മുംബൈ: മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഛഗന്‍ ഭുജ്ബാലിനെതിരായ പൊതുതാല്‍പ്പര്യഹര്‍ജി മുംബൈ ഹൈക്കോടതി പരിഗണനയിലെടുത്തു. നാസിക് സിറ്റിയിലുള്ള ഭുജ്ബാലിന്റെ ട്രസ്റ്റ് 2010 മുതല്‍ രണ്ടുവര്‍ഷം അമിതമായി എട്ട് കോടി രൂപ ഈടാക്കി സര്‍ക്കാരിനെയും വിദ്യാര്‍ത്ഥികളെയും വഞ്ചിച്ചുവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഫീസ് ഘടന നിശ്ചയിക്കുന്ന സര്‍ക്കാര്‍ കമ്മറ്റിയായി ശിക്ഷണ്‍ ഷുള്ക്ക് സമിതിയെ ബുജ്ബാലും അദ്ദേഹത്തിന്റെ മുംബൈ എജ്യോൂക്കേഷണല് ട്രസ്റ്റും വഞ്ചിച്ചുവെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനി ബാലാസാഹേബ് ഝംബുല്ക്കര് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
ഫീസ് റദ്ദ് ചെയ്യുക, അമിതമായി ഇൗടാക്കിയ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കുക, ട്രസ്റ്റ് അംഗങ്ങളെ സസ്പെന്റ് ചെയ്യുക, അഡ്മിനിസ്ട്രേറ്ററെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. എന്‍സിപി നേതാവും എംഇടി ട്രസ്റ്റിന്റെ സ്ഥാപകനുമായ ഭുജ്ബല്‍, അദ്ദേഹത്തിന്റെ ഭാര്യ മീന, മകന് പങ്കജ്, സഹോദരീ പുത്രന് സമീര്‍, ട്രസ്റ്റിയായ സുനില്‍ കാര്‍വെ, ഫീസ് കമ്മറ്റി, മുംബൈ ചാരിറ്റി കമ്മീഷണര്‍ തുടങ്ങിയവരുടെ പേരുകളും ഹര്‍ജിയിലുണ്ട്.
ന്യായമായതും അനുവദനീയവുമായ യഥാര്‍ത്ഥ ചെലവുകളെ അടിസ്ഥാനമാക്കിയാണ് കമ്മറ്റി ഫീസ് ഘടന നിശ്ചയിച്ചത്. എന്നാല്‍ ട്രസ്റ്റിന്റെ കീഴിലുള്ള നാസിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ് ഫാര്‍മസി എന്നീ സ്ഥാപനങ്ങള്‍ ചെലവ് പെരുപ്പിച്ച് കാട്ടി ഉയര്‍ന്ന ഫീസ് നിരക്ക് നിശ്ചയിക്കാന്‍ കമ്മറ്റിയെ പ്രേരിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭുജ്ബലിന്റെ ട്രസ്റ്റ് വഞ്ചിച്ചത് സര്‍ക്കാരിനെയും വിദ്യാര്‍ത്ഥികളെയും മാത്രമല്ല, സാമൂഹ്യ ക്ഷേമ വകുപ്പിനെക്കൂടിയാണ്. പ്രസ്തുത വകുപ്പാണ് എസ്സി/എസ്ടി വിഭാഗത്തിന്റെ ഫീസും മറ്റ് പിന്നോക്ക വിഭാഗത്തിന്റെ പകുതി ഫീസും അടക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്കി. പ്രതികരണമില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരന് പറയുന്നു.
2010-12 വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, കോഴ്സ് ചെലവ് ഇനത്തില്‍ 4.6 കോടി രൂപ ബോധപൂര്‍വം കൂടുതലായി കാണിച്ചിട്ടുണ്ട്. 83,000 രൂപ ഫീസിന് പകരമായി വാങ്ങിയത് 1.15 ലക്ഷം രൂപയാണ്. ഇതുവഴി അധികമായി ഈടാക്കിയത് 1.5 കോടി രൂപയാണ്.
ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സ്വകാര്യ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചിരുന്നു. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യോൂക്കേഷനും യുജിസിയും അംഗീകരിച്ച ഫീസ് ഘടനയാണ് സര്‍ക്കാരും അംഗീകരിച്ചിരുന്നത്.
സ്ഥാപനത്തിലെ ആഡംബര സംവിധാനങ്ങള്‍ സ്വന്തം ചെലവിലായിരിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
മുംബൈ ചാരിറ്റി കമ്മീഷണറുടെ പ്രതിനിധി ശനിയാഴ്ച മുംബൈ എജ്യോൂക്കേഷണല് ട്രസ്റ്റിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നുണ്ട്. ഭുജ്ബലിന്റെ മകളുടെ ഭര്‍ത്താവ് നടത്തുന്ന ഫര്‍ണീച്ചര്‍ ഷോറൂമിനുവേണ്ടി ഭുജ്ബല്‍ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് പ്രതിനിധിയുടെ സന്ദര്‍ശനം. എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: