ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈനികനീക്കം നടന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രിയാണെന്ന് സൂചന. ആയുധ ഇടപാടുകാരനായ അടുത്ത ബന്ധുവിനുവേണ്ടിയാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തെ സ്വാധീനിച്ച് അട്ടിമറി വാര്‍ത്ത പുറത്തുവിട്ടതെന്ന് മാധ്യമലോകം കരുതുന്നു. പ്രതിരോധ ഇടപാടുകളിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന ജന. സിംഗിനെ പുറത്തുചാടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമത്രെ. ആയുധ വ്യാപാരികളും അവരുടെ ലോബികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും മന്ത്രിക്കൊപ്പം പല വിദേശയാത്രകള്‍ നടത്തുകയും ചെയ്തിട്ടുള്ള ബന്ധുവാണ് ജനറല്‍ സിംഗിനെതിരെ മുഖ്യമായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നതെന്ന് അജ്ഞാതവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദ് സണ്‍ഡെ ഗാര്ഡിയന് പത്രം പറയുന്നു.
പ്രായപ്രശ്നത്തിന്റെയും മറ്റ് വിവാദങ്ങളുടെയും പേരില്‍ സര്‍ക്കാരുമായി കരസേനാ മേധാവി ജന. വി.കെ. സിംഗിനുള്ള ബന്ധം വഷളായ തക്കംനോക്കി കേന്ദ്രത്തെ അട്ടിമറിക്കാന്‍ പട്ടാളം നീക്കം നടത്തിയെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവാദ വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ സൈന്യത്തിന്റെ പരിശീലനപരിപാടികള്‍ മരവിപ്പിക്കുകയെന്ന ലക്ഷ്യംകൂടി ഉണ്ടായിരുന്നുവത്രേ.
സൈനിക അട്ടിമറി ശ്രമം നടന്നതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിയാണെന്ന റിപ്പോര്‍ട്ടുകൂടി വന്നതോടെ യുപിഎ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായിരിക്കയാണ്. ഈ മന്ത്രി ആരെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അടുത്ത ബന്ധു എന്ന് ഉദ്ദേശിക്കുന്നത് മന്ത്രിയുടെ മകന്തന്നെയാണെന്നും ചില വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ഇതേസമയം, ഞെട്ടിക്കുന്ന വാര്‍ത്തയുടെ വിവരങ്ങള്‍ തന്നത് കേന്ദ്രസര്ക്കാര്തന്നെയാണെന്ന ആരോപണങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: