ലാഹോര്‍: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ നിന്നും പാക്കിസ്ഥാനും ഇന്ത്യയും പാഠം ഉള്‍ക്കൊള്ളണമെന്നും ഇരു രാജ്യങ്ങളും സിയാച്ചിനിലെ സേനാവിന്യാസം പുനഃപരിശോധിക്കണമെന്നും പാക് വിദേശ കാര്യമന്ത്രി ഹിന റബ്ബാനി അഭിപ്രായപ്പെട്ടു. ഗ്യാരി സൈനിക ക്യാമ്പിലുണ്ടായ ദുരന്തത്തില്‍നിന്നും മറ്റു രാജ്യങ്ങളും പാഠം ഉള്‍ക്കൊള്ളണം. സിയാച്ചിനിലെ സേനാവിന്യാസത്തെ ഇരുരാജ്യങ്ങളും പുനഃപരിശോധന നടത്തണമെന്നും ലാഹോറില്‍ നടന്ന പോളോ മത്സരം ഉദ്ഘാടനം ചെയ്യവെ അവര്‍ പറഞ്ഞു.
ഈ മാസം ഏഴിന് സിയാച്ചിനിലെ ഗ്യാരി ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ 11 സിവിലിയന്മാരുള്പ്പെടെ 127 സൈനികര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സിയാച്ചിനിലെ സൈനിക വിന്യാസത്തെ പിന്‍വലിക്കണമെന്ന് പാക് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 1984 മുതലാണ് ഇരുരാജ്യങ്ങളും സിയാച്ചിനില്‍ സൈന്യത്തെ വിന്യസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2003 ന് ശേഷം ഇതുവരെ സിയാച്ചിനില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിയാച്ചിനിലെ മോശം കാലാവസ്ഥമൂലം നൂറുകണക്കിന് സൈനികരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്.
സൈനികര്‍ തമ്പടിച്ചിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തണുപ്പുള്ള പ്രദേശമാണ് സിയാച്ചിന്‍. ഇന്ത്യയുമായി പാക്കിസ്ഥാന് സമാധാനപരമായ ബന്ധം സ്ഥാപിക്കാനാണ് താല്‍പ്പര്യമെന്നും ഇന്ത്യയിലെ സര്‍ദാരിയുടെ ഏകദിന സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സഹായിച്ചുവെന്നും റബ്ബാനി കൂട്ടിച്ചേര്‍ത്തു. കാബൂളില്‍ താലിബാനും സൈനികരുമായി നടത്തിയ ഏറ്റുമുട്ടലിനെ റബ്ബാനി അപലപിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റിനായി അടുത്ത മാസം പാക്കിസ്ഥാനില്‍ എത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റംഗങ്ങളെ റബ്ബാനി സ്വാഗതം ചെയ്തു. ലാഹോറില്‍ 2009 ല്‍ ശ്രീലങ്കന്‍ ടീമംഗങ്ങള്ക്കെതിരെയുണ്ടായ ഭീകര ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു ദേശീയ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്താനായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: