പ്രകാശിക്കുന്നതെല്ലാം വൈദിക വാങ്മയത്തില്‍ ദേവന്മാരാണ്. ദേവതകളുടെ ഗുണം, ദാനം, സത്യോപദേശം, ദീപനം അഥവാ പ്രകാശനം എന്നിവയാണ് നിരുക്തത്തില്‍ പറയും എല്ലാം ദാനം ചെയ്യുന്ന ഈശ്വരന് ദേവനാണെന്ന്. മാതാവും പിതാവും ആചാര്യനും അതിഥിയുമെല്ലാം ദേവതകളാണ്. സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ ഇവ പ്രകാശിക്കുന്നവയാണ്. ഇവയും ഇവയ്ക്കെല്ലാം അടിസ്ഥാനമായ അഗ്നിയും ദേവതകളാണ്. ഈ സൗരയൂഥത്തിന്റെ ഊര്‍ജ്ജം സൂര്യതേജസ്സാണ്. മറ്റ് നക്ഷത്രങ്ങള്‍ മറ്റ് യൂഥങ്ങള്‍ക്ക് പ്രകാശം നല്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ചരാചരങ്ങളെല്ലാം ദേവതകളാണെന്ന് കാണാം. എന്നാല്‍ ഈ ദേവതകളുടെയെല്ലാം നായകന്, അഗ്രണി – അഗ്നിയാകുന്നു. നമ്മുടെ വയറ്റിലുണ്ടാകുന്ന ജഠയരാഗ്നി മുതല്‍ സൂര്യനില്‍ വരെ അഗ്നിയാണുള്ളത്. ബൃഹത്തായ ബ്രഹ്മാണ് അഗ്നിയുടെ നിമിത്തകാരണം. ബ്രഹ്മം കാരണമായത് ബ്രഹ്മണ്യമാകുന്നു. സു ഉപസര്‍ഗ്ഗം ചേര്‍ത്താല്‍ സുബ്രഹ്മണ്യനായി. ഇങ്ങനെ സകല ദേവതകളുടെയും ഒരു സേന തന്നെയാക്കി. അവയെ നയിക്കുന്ന അഗ്നിയെയാണ് സുബ്രഹ്മണ്യനെന്ന് വിളിക്കുന്നത്. ഭരതനാട്യശാസ്ത്രത്തില് ‘രക്തസ്ന്ദസ്യ പര്‍വണി’ എന്ന് പറയും. സുബ്രഹ്മണ്യന് ചെന്നിറം ആരോപിച്ചത് എന്തുകൊണ്ടാണെന്ന് ഇവിടെ സിദ്ധമാകുന്നു. ആറെന്ന സംഖ്യയുമായും അഗ്നിക്ക് വലിയ ബന്ധമുണ്ട്. ആറ് കൃത്തികകള്‍ അഗ്നിയുടെ നക്ഷത്രമായ കാര്‍ത്തികയാണ്. തൈത്തിരീയ ബ്രാഹ്മണത്തില്‍ പറയുന്നതിങ്ങനെയാണ്.
“ഏതദ്വാ അഗ്നേര് നക്ഷത്രം യത്” കൃത്തികാഃ” അഗ്നിയാണ് ഈ ആറു നക്ഷത്രങ്ങളുടെയും ദേവന്. സുബ്രഹ്മണന്റെ മറ്റൊരു പേര് സ്കന്ദന് എന്നാണല്ലോ. ഇതും അഗ്നിയാണെന്ന് ധാതു നോക്കിയാല്‍ മനസ്സിലാകും. ഗമിക്കുന്നത്, ഉണക്കുന്നത് എന്നീ അര്‍ത്ഥങ്ങളാണ് ‘സ്കണ്ടിര്’ ധാദുവിനുള്ളത്. അതുകൊണ്ട് തന്നെ സ്കന്ദന് എന്നാല്‍ അഗ്നിയെന്നാണര്ത്ഥമെന്ന് സുതരാം വ്യക്തമാക്കുന്നു. ആറ് ഋതുക്കളെ കുറിക്കുന്നതാണ് ആറു കൃത്തികകള്‍. സംവത്സരമാണ് ആറ് ഋതുക്കള്‍. ശതപഥ ബ്രാഹ്മണത്തിലേക്ക് കടന്നാല്‍ അവിടെ ഇങ്ങനെ കാണാം.
സംവത്സരത്തിന്റെ ഋതുക്കള്‍ അഗ്നിയാകുന്നു. സംവത്സരത്തിന് അഗ്നിയെന്നും പേരുണ്ടെന്ന് താണ്ഡ്യബ്രാഹ്മണത്തിലും കാണാം. സംവത്സരോളഗ്നിഃ “ചരാചരങ്ങള്‍ കടന്നുപോകുന്നത് ഋതുക്കളിലൂടെയാണ്. സംവത്സരമെന്ന അഗ്നി അവയുടെ ആയുസിനെ ശോഷിപ്പിക്കുകയും കാലമാകുന്ന പാതയിലൂടെ ഗമിപ്പിക്കുകയും ചെയ്യുന്നു. സ്കന്ദനായ അഗ്നിക്ക് ആറ് പാദങ്ങളുണ്ട്. പൃഥിവി, അന്തരീക്ഷം, ദ്യൗലോകം (ബഹിരാകാശം) ഐശ്വര്യം. ഔഷധികള്‍, വനസ്പതി (സസ്യം) കള്‍ തുടങ്ങിയ പാദങ്ങളുള്ള സ്കന്ദന് വൈശ്വാനരനാകുന്നുവെന്ന് ഗോപഥ ബ്രാഹ്മണം പറയുന്നു.
കാര്‍ത്തികേയനായ ഷണ്മുഖന് വൈശ്വാനരനായ അഗ്നിയുടെ പ്രതീകമാണ്. ബ്രാഹ്മണത്തില്‍ തന്നെ അഗ്നിയുടെ ഒമ്പതാം രൂപമാണ് കുമാരനെന്ന് പറയുന്നു, രുദ്രന്റെ മകനാണെന്നും വേലായുധനെ പറയാറുണ്ട്. പുരാണത്തില്‍ ദേവസേന കുമാരന്റെ ഭാര്യയാണെന്ന് പറഞ്ഞിട്ടുണ്ട്. രസകരമായ ഒരലങ്കാരമാണിത്. അര്‍ത്ഥം മനസ്സിലാക്കാതെ ഇതെല്ലാം മജ്ജയും മാംസവുമുള്ള കഥാപാത്രങ്ങളാക്കി ചിത്രീകരിച്ചു.
വേലായുധന് എങ്ങനെ മയില്വാഹനനനായി എന്നത് രസകരമാണ്. സ്കന്ദനെ ശിഖി വാഹനനന്‍ എന്ന് പറയാറുണ്ട്. ‘ശിഖി’ എന്ന വാക്കിന് പൂവന് കോഴിയെന്നും മയിലെന്നും അഗ്നിയെന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമെല്ലാം സന്നിവേശിപ്പിച്ചുകൊണ്ട് കുമാരനെ, സുബ്രഹ്മണനെ, സ്കന്ദനെ മയില്‍ വാഹനനാക്കിയത്.
അഗ്നിയുടെ ശിഖകള്‍ എന്താണ്? അഗ്നിജ്വാലയാണ് ശിഖകള്‍ മയിലിനും, പൂവന്‍കോഴിക്കും തലയില്‍ ശിഖ കാണാം. ശബ്ദകല്പമുദ്രത്തില് ഈ പര്യായങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അതിന് ആരെങ്കിലും ഈ നിഘണ്ടുക്കളും കോശഗ്രന്ഥങ്ങളുമെല്ലാം നിവര്‍ത്തി നോക്കിയാലല്ലേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. പുരാണത്തിലെ വൈദിക ദേവത സങ്കല്‍പവാദം വിതണ്ഡയാണെന്ന് തമ്പോറടിക്കുന്നവരുണ്ടാകാം. വിതണ്ഡം എന്താണെന്നുപോലും പറയാന്‍ വ്യുല്പ്പത്തിയില്ലാത്തവര് അങ്ങനെ പല വിതണ്ഡകളുമടിക്കും.
ചില സ്ഥാനങ്ങളില്‍ മുരുകനെ ആടിന്റെ മുഖത്തോടുകൂടിയവന്‍ എന്ന് സങ്കല്പിച്ചിട്ടുണ്ട്. സംഹിതകളില്‍ അജന് എന്ന് അഗ്നിക്ക് പര്യായം നല്‍കിയിരിക്കുന്നത് കാണാം. ജനിക്കാത്തവന്, അഥവാ അനശ്വരന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ നാമധേയം. അജത്തിന്റെ ഇന്നത്തെ രുഢമായ അര്‍ത്ഥം മാത്രമാണ് ആട് എന്നത്.
ശിവന് എന്ന സ്രഷ്ടാവ് പത്നിയായി പ്രകൃതി (പാര്‍വ്വതി)യില്‍ സങ്കല്പശക്തിയാല് പ്രചോദനം നല്കി ജഗത്തിനെ സൃഷ്ടിച്ചു. അഗ്നിയാണ് – ഊര്‍ജ്ജം – എല്ലാ സൃഷ്ടികളുടേയും ഉപാദാന കാരണം. നിമിത്തകാരണം ഈശ്വരനും. ശിവന് എന്നത് ഈശ്വരന്റെ ഗുണങ്ങളില്‍ അധിഷ്ഠിതമായ പര്യായനാമമാണ്. അഗ്നി അഗ്രണിയായി എല്ലാറ്റിനേയും നയിക്കുന്നു. പഞ്ചഭൂതങ്ങളും പ്രാണനും എല്ലാം ദേവതകളാണെന്ന് വൈദിക പരാമര്‍ശമുണ്ട്. എല്ലാ സങ്കല്പങ്ങളെയും പോല അഗ്നി എന്ന അതിശ്രേഷ്ഠ നായകന് ഒത്തിണങ്ങിയ രൂപഭാവാ3ദികള്‍ നല്കി പൗരാണികര്‍ രചിച്ചെടുത്തതാണ് ഷഡാനനായ മുരുകന്റെ രൂപം. സര്പ്പത്തെച്ചവിട്ടിയ ആ മയൂരത്തിലമരുന്ന ദേവസേതാപതി അഗ്നിയുടെ സാങ്കല്പിക ആവഷ്കരണമല്ലാതെ മറ്റൊന്നുമല്ല.
ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: