പെരുമ്പാവൂര്‍: എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന് സംഘടിപ്പിച്ച എട്ട് ദിവസം നീണ്ടുനിന്ന വിജ്ഞാന യജ്ഞമായ ശ്രീനാരായണ ദര്‍ശനോത്സവത്തിന് തിരശ്ശില വീണു. ശ്രീനാരായണ തത്വചിന്തയും ഭക്തിയും അദ്ധ്യാത്മിക ശാസ്ത്രവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് നടന്ന പഠനക്ലാസ്സുകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും സമാപനം കുറിച്ചു കൊണ്ട് യൂണിയന് ആസ്ഥാനത്തുവെച്ച് നടന്ന സമാപന സമ്മേളനം കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി എന്ന തന്റെ ഗ്രാമത്തില്‍ പണ്ട് ഗുരുദേവന് ജീവിച്ചിരുന്ന കാലത്ത് കോളറയും വസൂരിയും വന്നപ്പോള്‍ ഈഴവ പ്രമുഖനായ നാരായണന് എന്നയാള്‍ ചേര്‍ത്തലയില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണ ഗുരുദേവനെക്കണ്ട് കുമ്പളങ്ങിയില്‍ വരുവാന്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തോട് കുമ്പളങ്ങിയില്‍ ശുദ്ധജലം ലഭിക്കുവാന്‍ സൗകര്യമുണ്ടോയെന്നും പള്ളിക്കൂടങ്ങളുണ്ടോ എന്നു തിരക്കുകയും ഇല്ലായെന്ന് മറുപടിപറഞ്ഞപ്പോള്‍ കുളങ്ങള്‍ കുഴിക്കുവാനും പള്ളിക്കുടങ്ങള്‍ ഉണ്ടാക്കുവാന്‍ ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പിടിയരി പിരിച്ച് കുളങ്ങള്‍ കുഴിക്കുകയും പള്ളിക്കുടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്നേക്കാലത്തും ഗുരുദേവന് ശുചിത്രം വിദ്യാഭ്യാസം എന്നിവയുടെ പ്രസക്തി മനസ്സിലാക്കി ആളുകളെ അതനുസരിച്ച് ജീവിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് ഗുരുദേവന്റെ ദീര്ഘവീക്ഷണത്തിനുദാഹരണമാണ് എന്നദ്ദേഹം പറഞ്ഞു. എം.എ.യൂസഫലി മുഖ്യാതിഥിയായിരുന്നു.
ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അവകാശ പോരാട്ടങ്ങളില്‍ ഗുരുദേവന് ഒരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വ്വമത സമ്മേളനം നടന്ന കാലത്ത് ചോദിച്ചവരോട് ഗുരുദേവന് പറഞ്ഞത് വാദിക്കാനും ജയിക്കാനുമല്ല അറിയുവാനും അറിയിക്കാനുമാണെന്നാണ്. ഗുരുദേവന്റെ ഈ വാക്കുകള്‍ക്ക് ഇത്തരം ജ്ഞാന യജ്ഞങ്ങള്‍ വഴി എല്ലാവരിലേക്കും എത്തിക്കുവാനും അതുവഴി സമൂഹത്തിനാകമാനം ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനലക്ഷ്മി ബാങ്ക് അനുവദിച്ച ഒരു കോടി രൂപയുടെ വായ്പായുടെ വിതരണം ഗുരുദീപം, ഗുരുകൃപ എന്നീ മൈക്രോ ഫൈനാന്‍സ് യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തു കൊണ്ട് യോഗം പ്രസിഡന്റ് എം.എന്‍.സോമന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന് സെക്രട്ടറി ഇ.ബി.ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ.കൃഷ്ണന്, യോഗം കൗണ്‍സിലര്‍ സജിത് നാരായണന് ദര്‍ശനോത്സവം കോ-ഓര്‍ഡിനേറ്റര്‍ കെ.എ.പൊന്നുമാസ്റ്റര് യോഗം ബോര്ഡംഗംങ്ങളായ ടി.എന്‍.സദാശിവന്, എം.എ.രാജു, ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ആര്.സുരേഷ് ബാബു, കുത്താട്ടുകുളം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി സി.കെ.സത്യന് യൂണിയന് കൗണ്‍സിലര്‍മാരായ കെ.എന്‍.ഗോപാലകൃഷ്ണന്, ഇ.എം.ഹരിദാസ്, കെ.എ.മോഹന്‍കുമാര്‍, ടി.എസ്.ബൈജു, ബൈജു കിടങ്ങൂര്‍, ഉണ്ണി അയ്യമ്പുഴ, ശ്രീനാരായണ എംപ്ലോയീസ് വെല്‍ഫെയര്‍ ഫോറം യൂണിയന് പ്രസിഡന്റ് കെ.എം.സജീവ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മനോജ് കപ്രക്കാട്ട്, സെക്രട്ടറി വി.ജി.പ്രതീഷ്, വനിതാ സംഘം പ്രസിഡന്റ് ലതാരാജന്‍, സെക്രട്ടറി ഇന്ദിരാശശി ബാലജനയോഗം പ്രസിഡന്റ് ഹരീഷ് സെക്രട്ടറി രോഹന് രാജ് മൈക്രോ ഫൈനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ നളിനി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണയന്നൂര്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് മഹാരാജാശിവാനന്ദന്, പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് കെ.എം.എ.സലാം മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പ്രഭ വൈക്കം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് വിനീഷ് സെക്രട്ടറി സെന്‍കുമാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഉച്ചക്ക് 2.30 മുതല്‍ 5.30 വരെ നടന്ന സര്‍വൈശ്വര്യ പൂജയ്ക്ക് നീലിശ്വരം ധര്മാശ്രമത്തിലെ സൈഗണ്‍ സ്വാമികളും കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ ചൈതന്യ സ്വാമികളും നേതൃത്വം നല്കി. 51 പരികര്‍മികളായ വൈദികരും സര്‍വൈശ്വര്യ പൂജയ്ക്ക് നേതൃത്വം നല്കി. ആയിരക്കണക്കിനാളുകള്‍ സര്‍വൈശ്വര്യ പൂജയിലും സമാപനചടങ്ങുകളിലും സംബന്ധിച്ചു. സമൂഹ പ്രാര്‍ത്ഥനയോടും മംഗളാരതി, പ്രസാദ വിതരണം എന്നിവയോടുകൂടി എട്ട് നാള് നീണ്ടുനിന്ന യജ്ഞത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: