ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ യുഎസ് വിമാനത്താവളത്തില്‍ അവഹേളിച്ച സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവു ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും നിരുപമ പറഞ്ഞു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അവര്‍. ന്യൂയോര്‍ക്കിലുണ്ടായ സംഭവം ഇന്ത്യയിലെ എല്ലാവര്ക്കും ആശങ്ക നല്കുന്ന കാര്യമാണ്. കാരണം അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഖാന് എന്നും നിരുപമ വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത് തങ്ങളുടെ മാത്രം ആശങ്കയല്ല, രാജ്യത്തെ മുഴുവന്‍ പേരുടെയും ആശങ്കയാണെന്നും ഇന്ത്യയുടെ ആശങ്കയുടെ ആഴം എത്രമാത്രമാണെന്ന് യുഎസ് അധികൃതര്‍ മനസിലാക്കണമെന്നും അവര്‍ കൂടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രശസ്തരായിട്ടുള്ള വ്യക്തികളെ ഇതിനുമുമ്പും ന്യൂയോര്‍ക്കില്‍ അവഹേളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
എന്നാല്‍ ഷാരൂഖ് ഖാനെതിരെയുണ്ടായ സംഭവം ഇനി ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നാണ് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാരൂഖിനെ യുഎസ് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചത്. എയ്ല് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ എത്തിയതായിരുന്നു ഖാന്. ഇതിന് മുമ്പും ഷാരൂഖിനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: