ജനുവരി 28. ഓസ്ട്രേലിയയിലെ അഡ്ലേഡ് ഓവലില്‍ നാലാമത്തെ ടെസ്റ്റും ഓസീസിന് മുന്നില്‍ അടിയറവച്ച് ടീം ഇന്ത്യ അപമാനത്താല്‍ തലതാഴ്ത്തി നില്ക്കുമ്പോള് അതേ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ പാര്‍ക്കില്‍ ലിയാന്‍ഡര്‍ പേസെന്ന ഇന്ത്യന്‍ ടെന്നീസിന്റെ പ്രകാശഗോപുരം കത്തിജ്ജ്വലിക്കുകയായിരുന്നു. വിദേശ മണ്ണില്‍ തുടര്‍ച്ചയായ എട്ട് പരാജയമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യ വാരിപ്പുണര്ന്നപ്പോള് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഡബിള്‍സ് കിരീടം നേടി കരിയര്‍ ഗ്രാന്‍സ്ലാമെന്ന ചരിത്ര നേട്ടത്തിനവകാശിയാവുകയായിരുന്നു പേസ്. ടീം ഇന്ത്യ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഇന്ത്യന്‍ കായിക പ്രേമികളുടെ അഭിമാനം ആഹ്ലാദത്തിന്റെ എവറസ്റ്റ് കയറ്റുകയായിരുന്നു പേസ്. ‘പുതിയ സീസണിലെ തിരക്കേറിയ മത്സരങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’.
മത്സരശേഷം പറഞ്ഞ ഈ വാക്കുകള്‍ വെറുതെയല്ലെന്ന് ഒരിക്കല്‍ക്കൂടി പേസ് തെളിയിച്ചു. മയാമി മാസ്റ്റേഴ്സ് ടെന്നീസ് ഡബിള്‍സില്‍ കിരീടം നേടി കരിയറില്‍ 50 ഡബിള്‍സ് കിരീടമെന്ന അപൂര്‍വ്വ നേട്ടത്തിനും ഉടമമായി പേസ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കൂട്ടത്തോല്‍വിക്ക് കാരണം ‘വയസന്‍പട’ യാണെന്ന് ആക്ഷേപമുയരുന്നിടത്താണ് 38 കാരനായ-ഓസീസ് പര്യടനത്തിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായിരുന്ന ദ്രാവിഡിനേക്കാള്‍ ഒരു വയസ് കുറവ്- പേസിന്റെ വിജയം ആഘോഷിക്കപ്പെടേണ്ടത്. ടെന്നീസ് കോര്‍ട്ടിലെ പേസിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ പ്രായത്തിനുപോലും സാധിക്കുന്നില്ല; കണ്ടുപഠിക്കേണ്ടിയിരിക്കുന്നു കായികലോകം പേസിനെ.
വഴിതെറ്റി വന്ന് ടെന്നീസ് കോര്‍ട്ടിലെത്തിയ ചരിത്രമല്ല പേസിന്റേത്. കളിക്കളത്തിലെ വീറും വാശിയും രക്തത്തിലുള്ളതാണ്. 1972 ലെ മ്യൂണിച്ച് ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മിഡ്ഫീല്‍ഡറായിരുന്ന വെസി പേസിന്റെയും 1980 ലെ ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ച ജെന്നിഫറിന്റേയും മകനായാണ് പേസിന്റെ ജനനം. ചെറുപ്രായത്തില്‍ തന്നെ മകന്റെ താത്പര്യം മനസിലാക്കിയ രക്ഷിതാക്കള്‍ അവനെ മദ്രാസിലെ ബ്രിട്ടാനിയ അമൃത്രാജ് ടെന്നീസ് അക്കാദമിയില്‍ ചേര്‍ത്തു കുട്ടിക്കാലത്ത് പഠനത്തേക്കാള്‍ താത്പര്യം അവന് കളിക്കലത്തിലായിരുന്നു- അമ്മ ജന്നിഫര്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാദമിയിലെ പരിശീലനം പേസിന്റെ ജീവിത്തില്‍ വഴിത്തിരിവായി. 1990 ല്‍ പതിനാറാം വയസില്‍ ഡേവിസ് കാപ്പില്‍ പേസ് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം വിബിള്‍ട്ടണ്‍ ജൂനിയര്‍ കിരീടം നേടി ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കിയ പേസ് ടെന്നീസ് ലോകത്തെ തന്റെ വരവറിയിച്ചു. പിന്നീടങ്ങോട്ട് 22 വര്‍ഷമായി ഇന്ത്യയുടെ ടെന്നീസ് ചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത് പേസ് യാത്ര തുടരുന്നു. ഇതുവരെ നേടിയ 13 ഗ്രാന്സ്ലാം നേട്ടങ്ങളും 50 ഡബിള്‍സ് കിരീടങ്ങളും തന്നെ ആ പ്രതിഭയ്ക്ക് തെളിവ്.
1991 ല്‍ ഓസ്ട്രേലിയക്കാരനായ ചാള്ട്ടന് ഈഗിളിനൊപ്പമാണ് പേസ് ആദ്യമായി ഡബിള്‍സ് കളിക്കാനിറങ്ങിയത്. 1997 ല്‍ ചെന്നെ എ.ടി.പി ടൂര്‍ണമെന്റില്‍ മഹേഷ് ഭൂപതിക്കൊപ്പമായിരുന്നു പേസിന്റെ ആദ്യ ഡബിള്‍സ് കിരീടം. പേസിന്റെ പകുതിയിലേറെയും കിരീടങ്ങള്‍ ഭൂപതിക്കൊപ്പമായിരുന്നു. 17 വ്യത്യസ്ത സീസനുകളില്‍ ഒന്നിച്ചു. ഈ ഇന്ത്യന്‍ എക്സ്പ്രസ് കൂട്ടുകെട്ട് നേടിയത് 26 കിരീടങ്ങളാണ്. ഇന്ത്യയുടെ വിശ്വസ്ത ജോടികളായി മുന്നേറിയ ഭൂപതി-പേസ് സഖ്യം പക്ഷേ ഇടയ്ക്കു വെച്ച് തെറ്റിപ്പിരിഞ്ഞു.ഈ വര്‍ഷത്തെ ലണ്ടന്‍ ഒളിംപിക്സ് മുന്നില്‍ക്കണ്ട് ഒരിക്കല്‍ കൂടി ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചെങ്കിലും അല്പായുസേ ഉണ്ടായിരുന്നുള്ളൂ. മാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസ് വീണ്ടും വഴി പിരിഞ്ഞു. പുതിയ സീസണില്‍ പേസിന്റെ കൂട്ട് ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റീപാനിക്കാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി. കരിയര്‍ ഗ്രാന്സ്ലാം പൂര്‍ത്തിയാക്കുമ്പോഴും 50 ാം ഡബിള്‍സ് കിരീടം നേടുമ്പോഴും ചെക് താരം തന്നെയായിരുന്നു കൂട്ടിന്.
പേസിന്റെ 50 ഡബിള്‍സ് കിരീടങ്ങളില്‍ ഏഴെണ്ണം ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളിലാണ് പിറന്നത്. ഫ്രഞ്ച് ഓപ്പണ്‍ (1999, 2001, 2009) , വിമ്പിള്‍ടണ്‍ (1999) യു.എസ് ഓപ്പണ്‍ (2000, 2009) എന്നിവ നേടാനായെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ പേസിന് കിട്ടാക്കനിയായിരുന്നു. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച് പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയാണ് പേസ് നല്‍കുന്നത്.
മിക്സഡ് ഡബിള്‍സിലെ നേട്ടങ്ങളിലും പേസ് പിറകിലല്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2007, 2010) ഫ്രഞ്ച് ഓപ്പണും (2005 ) വിബിള്‍ട്ടണും (1999, 2003, 2010) യു.എസ്. ഓപ്പണും (2008) നേടിയിട്ടുണ്ട്. ഇത്തവണത്തെ ചെന്നൈ ഓപ്പണില്‍ യാങ്കോതിസ്പ്പെരേവിച്ചിനൊപ്പം ഡബിള്‍സില്‍ വിജയിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് തവണ സ്വര്‍ണം നേടിയ പേസ് ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനുമായിരുന്നു.
ടെന്നീസ് ലോകത്തിന്റെ പരിധിക്കപ്പുറത്തു നിന്നുവിലയിരുത്തപ്പെടേണ്ട താരമാണ് പേസ്. ഇന്ത്യയുടെ ഏക്കാലത്തേയും മികച്ചകായിക പ്രതിഭകളുടെ കൂട്ടത്തില്‍തന്നെയാണ് പേസിന്റെയും സ്ഥാനം.
മത്സരങ്ങള്‍ യുവത്വത്തിന്റെ ആഘോഷമാണെന്ന് ഉദ്ഘോഷിക്കപ്പെടുമ്പോള്‍, പ്രായം പ്രതിഭകള്‍ക്ക് വിലങ്ങിടുമ്പോള്‍ അതിനൊരപവാദമാണ് ടെന്നീസ് കോര്‍ട്ടില്‍ ലിയാന്‍ഡര്‍ പേസ് പ്രകടിപ്പിക്കുന്ന ആധിപത്യം. തികഞ്ഞ കായികക്ഷമതയും വിജയത്തോടുള്ള അഭിനിവേശവുമാണ് പേസിനെ 38-ാം വയസിലും വിജയത്തിന്റെ കിരീടമണിയിക്കുന്നത്.
രാജ്യത്തിനു വേണ്ടികളിക്കുമ്പോഴാണ് പേസില്‍ നിന്നും ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടുള്ളത്. കായിക ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ മറന്നു പോകുന്ന ഈ അര്‍പ്പണ ബോധമാണ് മറ്റ് കളിക്കാര്‍ മാതൃകയാക്കേണ്ടതും.
1996 ല്‍ യുഎസിലെ അറ്റ്ലാന്റയില്‍ ഒളിംപിക്സ് സിംഗിള്‍സില്‍ വെങ്കല പ്രഭയില്‍ നില്ക്കുമ്പോള് പേസ് പറഞ്ഞു ” എനിക്കെന്റെ അച്ഛന്റെ കണ്ണുകള്‍കാണാം. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒളിംപിക്സ് മെഡല്‍ ലഭിച്ചിരിക്കുന്നു” അഞ്ച് തവണ ഒളിംപിക്സില്‍ പങ്കെടുത്ത പേസിന് ഒരാഗ്രഹം കൂടിയുണ്ട്. ഒളിംപിക്സില്‍ ഇന്ത്യക്കു വേണ്ടി ഒരു സ്വര്‍ണം. പേസിന്റെ പ്രകടനങ്ങള്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലണ്ടന്‍ ഒളിംപിക്സില്‍ ഒരു സ്വര്‍ണം.. അത് പേസിനെപ്പോലെ തന്നെ ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്, പ്രാര്‍ത്ഥനയാണ്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: