ആലുവ: തീവ്രവാദമുള്‍പ്പെടെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ ലിസ്റ്റുകളെടുത്ത് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നിരീക്ഷിക്കുന്നു. സംസ്ഥാനത്തിനകത്ത് വിവിധ ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ നിന്നും തല്ക്കാലം വിട്ടുനിന്നുകൊണ്ട് കേരളത്തിനു പുറത്തുള്ള ഗുണ്ടമാഫിയ സംഘങ്ങളുമായി ഇവരില്‍ ചിലര്‍ കൈകോര്ക്കുന്നതായ റിപ്പോര്ട്ടിനെതുടര്ന്നാണിത്. ചെന്നൈയിലും ബംഗളൂരുവിലും മുംബൈയിലും പ്രവര്‍ത്തിക്കുന്ന പല മാഫിയാസംഘങ്ങളിലും മലയാളികളുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണിത്. അടുത്തിടെ ചെന്നൈ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മലയാളിയുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ വിവിധ കേസുകളില്‍ പ്രതികളാകുമ്പോള്‍ ഒളിത്താവളം തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുമ്പോഴാണ് പലപ്പോഴും ഇവര്‍ അവിടങ്ങളിലെ ഗുണ്ടാസംഘങ്ങളില്‍ കണ്ണികളാകുന്നത്. ആലുവായില്‍ തീവ്രവാദ ബന്ധമുള്ള വിവിധ കേസുകളില്‍ പ്രതികളായ നിരവധി പേര് ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ തങ്ങുന്നുണ്ട്. ജോലിസംബന്ധമായാണോ ഇവര്‍ തങ്ങുന്നതെന്നതിനെകുറിച്ചാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: