മട്ടാഞ്ചേരി: വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടര്‍ ചമഞ്ഞ് ചികില്‍സ നടത്തിയ കേസില്‍ മട്ടാഞ്ചേരി പോലിസിന്റെ പിടിയിലായ യുവതിയെ കൊച്ചി കോടതി റിമാന്റ് ചെയ്തു. മലപ്പുറം പുളിമുണ്ട പൂത്തോട്ടമന കുത്തുകല്ലിങ്കല്‍ വീട്ടില്‍ രാജശ്രീദിവാകരന് (38) ആണ് റിമാന്റിലായത്. പനയമ്പിള്ളി ഗൗതം ആശുപത്രിയില്‍ ചികിത്സ നടത്തിവന്ന ഇവരെ ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പത്ര പരസ്യം കണ്ട് ആശുപത്രിയില്‍ എത്തിയ ഇവര്‍ കൂടിക്കാഴ്ച സമയത്ത് ഒറിജനല്‍ സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ കൊപ്പിയാണ് ഹാജരാക്കിയത്. അടുത്ത ദിവസം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് ആശുപത്രിഅധികൃതരെ അറിയിച്ച ഇവര്‍ കഴിഞ്ഞ 21ന് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ആശുപത്രി അധികൃതര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്നതിനെ തുടര്‍ന്ന് ചികിത്സ നടത്തേണ്ടന്ന് ആശുപത്രി അധികൃതര്‍ യുവതിയോട് പറഞ്ഞു. ഇതിനിടെ ഇവരുടെ ഭര്‍ത്താവെന്ന പറയുന്നയാള്‍ ആശുപത്രിയില്‍ എത്തിവഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് പോകുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് അഡ്വാന്‍സായി പതിനായിരം രൂപയും മറ്റുജീവനക്കാരില്‍ നിന്ന് പണം കടംവാങ്ങിയ ശേഷവുമാണ് ഇവര്‍ പോയത്. പണം കടം കൊടുത്ത ജീവനക്കാര്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസിന് പരാതി നല്കി. ഇതിനിടെ വസ്ത്രങ്ങള്‍ എടുക്കുന്നതിനായി ആശുപത്രിയില്‍ എത്തിയ ഇവരെ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം പുറത്ത് വന്നത്. തോപ്പും പടിയിലെ ഒരു ഹോട്ടലില്‍ ഇവര്‍ താമസിച്ചതിന്റെ പണവും നല്‍കാനുണ്ടെന്നും സൂചനയുണ്ട്. ഇവരുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: