പാമ്പാക്കുട: പഞ്ചായത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ചു.
ഒന്ന്, രണ്ട്, 13 വാര്‍ഡുകളിലായാണ് രോഗബാധ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. പാമ്പാക്കുട മേഖലയിലെ രണ്ട് ഹോട്ടലുകള്‍ ആരോഗ്യവകുപ്പ് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതി സന്നദ്ധ പ്രവര്‍ത്തകര്‍ ആശ – കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ക്ലോറിനേഷന് നടത്തിവരുന്നു. മേഖലയില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഫീല്‍ഡ് പരിശോധന നടത്തുകയും പതിനഞ്ചു പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ ആറു സാമ്പിളുകളില്‍ ഇ പോസിറ്റീവ് ആയി കണ്ടെത്തുകയും വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഡിഎംഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ രണ്ടുതവണയെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിനായി രണ്ട് സാധാരണ മെഡിക്കല്‍ ക്യാമ്പുകളും ഒരു സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും ഇതോടകം നടത്തി.
ജനത്തെ അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെയുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കൂടാതെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോട്ടീസുകളും പോസ്റ്ററുകളും വിതരണം ചെയ്യുന്നുണ്ട്. മലിനമാക്കപ്പെട്ട ജലസ്രോതസുകളുടെ പരിസരത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ഭക്ഷണ പാനീയ നിര്‍മാണ വിപണന സ്ഥാപനങ്ങളില്‍ വിദഗ്ധ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: