പെരുമ്പാവൂര്‍: ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഏകത്വത്തിലും സമത്വത്തിലും അധിഷ്ഠിതമാണെന്ന് ധര്‍മ ചൈതന്യ സ്വാമികള്‍ അഭിപ്രായപ്പെട്ടു. എല്ലാമതങ്ങളേയും സമഭാവേന കാണുവാന്‍ ഗുരുവിന് കഴിഞ്ഞിരുന്നു. കേരളത്തില്‍ കൂട്ടമതം മാറ്റം ഒഴിവാക്കാനായത് ഗുരുദര്‍ശനങ്ങളുടെ പ്രത്യേകത കൊണ്ടാണെന്നും സ്വാമികള്‍ പറഞ്ഞു. നാഗലാന്‍ഡിലും ഒഡിഷയിലും അരുണാചല്‍ പ്രദേശിലുമെല്ലാം ഇന്നുനടക്കുന്ന കൂട്ടമതപരിവര്‍ത്തനം ഹിന്ദുക്കളുടെ ഇടയില്‍ മനുഷ്യനെ പലതട്ടുകളാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ പരിണിതഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതസ്പര്‍ദ്ധ നാട്ടിലില്ലാതാകുന്നതിന് ഗുരുദേവ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുക മാത്രമാണ് മുന്‍കരുതലായി സ്വീകരിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് എസ്എന്‍ഡിപി യൂണിയന് സംഘടിപ്പിച്ച ശ്രീനാരായണ ദര്‍ശനോത്സവത്തിന്റെ അഞ്ചാം ദിവസത്തെ പഠനക്ലാസ്സില്‍, ശ്രീനാരായണ ധര്‍മവും യുവജനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മാധിഷ്ഠിതമായ വാര്‍ദ്ധക്യ കാലം എന്ന വിഷയത്തില്‍ നീലിശ്വരം ശ്രീനാരായണ ധര്മാശ്രമത്തിലെ സൈഗണ്‍ സ്വാമികളും ഗുരുകൃതിയായ ആത്മോപദേശ ശതകത്തെ ആധാരമാക്കി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രൊഫസര്‍ ഡോ.ഓമനയും ദൈവദശകം എന്ന കൃതിയെ ആധാരമാക്കി കൊല്ലം എസ്എന്‍ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ.ബി.കരുണാകരനും ക്ലാസുകള്‍ എടുത്തു. ചടങ്ങുകള്‍ക്ക് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണന്, വൈസ് പ്രസിഡന്റ് സി.കെ.കൃഷ്ണന്, സെക്രട്ടറി ഇ.ബി.ജയപ്രകാശ്, യോഗം കൗണ്‍സിലര്‍ സജിത് നാരായണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: