കൊച്ചി: സര്‍വകലാശാല പരീക്ഷയുടെ സമയവിവരം തെറ്റായി നല്കിയതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ സാധിച്ചില്ലെന്ന് പരാതി. മഹാരാജാസ് കോളേജില്‍ ആറാം സെമസ്റ്റര്‍ ബിഎ ഫിലോസഫി വിഭാഗത്തിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതുവാന്‍ കഴിയാതിരുന്നത്.
യൂണിവേഴ്സിറ്റി ടൈംടേബിള്‍ ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്ന പിഴവാണത്രെ വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്. വെള്ളിയാഴ്ച നടക്കുന്ന ഉച്ചതിരിഞ്ഞുള്ള പരീക്ഷ ഡിപ്പാര്‍ട്ട് മെന്റ് മേധാവി പ്രത്യേകം മാര്‍ക്ക് ചെയ്തിരുന്നതാണ് വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. എല്ലാപരീക്ഷകളും ഉച്ചതിരിഞ്ഞാണെന്ന് ഇവര്‍ കരുതുകയും ചെയ്തു. പരീക്ഷാസമയത്തെക്കുറിച്ച് സംശയം തോന്നിയ ചിലവിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിളിച്ച് ചോദിച്ചപ്പോള്‍ രാവിലെയാണെന്ന് മനസിലാക്കി പരീക്ഷ എഴുതുകയും ചെയ്തു. ഇതറിയാതിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഫൈനല്‍ പരീക്ഷ എഴുതുവാനാവാഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇവര്‍ കോടതിയെ സമീപിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ ടൈംടേബിള്‍ യൂണിവേഴിസിറ്റി സൈറ്റില്‍ നിന്നും എടുത്തതാണെന്നും ഇത് ശരിയായരീതിയില്‍ വായിച്ചിരുന്നെങ്കില്‍ അബദ്ധം സംഭവിക്കുമായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ആശാലത പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് മേധാവി അടയാളപ്പെടുത്തിയത് മാത്രം വായിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: