കോഴിക്കോട് സാമൂതിരിരാജാവ് പി.കെ.എസ്. രാജ ശതാബ്ദി നിറവില്‍. ഭാരതീയ രാജര്‍ഷിപാരമ്പര്യത്തിന്റെ സാത്വികഭാവമുള്‍ച്ചേര്‍ന്ന സാമൂതിരി പി.കെ.എസ്. രാജ നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ടുകാര്‍. ഏപ്രില്‍ ആറിന് (1187 മീനം 24 അത്തം നക്ഷത്രം) ആണ് പി.കെ.എസ്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്നത്.
തിരുവണ്ണൂര്‍ പുതിയകോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1088 മീനം ഒമ്പതിന് അത്തം നാളില്‍ (1913 മാര്‍ച്ച് 22) ആണ് കുഞ്ഞനിയന് എന്ന പി.കെ.എസ്. രാജ ജനിച്ചത്. കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും ദേശമംഗലം മനയിലെ എ.കെ.ടി.കെ.എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും മകനായാണ് ജനനം. ഒന്നരവയസ്സ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ പി.കെ.എസ് രാജയെയും സഹോദരിയെയും വളര്‍ത്തിയത് മുത്തശ്ശിയുടെ സഹോദരിയുടെ മകളായ കുഞ്ഞിതമ്പ്രാട്ടി തമ്പുരാട്ടിയായിരുന്നു. തിരുവണ്ണൂര്‍ കോവിലകം വകയുള്ള ശ്രീകൃഷ്ണ വിദ്യാലയം, തളി സാമൂതിരി കോളേജ് ഹൈസ്കൂള്‍, സാമൂതിരി കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി.
സാമൂതിരി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം മദ്രാസ് ലയോള കോളേജില്‍ ബി.എ.ഓണേഴ്സ് പൂര്‍ത്തിയാക്കി. 1963-ല്‍ ഇന്ത്യന്‍ ടെലഗ്രാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ എഞ്ചിനീയര്‍ കേഡര്‍ പരീക്ഷയ്ക്കിരുന്ന പി.കെ.എസ്.രാജ പരീക്ഷയില്‍ വിജയിച്ചു. തുടര്‍ന്ന് കല്‍ക്കത്തയിലെ പതിനഞ്ച് മാസത്തെ പരിശീലനത്തിന് ശേഷം 1937 ആഗസ്റ്റ് അഞ്ചിന് ആസാമിലെ ഗോഹട്ടിയില്‍ നിയമിതനായി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം 1940ല്‍ നാട്ടില്‍ എത്തിയപ്പോള്‍ പി.കെ.എസ്. രാജയും നിലമ്പൂര്‍കോവിലകത്തെ ഭാരതിതമ്പുരാട്ടിയുമായുള്ള വിവാഹം നടന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ബംഗാളിലെ ബാരിസാള്‍ തുടര്‍ന്ന് ചിറ്റഗോംഗ് എന്നിവിടങ്ങളില്‍ ജോലിചെയ്തു. ജീവന്‍പോലും അപകടത്തിലായ നിമിഷങ്ങളായിരുന്നു ഷിറ്റഗോംഗില്‍ എന്ന് സാമൂതിരി ഓര്‍ക്കുന്നു. 1945 ല്‍ ഗസറ്റഡ് പദവയില്‍ എത്തിയ അദ്ദേഹം പാക്കിസ്ഥാനിലെ സക്കൂറയിലും തുടര്‍ന്ന് അഹമ്മദാബാദിലും ജോലിചെയ്തു. സ്വാതന്ത്ര്യത്തിന് മുന്നോടിയായി നാട്ടുരാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ നിയന്ത്രണം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്താണ് അഹമ്മദാബാദില്‍ എത്തുന്നത്. കത്തിയവാറിലെ നാട്ടുരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തെകുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് പി.കെ.എസ്. രാജയ്ക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ബറോഡയില്‍ സ്റ്റേറ്റ് ലെയ്സണ്‍ ഓഫീസറായി. പിന്നീട് ബോംബെയില്‍ സബ്ഡിവിഷനല്‍ ഓഫീസറായി.
ബോംബെയിലെത്തിയ സമയത്താണ് ഭാര്യ ഭാരതി തമ്പുരാട്ടി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതെന്ന് സാമൂതിരി രാജ ഓര്‍ക്കുന്നു. പിന്നീട് ചെന്നൈയിലും പൂനയിലും ബോംബെയിലും കല്‍ക്കത്തയിലുമായി ജോലിചെയ്തു. ഡെപ്യൂട്ടി ജനറല്‍മാനേജര്‍ തസ്തികയില്‍ എത്തിയ അദ്ദേഹം 1971ല്‍ മാര്‍ച്ച് 22നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഔദ്യോഗിക ജീവിതത്തില്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇടനല്‍കുന്നതാണ്.
വിശ്രമജീവിതകാലത്ത് ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിദേശാരജ്യങ്ങളിലും സന്ദര്‍ശനം നടത്തി. 1965ഡിസംബര്‍ 20ന് മൂത്തമകള്‍ സേതുലക്ഷ്മിയുടെ മരണവും 1999 നവംബര്‍29ന് ഭാര്യ ഭാരതി തമ്പുരാട്ടിയുടെ മരണവുമാണ് സാമൂതിരിക്ക് ഏറ്റവും വേദന ഉണ്ടാക്കിയത്.
ഭാര്യയുടെ മരണത്തെതുടര്‍ന്ന് പിന്നീട് ഇളയമകള്‍ സരളയ്ക്കും കുടുംബത്തിനുമൊപ്പം മദ്രാസിലായിരുന്നു താമസം. 2002ല്‍ അബുദാബിയില്‍ മകള്‍ ഡോ. സുധയ്ക്കൊപ്പം താമസമായി. 2003ല്‍ മകള്‍ സുധയ്ക്കും മരുമകന് പി.കെ. കൃഷ്ണനുണ്ണിരാജയ്ക്കുമൊപ്പം സാമൂതിരി കോഴിക്കോട്ട് സ്ഥിരതാമസമാക്കി. സാമൂതിരി രാജാവ് ആയിരുന്ന പി.കെ.ഏട്ടനുണ്ണിരാജ തീപ്പെട്ടത്തിനെതുടര്‍ന്ന് 2003ല്‍ സാമൂതിരി രാജാവ് സ്ഥാനം പി.കെ.എസ്. രാജയ്ക്ക് ലഭിച്ചു.
തുടര്‍ന്നിങ്ങോട്ട് സാമൂതിരിരാജാവ് എന്ന നിലയില്‍ തന്റെ ചുമതല കൃത്യമായും കണിശമായും നിര്‍വ്വഹിച്ചുപോരുകയാണ് പി.കെ.എസ്. രാജ. സാമൂതിരി ഗുരുവായൂരപ്പന്‍കോളേജ്, സാമൂതിരി ഹയര്‍സെക്കന്ററി സ്കൂള്‍ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട് ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി നാല്പതോളം ക്ഷേത്രങ്ങളും സാമൂതിരിയ്ക്ക് കീഴിലുണ്ട്. കൂടാതെ ഗുരുവായൂര്‍ ക്ഷേത്രഭരണസമിതിയിലും സാമൂതിരി അംഗമാണ്. ക്ഷേത്രങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആയിരത്തോളം ജീവനക്കാര്‍ സാമൂതിരിക്ക് കീഴിലുണ്ട്.
എല്ലാ കാര്യങ്ങളും നന്നായി നടത്തുന്നതിനിടയിലും വായനയ്ക്ക് അദ്ദേഹം സമയം കണ്ടെത്തുന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം എന്നീ ഭാഷകളില്‍ നേടിയ ജ്ഞാനം വായനയിലൂടെയാണ്.
രേവതിപട്ടത്താനത്തിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി മിംസ് ആശുപത്രിയിലെ ഡോക്ടറായ മകള്‍ സുധാകൃഷ്ണനുണ്ണിയും ഭര്‍ത്താവ് പി.കെ. കൃഷ്ണനുണ്ണിരാജയും പി.കെ.എസ്. രാജയ്ക്കൊപ്പമുണ്ട്.
എം.കെ.രാഘവന് എം.പി. ചെയര്‍മാനും പ്രജീഷ് തിരുത്തിയില്‍ ജനറല്‍കണ്‍വീനറുമായ ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളിലാണ് ശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: