ്ടിരിക്കുന്നു…
ഈ ഉറക്കം ഭീഷണമായ ഒരു കാലത്തിന്റെ കുളമ്പടിയൊച്ചകളെ ഓര്‍മിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും പുതുമൊഴികള്‍ ശക്തമായ ഒരു ഭാവിയുടെ അസ്ഥിവാരമായി സജീവമായി നില്ക്കുന്നു. കൈക്കുറ്റപ്പാടില്ലാത്ത രചനകളേ പാടുള്ളൂ എന്ന ശാഠ്യം ജഡസമാനമായ ഒരവസ്ഥയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷാഭരിതമായ പ്രഭാതം കൊതിക്കുന്നവര്‍ കരുതുന്നത്. തുടക്കക്കാരെ കൈപിടിച്ചുകയറ്റാനുള്ള ശ്രമത്തില്‍ അപാകങ്ങളുണ്ടാവാമെന്ന് പത്രാധിപര്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ എത്ര അപാകങ്ങള്ക്കുശേഷമാണ് ഒരു പാകം ഉണ്ടാവുന്നത്. പാകപ്പിഴകളേ കാണൂ എന്നാണെങ്കില്‍ അതാവാം; അല്ലെങ്കില്‍ പ്രതീക്ഷയുടെ കൈത്തിരിയുമായി കാത്തിരിക്കാം. അപ്പോള്‍ പത്രാധിപര്‍ പറയുന്നതുകൂടി മനസ്സില്‍ കോറിയിടാം. ഒരു പുതിയ ലോകം സാധ്യമാണോ എന്ന് സ്വന്തം രചനകളിലൂടെ ഇവര്‍ ആരാഞ്ഞുകൊണ്ടേയിരിക്കുന്നു. പന്‍ഡോറയുടെ പെട്ടിയില്‍ പണ്ട് ബാക്കിനിന്ന പ്രതീക്ഷപോലും ഇപ്പോള്‍ അവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. എപ്പിമെത്യൂസിയന് കാലത്തില്‍ ഇവര്‍ ഒരു പ്രൊമെത്യൂസിനെ സ്വപ്നം കാണുന്നു. അങ്ങനെയൊരു സ്വപ്നം കാണാനുള്ള അവകാശത്തിനുനേരെ പത്രാധിപന്മാരേ നിങ്ങള്‍ വാള്വീശരുത്. നല്ല എഴുത്തുകാരെ കൈപിടിച്ച് നടത്തിക്കാന്‍ കാണിച്ച ധീരതയ്ക്ക് നല്ല പത്രാധിപര്‍ എന്ന വിശേഷണം തികച്ചും യോജിച്ച കെ.പി. മോഹനന് അഭിനന്ദനങ്ങള്‍, ഹൃദയത്തിന്റെ ഭാഷയില്‍; അദ്ദേഹം അത് നിരസിക്കുമെങ്കിലും.
പുത്തന്‍ കരുത്തുമായി സിപിഐ(എം) എന്നാണ് കേരളശബ്ദം (ഏപ്രില്‍ 29) പറയുന്നത്. പെണ്‍കുട്ടികളായ മൂന്ന് റെഡ് വളണ്ടിയര്‍മാര്‍ പ്രകടനത്തിന്റെയും പ്രകാശ് കാരാട്ടിന്റെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്നതാണ് മുഖചിത്രം. പ്രതീകാത്മകം എന്നോ മറ്റോ വേണമെങ്കില്‍ പറയാം. പാര്‍ട്ടിയുടെ കരുത്തും കാര്‍ക്കശ്യവും നിറഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വിലയിരുത്തുകയാണ് സ്വതന്ത്രരാഷ്ട്രീയ വാരികയായ കേരളശബ്ദം. ഒപ്പം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെക്കുറിച്ചും ചിലതു പറയുന്നുണ്ട്.
വിഎസ്സിനെ പിബിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് എന്ന വ്യാജ്യേനെ ചില കാര്യങ്ങള്‍ എടുത്തു പറയുകയാണ് പ്രദീപ് ഉഷസ്സ്. എല്ലാവരും അവരുടെ മാനത്ത് കണ്ടത് തന്നെയാണ് ഇതിലുമുള്ളത്. കേഡര്‍ പാര്‍ട്ടിയാവുമ്പോള്‍ കേഡറിസം കാണിക്കേണ്ടിവരും. അതിന്റെ മുമ്പില്‍ മറ്റൊന്നിനും പ്രസക്തിയില്ല. അച്യുതാനന്ദന് അച്യുതാനന്ദനായതിനു പിന്നില്‍ എന്ത് എന്ന ചോദ്യത്തിന് നേരാംവണ്ണം ഉത്തരം കിട്ടിയാല്‍ ശേഷിച്ചതൊക്കെ എളുപ്പത്തില്‍ നിര്‍ധാരണം ചെയ്യാം. അതിനൊക്കെ ആര്‍ക്ക്, എവിടെ സമയം.
പ്രാദേശിക പാര്‍ട്ടികളുടെ ഫെഡറേഷന് ഇന്ത്യ ഭരിക്കുമോ? എന്ന് ആശങ്കിക്കുന്നു. കെ.ജി. പരമേശ്വരന് നായര്‍. ദേശീയകക്ഷികള്‍ പ്രാദേശികകക്ഷികളുടെ നിഴലില്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന്റെ വസ്തുനിഷ്ഠമായ വിശകലനം ശ്രദ്ധേയമാണ്; നോക്കുക: ചില പ്രാദേശികകക്ഷികള്‍ ദേശീയപാര്‍ട്ടികളെയും ഇടതുപക്ഷ കക്ഷികളെയുംകാളേറെ പ്രബല ശക്തികളായി വളര്‍ന്നിട്ടുണ്ട്; വളര്‍ന്നുകൊണ്ടുമിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അധികാരത്തില്‍ തുടരാനും ദേശീയകക്ഷികള്‍ക്കും ഇടതുപാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കേണ്ടതുണ്ട്. സ്വന്തം സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭരിക്കാന്‍ തക്ക കരുത്താര്‍ജിച്ചിട്ടുണ്ട് ചില പ്രാദേശിക പാര്‍ട്ടികള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ പരാശ്രയപാര്ട്ടികളായിപ്പോയ ദേശീയകക്ഷികള്‍ക്കും ഇടതുപാര്‍ട്ടികള്‍ക്കും കഴിയുന്നതുമില്ല. തികച്ചും ഭീതിദമായ ഒരു അവസ്ഥാവിശേഷത്തിന്റെ തോടുപൊട്ടിക്കാനാണ് പരമേശ്വരന് നായര്‍ ശ്രമിക്കുന്നത്. എന്നാല്‍ അധികാരത്തിന്റെ അപ്പക്കഷ്ണത്തില്‍ മാത്രം ശ്രദ്ധയൂന്നി നില്ക്കുന്ന രാഷ്ട്രീയപുംഗവന്മാര് ഇതൊന്നും കാണുന്നില്ല. തുച്ഛനേട്ടത്തിന്റെ ബയണറ്റിന്തുമ്പില് ചോരപൊടിഞ്ഞാലും വെടിമരുന്ന് മണത്താലും തങ്ങള്‍ക്കൊന്നുമില്ലെന്ന നിലപാടാണ്. ദേശീയ രാഷ്ട്രീയം അവിടെ നില്ക്കട്ടെ പ്രാദേശികരാഷ്ട്രീയം മതി എന്നു കരുതുന്നുവര്ക്കടിപ്പെടാന് പാകത്തില്‍ നിന്നുകൊടുക്കുന്നവര്ക്കുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കയത്രേ കരണീയം.
പ്രകാശം അകലെയാണോ എന്ന ചോദ്യം മാധ്യമം ആഴ്ചപ്പതിപ്പി(ഏപ്രില്‍ 23)ലെ സഞ്ജയന് വകയാണ്. ഒടുക്കം പംക്തിയില്‍ നര്‍മവും നയവും ചേര്‍ത്ത് ടിയാന് ഓരോ ആഴ്ചയും കാച്ചുന്നത് കൗതുകപൂര്‍വം വായിച്ചുപോകാം. സദ്യക്കുശേഷമുള്ള ഒരു ഐസ്ക്രീം പരിപാടി. പിബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഎസ്സിന്റെ നേരെയുള്ള സഹതാപത്തിലൂടെ പുതിയ പാര്‍ട്ടി ലൈനിലേക്ക് ഒരു ടോര്ച്ചടിയാണ് സാധനം. സിപിഎമ്മിന്റെ ഈ മുന്നൊരുക്കത്തിനര്ഥം ഇനിയങ്ങോട്ട് ‘പൂഴിക്കടകനാണ്’ അടവ് എന്നത്രെ. അതില്‍ കടുംവെട്ടുകള്‍ക്ക് സ്ഥാനമില്ല. ചൈനയുടെയും റഷ്യയുടെയും മാതൃക ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രസമരതന്ത്രം താമസംവിനാ പുറത്തുവരുമെന്ന് വിചാരിക്കാമോ? വന്നാല്‍ അത് ‘ഒക്കുപ്പൈവാള്സ്ട്രീറ്റ്’ പ്രക്ഷോഭകര്‍ക്കും ‘മുല്ലപ്പൂ വിപ്ലവക്കാര്‍’ക്കും ഒരു അത്താണിയാകും. അതിന് വിഎസ്സ് പറ്റില്ലെന്ന് തോന്നിയതിനാലാവാം പുറത്തുനിര്‍ത്തിയത്. പ്രൊഫഷണല്‍ സമീപനത്തില്‍ അതൊക്കെയുണ്ടാവാം.
നേര്‍മുറി
ഇന്ധനവില വര്‍ധന ഉടന്‍
അന്തകന്‍ കുരുക്ക് മുറുക്കുന്നു
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: