കൊച്ചി: വര്‍ധിപ്പിച്ച വൈദ്യുതി പോസ്റ്റു വാടക കുറയ്ക്കണമെന്നും കേബിള്‍ ടിവിയെ കൊമേഴ്സ്യല്‍ താരിഫില്നിന്നു ഒഴിവാക്കണമെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കേബിള്‍ലൈന്‍ വലിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ വാടക വര്‍ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ സമരമാര്‍ഗങ്ങള്‍ ആരംഭിക്കും.
കേബിള്‍ലൈന്‍ വലിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ വാടക ഏപ്രില്‍ ഒന്നു മുതലാണ് വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുന്നത്. 1999ല്‍ ഒരു രൂപ മാത്രമുണ്ടായിരുന്ന വാടക പിന്നീട് 17 രൂപയായും 2002ല്‍ 108രൂപയായും ഇപ്പോള്‍ 311രൂപയായും വര്‍ധിപ്പിച്ചിരിക്കുകയാണ്. വര്‍ധനവിനു 2011 മുതല്‍ മുന്‍കാല പ്രാബല്യവും ഒരോ വര്‍ഷവും അഞ്ചു ശതമാനം വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരോ പോസ്റ്റിനും പ്രതിമാസം 27 രൂപയിലധികം വാടകയിനത്തില്‍ മുന്‍കൂറായി ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരില്‍ നിന്നു ഈടാക്കുന്നുണ്ട്. എന്നാല്‍ ചില കുത്തക കമ്പനികള്‍ 30 കോടിയോളം രൂപ ഈയിനത്തില്‍ കുടിശിക വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 10നു രാവിലെ 10 മണിക്കു പെരുമ്പാവൂരിലെ സര്‍ക്കിള്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.ആര്. സുധീര്‍, സി.എസ്.രാജു, ശ്രീകുമാര്‍, പി കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: