തിരുവനന്തപുരം : വിരമിക്കല്‍ ഏകീകരണം റദ്ദാക്കിയ പശ്ചാത്തലത്തില്‍ പിഎസ്സിയില് അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രായപരിധി 36 ആക്കിയതായി ധനമന്ത്രി കെ.എം.മാണി നിയമസഭയെ അറിയിച്ചു. ഇപ്പോള്‍ 35 ആണ് പ്രായപരിധി. സംവരണാനുകൂല്യം ലഭിക്കുന്നവര്‍ക്ക് അതനുസരിച്ച് ഒരു വര്‍ഷം പ്രായപരിധി വര്‍ദ്ധിപ്പിക്കും. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇക്കൊല്ലം മാര്‍ച്ച് 31 ന് ഉണ്ടാകുന്ന 13,678 തസ്തികകളില്‍ സൂപ്പര്‍ന്യൂമററിയായി നിയമനം നടത്തുന്നതിന് പിഎസ്സിയില് നിന്നും അഡ്വൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ മുഴുവന്‍ തസ്തികകളിലും നിയമനം നടത്തും. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു.
അദ്ധ്യാപകര്‍ക്ക് വേതനമില്ലാത്ത അവധി പ്രോത്സാഹിപ്പിക്കും. വിആര്‍എസും പ്രോത്സാഹിപ്പിക്കും. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച് പുതിയ സ്കൂളുകള്‍ ഇക്കൊല്ലം ആരംഭിക്കുകയും അദ്ധ്യാപക നിയമനം നടത്തുകയും ചെയ്യും.
ആരോഗ്യമേഖലയില്‍ 990 തസ്തികകള്‍ സൃഷ്ടിക്കും. ഡോക്ടര്‍-250, നഴ്സ്-650, നഴ്സിംഗ് അസിസ്റ്റന്റ്-60, അറ്റന്റര്‍-30. മുസ്ലീം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് 125 ല്‍ നിന്നും 500 ആക്കി ഉയര്‍ത്തി.സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന മനോവൈകല്യമുള്ള കുട്ടികള്‍ക്ക് 2000 രൂപവീതം ധനസഹായം നല്‍കും.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ എ.പി.എല്‍ വിഭാഗങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ 2003 മുതല്‍ 2009 വരെയുള്ള പലിശ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.
പത്രപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യപരിരക്ഷാ പദ്ധതി ഒരു കോടിയാക്കി ഉയര്‍ത്തി. കഴിഞ്ഞ ബജറ്റില്‍ ഇത് 40 ലക്ഷമായിരുന്നു. ആറ്റുകാല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അഞ്ച് കോടി വകയിരുത്തി.
ഗ്രീന്‍ കണക്റ്റ് സോളാര്‍ പദ്ധതിക്ക് 10 കോടി വകയിരുത്തി. സെന്റര്‍ ഫോര്‍ അക്കാഡമിക് സ്റ്റഡീസിന് 3 കോടി, വലിയ തുറ ഫിഷ് ലാന്റിംഗ് സെന്ററിന് 25 ലക്ഷം, മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തിന് 20 ലക്ഷം, പരിവര്‍ത്തിത ക്രൈസ്തവ കോര്പ്പറേഷന് നാല് കോടി, ഇടശ്ശേരി സ്മാരകത്തിന് 25 ലക്ഷം, വരാപ്പുഴ പപ്പന് സ്മാരകത്തിന് 25 ലക്ഷം, തൃശൂര്‍ മണ്ണുത്തി അമല നഗര്‍ ബൈപ്പാസിന് ഒരു കോടി, പന്മന ആശ്രമത്തിന് 10 ലക്ഷം, പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന് 25 കോടി തുടങ്ങിയവയും വകയിരുത്തിയിട്ടുണ്ട്.
ട്രേഡേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന് വ്യാപാരി വ്യവസായികളുടെ ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരു കോടി വകയിരുത്തി. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എ ക്ലാസ് – 1100, ബി ക്ലാസ് -900, സി ക്ലാസ്-700, ഡി ക്ലാസ്-500 എന്നിങ്ങനെയാണ് വര്‍ദ്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: