മൂവാറ്റുപുഴ: എറണാകുളം, ഇടുക്കി ജില്ലകളിലെ മുപ്പതിനായിരത്തോളം വരുന്ന വിമുക്തഭടന്മാര്ക്ക് കൊച്ചി നേവല്‍ ബേസില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ ജില്ലകളിലെ വിമുക്ത ഭടന്മാര്ക്കായി മൂവാറ്റുപുഴയില്‍ എക്സസര്വ്വീസ്മെന് പോളിക്ലിനിക് സ്ഥാപിക്കുന്നത്. ഏകദേശം മുന്നൂറോളം പേര് ദിനംപ്രതി എത്തുന്ന കൊച്ചിയിലെ പോളിക്ലിനിക്കില്‍ എത്തുവാനുള്ള ബുദ്ധിമുട്ടും പരിമിതികളും മനസ്സിലാക്കിയാണ് കിഴക്കന്‍ മേഖലയ്ക്ക് വേണ്ടി രണ്ട് ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ രാജ്യരക്ഷാ വകുപ്പ് തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴയില്‍ ആദ്യ ക്ലിനിക്ക് സ്ഥാപിക്കുന്നത്. അടുത്ത ക്ലിനിക്ക് സ്ഥല ലഭ്യത അനുസരിച്ച് ഇടുക്കി ജില്ലയില്‍ ആരംഭിക്കും.
ഒരു സ്പെഷ്യലിസ്റ്റ് ഡോകടറും, രണ്ട് ജനറല്‍ ഡോക്ടര്‍ മാരും ഒരു ദന്തിസ്റ്റിന്റെയും സേവനം ലഭ്യമായ ഇവിടം റഫറല്‍ ആശുപത്രി മാത്രമാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമായ രോഗികളെ എറണാകുളം അമൃത, കോലഞ്ചേരി മെഡിക്കല്‍ കോളേജ് എന്നിവയുള്‍പ്പടെ ജില്ലയിലെ തന്നെ പത്തോളം ആശുപത്രികളില്‍ സൗജന്യ ചികിത്സാ സഹായം ഏര്‍പ്പെടുത്തിയാണ് പോളിക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിട്ടയേര്‍ഡ് കമാന്‍ഡര്‍ എ.വി.കെ കണ്ണന് പറഞ്ഞു.
രാവിലെ 8മുതല്‍ വൈകിട്ട് 4വരെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ചികിത്സ ഇന്ന് മുതല്‍ ആരംഭിക്കും. വെള്ളൂര്‍ക്കുന്നം ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കരുണ നേഴ്സിംഗ് ഹോം ലീസിനെടുത്താണ് ഇപ്പോള്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. നഗരസഭ സ്ഥലം നല്കുമെങ്കില് ഭാവിയിലേക്ക് പാവപ്പെട്ടവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന നിലയില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളതായി നേവല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് മറുപടിയായി അതിനുവേണ്ട സൗകര്യങ്ങള്‍ നല്കാന് തയ്യാറാണെന്ന് നഗരസഭ ചെയര്‍മാനും എം എല്‍ എയും വാഗ്ദാനം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: