ജയില്‍ ജീവിതത്തിലൂടെ പല പ്രമുഖവ്യക്തികളും കവിതകളും ആത്മകഥയുമായി പിന്നീട് സാഹിത്യലോകത്ത് സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നിരക്ഷരനായ വേലായുധന് സാഹിത്യരചനയില്‍ നൈപുണ്യം നേടുന്നത് കൗതുകകരമാണ്. എന്റെ സുഹൃത്തായ അശോക്കുമാറില്‍ നിന്നാണ് തടവറയിലെ സാഹിത്യകാരന് വേലായുധനെക്കുറിച്ച് അറിഞ്ഞത്.
വേലായുധന് ഇതിനകം ഏകദേശം 80 സൃഷ്ടികള്‍ പൂര്‍ത്തിയാക്കി. തന്റെ ഭാഷാസ്വാധീനം തിരിച്ചറിഞ്ഞ ജയിലില്‍ ഉദ്യോഗസ്ഥനായ ചന്ദ്രബാബു ആണ് അക്ഷരങ്ങള്‍ സ്വായത്തമാക്കാന്‍ പ്രചോദനമായത് എന്ന് വേലായുധന് പറയുന്നു. ജയിലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന തടവറയിലെ സംഗീതം എന്ന മാസികയില്‍ എട്ട് വര്‍ഷകാലം സജീവമായി സഹകരിച്ചു. 2001ല്‍ ജയിലിലെ ‘ഉണ്ട’ എന്ന വിഷയത്തെക്കുറിച്ചുള്ള കവിതാമത്സരത്തില്‍ ‘ഉണ്ടനൊമ്പരം’ എന്ന വേലായുധന്റെ കവിത സമ്മാനം നേടി. ചെയ്ത കുറ്റകൃത്യത്തിന്റെ ആഴം മനസ്സിനെ വേട്ടയാടിയിരുന്നെങ്കില്‍ സാഹിത്യലോകത്തെ ഒരംഗമാകാന്‍ ഇയാള്‍ക്കാകുമായിരുന്നില്ല. നാലാംക്ലാസ്സിന്റെ തതുല്യയോഗ്യതാ പരീക്ഷയും ഇതിനകം പാസ്സായി.
മദ്യാസക്തിയില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതാണ് വേലായുധന്റെ കുറ്റം. 2000-ല്‍ ആണിത്. കൂലിവേലക്കാരനായ ഇയാള്‍ മോശമല്ലാത്ത മദ്യപാനിയായിരുന്നു. ആദ്യം വിയ്യൂര്‍ ജയിലിലും പിന്നെ കണ്ണൂരിലും ആയിരുന്നു. വിയ്യൂരില്‍ വച്ചാണ് അക്ഷരങ്ങളുടെ സുഹൃത്താകാന്‍ സാധിച്ചത്. തന്നെ പോലെ നിസ്സാഹയത അനുഭവിക്കുന്നവരുടെ വേദനകളാണ്് സൃഷ്ടികള്‍ക്ക് ജന്മം നല്‍കിയത്. ഏകദേശം ഏഴായിരം പേരോളം തടവറയില്‍ ഉണ്ട്. ഇവരെക്കുറിച്ച് അറിയാനുള്ള ത്വരയാണ് മറ്റ് ജയിലുകളിലേക്കും പോകാന്‍ കാരണമായത്. അങ്ങനെ പ്രത്യേക അനുവാദത്തോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പിന്നീട് നെട്ടുകാല്‍ത്തേരിയിലും എത്തിയത്. തന്റെ കഴിവ് തിരിച്ചറിഞ്ഞ ജയിലധികൃതര്‍ നാമമാത്രമായ ജോലികള്‍ മാത്രമേ തന്നില്‍ ഏല്‍പിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് വായിക്കാന്‍ സമയം കിട്ടുന്നത് എന്നാണ് ഈ അക്ഷരസ്നേഹി പറയുന്നത്. ഇപ്പോള്‍ തുറന്ന ജയിലിലെ വായനശാലയുടെ ചുമതല വേലായുധനാണ്. ഇതിലൂടെ വായനയുടെ വേഗം കൂട്ടാം എന്നത് തന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി ഇയാള്‍ കരുതുന്നു. കവിതകളില്‍ തുടങ്ങിയ സാഹിത്യവാസന പിന്നീട് ചെറുകഥകളിലായി. മധൂസൂദനന്‍ സാറിന്റെ കവിതകളോടുള്ള ഭ്രമമാണ് നല്ലൊരു കവിയെ വാര്‍ത്തെടുക്കാന്‍ ഇയാളെ സഹായിച്ചത്. പല പ്രമുഖ പത്രങ്ങളിലും വേലായുധന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉന്നതസ്ഥലങ്ങളില്‍ നിന്നും പ്രോത്സാഹാനം തനിക്ക് കത്തുകളിലൂടെ ലഭിച്ചിരുന്നു എന്ന് വേലായുധന് ചാരിതാര്‍ഥ്യത്തോടെ ഓര്‍മിക്കുന്നു. കൂടാതെ കവയിത്രി റോസ്മേരി, കവി ഡി.വിനയചന്ദ്രന് എന്നിവരുടെ പ്രോത്സാഹനങ്ങള്‍ മറക്കാനാകാത്തതാണ്.
കണ്ണൂര്‍ ജയിലില്‍ അടുക്കളയുടെ ചുമതലയായിരുന്നതു കൊണ്ട് വായിക്കാനുള്ള സമയം നന്നേ കുറവായിരുന്നു. കലാകായിക മത്സരങ്ങളില്‍ സ്വയം പങ്കെടുത്തും മറ്റുള്ളവര്‍ക്ക് പ്രോത്സഹാനവും നല്‍കിയിരുന്നത് ഈ കാലത്താണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങളും സംഭവങ്ങളും വേലായുധനന്റെ പേനത്തുമ്പിലെ ഓരോ സൃഷ്ടികളായി പുനര്‍ജനിക്കുകയായിരുന്നു. ജയിലിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് തന്റെ സതീര്‍ഥ്യന്മാര്‍. ‘രസിക്കാത്ത സത്യങ്ങള്‍’ പിന്നെ ഓഷോയുടെ ഒട്ടുമിക്ക പുസ്തകങ്ങളും സ്വാധീനിച്ചവയില്‍ പെടുന്നു. പലതും ഒന്നോരണ്ടോ തവണ വായനയിലൂടെ മാത്രമേ തന്റെ ബോധമണ്ഡലത്തില്‍ സ്ഥാനം പിടിക്കാറുള്ളൂ എന്ന് വേലായുധന് പറയുന്നു. വായിക്കുന്നതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ഓര്‍മയില്‍ നില്‍ക്കുന്നത്. അതിലും ചെറിയ ഒരു ഭാഗം മാത്രം ആണ് എഴുത്തിലൂടെ പ്രസവിക്കുന്നത്.
വേലായുധന്റെ കവിതകളുടെ സ്ഥായീയായ ഭാവം ദുഃഖമാണ്. ഇതിന് കാരണം വേദനകളിലൂടെയാണ് സൃഷ്ടികള്‍ ജന്മമെടുക്കുന്നത്. ജീവന്റെ തുടിപ്പ് ഇയാളുടെ സൃഷ്ടികളില്‍ പ്രതിഫലിച്ചിരുന്നു. രാത്രിയുടെ യാമങ്ങളിലാണ് എഴുത്തിന് സമയം കണ്ടെത്തുന്നത്. ഓര്‍മകള്‍ പലപ്പോഴും തന്നെ വേട്ടയാടിയിരുന്നു. ഈ രോദനമാണ് മുറിവേറ്റ സ്വപ്നം എന്ന സൃഷ്ടിക്ക് കാരണമായത്. ഒരു നോക്കുകാണാന്‍ എന്ന കവിതയില്‍ തന്നാല്‍ കൊലചെയ്യപ്പെട്ട സഹധര്‍മണിയെ ഒരു നോക്കുകാണാനുള്ള ഹൃദയവ്യഥ ഈ കൃതിയില്‍ ഉടനീളം നിഴലിക്കുന്നുണ്ട്. സ്ത്രീയുടെ രണ്ടു ഭാവങ്ങള്‍ പറയുന്ന നാരിയുടെ അമ്മയില്‍ സ്ത്രീയുടെ മാതൃത്വവും അമ്മ എന്ന പവിത്രമായ നാമം മമ്മി എന്ന അപരന് വഴിമാറുന്നതിനെ വിശദീകരിക്കുന്നു വേലായുധന് തന്റെ അക്ഷരങ്ങളിലൂടെ.
കാഴ്ച നഷ്ടപ്പെട്ടവര്‍, വണ്ടിക്കാള, ശിഥില താളം, മാപ്പ്, ഭൂമി രോദനം ഇവ സാഹിത്യലോകത്തിന് വേലായുധന്റെ സംഭവനകളാണ്. തന്റെ ഭാര്യയോട് ചെയ്ത കുറ്റത്തിന്റെ വിലാപമാണ് ‘വിലാപം’ എന്ന കവിതയായി പുനര്‍ജനിച്ചത്. ഭൂമി രോദനത്തിലൂടെ മുത്തങ്ങ സംഭവമാണ് ചിത്രീകരിച്ചത്. മാപ്പില്‍ തന്റെ ഭാര്യയോട് ക്ഷമയാചിക്കുന്നതാണ് ഇതിവൃത്തം.
ജയിലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘തടവറയിലെ സംഗീതം’ എന്ന മാസികയില്‍ പതിവായി എഴുതിയിരുന്നു. അതിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഒ.എന്‍.വിയെപ്പോലുള്ളവരുമായി ഇടപെഴാകാന് അവസരവും ലഭിച്ചത് അനര്‍ഘനിമിഷങ്ങളായി ഈ നാല്പത്തേഴുകാരന് കാണുന്നു.
പലപ്പോഴും പൂര്‍ത്തിയായ തന്റെ കൃതികള്‍ വായിക്കുമ്പോള്‍ അതിലെ കാവ്യാത്മകതയില്‍ സ്വയം അദ്ഭുതവും അഭിമാനവും തോന്നിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണത തോന്നാത്ത നിമിഷങ്ങളുമുണ്ട്. ചിതറിക്കിടക്കുന്ന അക്ഷരപ്പൊട്ടുകളെ ഒരു കുടക്കീഴില് പദവിന്യാസം ചെയ്യുമ്പോള്‍ അതിന് കലാമൂല്യം ഉണ്ടാകുന്നു. ഇതാണ് നല്ലരു സൃഷ്ടിയുടെ ജന്മത്തിന് സാക്ഷ്യം വഹിക്കുന്നത്. പരോളില്‍ കഴിയുമ്പോഴും വേലായുധന് തന്റെ കര്‍മപരിപാടിയില്‍ വ്യാപൃതനാണ്. വേലായുധന്റെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍ അനാഥത്വത്തിന്റെ കറുപ്പ് നന്നായി മനസ്സിലാക്കി. കുഞ്ഞുനാളിലെ അച്ഛന്റെ തിരോധാനം നിമിത്തം പഠിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ കുഞ്ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന ദുഃഖം വേലായുധനുണ്ട്. പശ്ചാത്താപത്തിന് ഇടം കൊടുക്കാത്ത മനസ്സുമായി അക്ഷരലോകത്തേക്ക് കുതിക്കുകയാണ് വേലായുധന്. തിരിച്ചറിവില്ലായ്മയില്‍ നിന്ന് വന്ന കൈപ്പിഴ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറച്ചു. ജീവിതത്തില്‍ സോറി എന്ന് പറയാന്‍ ആര്‍ക്കും ഇടംകൊടുക്കരുത്. അതിന് ഒരു അവസരം നാം ആയി ഉണ്ടാക്കരുത്. ക്ഷമ ജീവിതത്തല്‍ വിലപ്പെട്ട പലതും നേടാനും നഷ്ടപ്പെടാതിരിക്കാനും സഹയിക്കുമെന്ന് വേലായുധന് സ്വന്തം ജീവിതാനുഭവത്തിലൂടെ പഠിച്ച പാഠമാണ്.
ഷൈലാ മാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: