തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭിണികളായ പശുക്കളെ മാംസത്തിനു വേണ്ടി കൊല്ലുന്നതു നിരോധിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നിയമത്തില്‍ വേണ്ട മാറ്റം വരുത്തി ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കശാപ്പുശാലകളില്‍ ഇത്തരം ക്രൂരതകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആടുകള്‍ക്കും മറ്റു നാല്ക്കാലികള്ക്കും ഈ തീരുമാനം ബാധകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്കുന്നതിനുള്ള സ്ഥലമെടുപ്പ് ഫാസ്റ്റ്ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കുടിവെള്ളം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്താന്‍ സാധ്യമായ എല്ലാനടപടികളും സ്വീകരിക്കും. ജലചൂഷണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിവിവാദം അടഞ്ഞ അധ്യായം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം അതിശയോക്തി കലര്‍ന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് മാറ്റത്തിന് അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംലീഗ് തുടക്കം മുതല്‍ തന്നെ അഞ്ചു പദവികള്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തില്‍ ജനങ്ങളുടേതാണ് അവസാന വാക്ക്. ഒരു ദിവസം പോലും വിവാദത്തില്‍ കുരുങ്ങി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കരുതെന്ന നിര്‍ബന്ധമുണ്ട്. ഒരു ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളുമെല്ലാമുണ്ടാകും. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.
സംസ്ഥാനപാര്ട്ടിയിലെ അവസാന തീരുമാനങ്ങള്‍ കെ.പി.സിസി പ്രസിഡന്റിന്റേത് ആയിരിക്കും. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഗവണ്മെന്റിന്റെ വിലയിരുത്തലാകും. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പിറവം ഉപതെരഞ്ഞെടുപ്പിലെ വിജയം. ഇതു തന്നെ നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: