ഭുവനേശ്വര്‍: സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ ഇറ്റാലിയന്‍ ബന്ദിയെ വധിക്കുമെന്ന് മാവോയിസ്റ്റ് തീവ്രവാദികള്‍. ഇന്നലെ പുറത്തിറക്കിയ ഓഡിയോ ടേപ്പിലാണ് ബസസ്കോ പൗലോയെ വധിക്കുമെന്ന് മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡെ ഭീഷണി മുഴക്കിയത്. തങ്ങളുടെ ഏത് ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് മാവോയിസ്റ്റ് നേതാവ് പറഞ്ഞു. തങ്ങള്‍ക്കെതിരെ ഒഡീഷ സര്‍ക്കാര്‍ പോലീസ് നടപടി തയ്യാറാക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.
മാര്‍ച്ച് 25ന് ഒരു ഇറ്റാലിയന്‍ ബന്ദിയായ ഡിയോ കൊളാഞ്ചലോയെ വിട്ടയച്ച് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് മാവോയിസ്റ്റുകളുടെ പുതിയ പ്രഖ്യാപനം. ബന്ധിയായിരുന്ന സമയത്ത് മാവോയിസ്റ്റുകള്‍ മാന്യമായാണ് പെരുമാറിയതെന്ന് ക്ലൗഡിയോ പറഞ്ഞിരുന്നു.
ഇറ്റലിക്കാരനെ വധിക്കുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണിയോടെ ഒഡീഷ സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന നീക്കം പാളിയിരിക്കുകയാണ്. ജയിലിലടച്ചിട്ടുള്ള മാവോയിസ്റ്റ് അനുകൂലികളുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന സര്‍ക്കാര്‍ ഭാഷ്യം മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ ബിജെഡി എംഎല്‍എ ഝിന ഫികാകയുടെ മോചനം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല.
വിവിധ ജയിലുകളിലായി താമസിക്കുന്ന നാല്‍പ്പതോളം മാവോയിസ്റ്റ് അനുകൂലികളുടെ മോചനമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ സാവകാശം ആവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാവോയിസ്റ്റുകളെ അറിയിച്ചിട്ടുണ്ട്. ബി.ഡി.ശര്‍മ, ദണ്ഡപാണി മൊഹന്തി എന്നീ മാവോയിസ്റ്റ് പ്രതിനിധികളുമായി നടത്തിയ പത്ത്ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇറ്റലിക്കാരനായ മധ്യവയസ്കനെ മോചിപ്പിക്കാന്‍ തങ്ങള്‍ക്ക് സമയമാവശ്യമില്ലെന്നും അദ്ദേഹത്തെ ഉടന്‍ മേചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും മാവോയിസ്റ്റ് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മാവോയിസ്റ്റുകളില്‍നിന്നും വിട്ടുപോയ ചാസി മുലിയ ആദിവാസി സന്ഗയെ എംഎല്‍എയുടെ മോചനത്തിനായി മുഖ്യമന്ത്രി നവീന്‍ പട്നായിക് സംയുക്ത ചര്‍ച്ച്ക്ക് വിളിച്ചിരുന്നെങ്കിലും പ്രതികരണമറിയിച്ചിരുന്നില്ല. എംഎല്‍എയെ തട്ടിക്കൊണ്ടുപോയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിഎംഎഎസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ മോചനം സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാന്‍ സര്‍ക്കാരിനിതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: