പള്ളുരുത്തി: നഗരസഭ അടച്ചുപൂട്ടിയ കച്ചേരിപ്പടി മാര്‍ക്കറ്റിനു സമീപം അനധികൃത കശാപ്പ് നടത്തിയതിന് ഒരാളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കച്ചേരിപ്പടി തലാപ്പി പറമ്പില്‍ അഷറഫ് (48) ആണ് പിടിയിലായത്. കൊച്ചി മേയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി അടച്ചുപൂട്ടിച്ച കച്ചേരിപ്പടി മാര്‍ക്കറ്റില്‍ അനധികൃത അറവ് വ്യാപകമാകുകയും നാട്ടുകാര്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പശ്ചിമകൊച്ചിയിലെ അനധികൃത അറവുകളെക്കുറിച്ച് പത്രങ്ങള്‍ നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നടപടിസ്വീകരിക്കുകയായിരുന്നു.
മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും അഴക്കുചാലുകള്ക്ക് സമീപവുമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃത അറവ് നടക്കുന്നത്. ആഴ്ചകളോളം അറവുമാലിന്യങ്ങള്‍ പരിസരങ്ങളില്‍ കെട്ടിക്കിടന്ന് നാട്ടുകാര്‍ക്ക് ദുരിതമായ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കച്ചേരിപ്പടി മാര്‍ക്കറ്റിനു സമീപത്തെ ഓടകള്‍ മാലിന്യവും, രക്തവും കുട്ടപിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: