കൊച്ചി: ഇച്ഛാശക്തിയാണ് മികച്ച സംരംഭകനെ സൃഷ്ടിക്കുന്നതെന്ന് നൗകരി ഡോട് കോം സ്ഥാപകനും വൈസ് ചെയര്‍മാനുമായ സഞ്ജീവ് ബിഖ്ചന്ദാനി അഭിപ്രായപ്പെട്ടു. താന്‍ ഭാവിയില്‍ എന്താവണമെന്ന ധാരണ ചെറു പ്രായത്തില്‍ തന്നെ ഉണ്ടായിരിക്കണം; പ്രസ്തുത ലക്ഷ്യം നേടാന്‍ ക്ഷമയോടുകൂടി പ്രയത്നിക്കുകയും വേണമെന്ന് കേരളാ മാനേജ്മെന്റ് അസോസിയേഷനും ഓള് ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷനും ചേര്‍ന്ന് ചൊവ്വാഴ്ച ഇവിടെ നടത്തിയ യുവ മാനേജര്‍മാര്‍ക്കും ബിസിനസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ‘ഷേപ്പിങ് യങ്ങ് മൈന്റ്സ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ബിഖ്ചന്ദാനി പറഞ്ഞു.
നമ്മുടെ നാട്ടിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി ഒരു പരീക്ഷണം നടത്താന്‍ പൊതുവെ തയ്യാറല്ല. പക്ഷെ വ്യത്യസ്തവും വിഷമകരവുമായ വഴികള്‍ കണ്ടെത്താന്‍ യുവാക്കള്‍ തയ്യാറാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വലിയ വിജയങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളു. വന്നുചേരുന്ന അവസരങ്ങള്‍ സാധാരണഗതിയില്‍ വലുതായിരിക്കില്ലെന്ന് ബിഖ്ചന്ദാനി ചൂണ്ടിക്കാട്ടി. അതിനാല്‍ ചെറുതില്‍ നിന്ന് തുടങ്ങി നന്നായി അദ്ധ്വാനിക്കണം. പണത്തിനു വേണ്ടി മാത്രം നിലകൊണ്ടതുകൊണ്ട് കാര്യമില്ല; വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കണം. ക്ഷമയോടുകൂടി മുന്നോട്ടുപോയാല്‍ പണം താനെ വരും. ഉത്തരം കാണാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം – ബിഖ് ചന്ദാനി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകത്തിലെ മുന്‍ ലോകായുക്ത് ജസ്റ്റീസ് എന്‍. സന്തോഷ് ഹെഗ്ഡെ, ടൈം ഓഫ് ഇന്ത്യ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. ഭാസ്കര്‍ ദാസ്, നടി ഖുഷ്ബു എന്നിവരും ക്ലാസെടുത്തു. എവിടി മെക്കോര്‍മിക് ഇന്ഗ്രഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എംഎസ്എ കുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. പത്മകുമാര്‍, ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ പമേല അന്ന മാത്യു, വി-ഗാര്‍ഡ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് സ്ലീബ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് ഡയറക്ടര്‍ ജനറല്‍ രേഖാ സേഥി, കെഎംഎ പ്രസിഡന്റ് കെ.എന്‍. ശാസ്ത്രി, കെഎംഎ സ്റ്റുഡന്‍സ് ഫോറം ചെയര്മാന് വി. ജോര്‍ജ് ആന്റണി എന്നിവരും പ്രസംഗിച്ചു.
കെഎംഎ ബിസിനസ് സ്കൂളുകള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ എസ്സിഎംഎസ്സിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ രാജഗിരി സെന്റര്‍ ഓഫ് ബിസിനസ് സ്റ്റഡീസ്, കുസാറ്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവയ്ക്കും സഞ്ജീവ് ബിഖ്ചന്ദാനിയും രേഖാ സേത്തിയും ട്രോഫികള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: