കൊച്ചി: ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും ആഘാതം കുറയ്ക്കുന്നതിനും സമഗ്രമായ കരുതല്‍ നടപടികള്‍ക്ക് രൂപം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. ദുരന്തങ്ങള്‍ക്കു ശേഷം കണ്ണു തുറന്നിട്ട് കാര്യമില്ല. സ്കൂള്‍തലം മുതല്‍ ദുരന്ത പ്രതിരോധത്തെ കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ഘടകം ഇരുമ്പനത്ത് സ്ഥാപിക്കുന്ന ആസ്ഥാനമന്ദിരത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
പ്രകൃതിക്ഷോഭങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ പിഴവുകള്‍ മൂലവും ദുരന്തങ്ങളുണ്ടാകുന്നുണ്ട്. ഇവ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ കഴിയണം. സുനാമിക്കു ശേഷമാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ചും തീരപരിപാലന മേഖലയെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങിയത്. ഏതു സാഹചര്യവും നേരിടുന്ന രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഏര്‍പ്പെടുത്തുന്നതിലേക്ക് വിരല്‍ ചൂണ്ടിയ ദുരന്തമായിരുന്നു സുനാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ദുരന്തം രാസപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതവും വിവേചനരഹിതവുമായ ഉപയോഗത്തിന്റെ അനന്തരഫലമാണ്. അപകട പ്രതിരോധത്തിനാണ് നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ പ്രാധാന്യം നല്‍കുന്നത്. കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിക്കും ധനസഹായത്തിനായി ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് സ്ഥാപിക്കുന്ന നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ആസ്ഥാനത്തിന് അപകടപ്രതിരോധപ്രവര്ത്തനങ്ങളില് വലിയ പങ്കു വഹിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ഐ.ടി രംഗം വികസിച്ചതോടെ ഇ മാലിന്യം ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യമേഖലയിലെ മുന്നേറ്റത്തിനൊപ്പം ആശുപത്രികളില്‍ നിന്നുള്ള മാലിന്യവും കുന്നുകൂടുന്നു. ഇവ സൃഷ്ടിക്കുന്ന ദുരന്ത സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പ്രതിരോധ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് കെ.വി. തോമസ് നിര്‍ദേശിച്ചു. മന്ദിര നിര്‍മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സിന്തൈറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബിജു ജേക്കബില്‍ നിന്നും കേന്ദ്രമന്ത്രി സ്വീകരിച്ചു.
അനാസ്ഥയും ബോധവല്‍ക്കരണത്തിന്റെ അഭാവവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ ഫയര്‍ സര്‍വീസ് മെഡലുകള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലെ ഫയര്‍ എഞ്ചിനീയര്‍മാരായ ഇ.വി. നൈസു, ബിമല്‍രാജ്, സതീഷ് ജഗ്ജീവന് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് ആര്. വേണുഗോപാല്‍, കൗണ്‍സിലര്‍ എം.പി. മുരളി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന്, കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍ മിനു മാത്യു, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ഘടകം ചെയര്മാന് വി.ജെ. ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി എം. തോമസ് കടവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: