തിരുവനന്തപുരം: കര്‍ഷക ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിന് സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാ അനുമതി തേടിയ മുല്ലക്കര രത്നാകരന് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 168 ദിവസം കഴിഞ്ഞപ്പോഴാണ് കര്‍ഷക ആത്മഹത്യകള്‍ തുടങ്ങിയത്. അഞ്ചു മാസത്തിനുള്ളില്‍ 47 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും മുല്ലക്കര രത്നാകരന് പറഞ്ഞു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന കര്‍ഷക വിരുദ്ധ അവസ്ഥ കേരളത്തെ രൂക്ഷമായി ബാധിക്കും. ഉത്പാദന ചെലവ് കൂടുന്നതും സംരക്ഷണ സ്വഭാവത്തില്‍ നിന്നു സമ്പൂര്‍ണമായും സര്‍ക്കാര്‍ പിന്മാറുന്നതുമാണു കര്‍ഷകരെ ദുരിതത്തില്‍ ആക്കുന്നത്. സര്‍ക്കാര്‍ സബ്സീഡി തുടരാത്തതു പ്രതിസന്ധി രൂക്ഷമാക്കി. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും മുല്ലക്കര ആവശ്യപ്പെട്ടു.
1500 കോടി രൂപ ഖജനാവില്‍ മിച്ചം വച്ചു കൊണ്ടാണ് ഇടതുസര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്നാണു വാദിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്കി. കാര്‍ഷിക കടാശ്വാസത്തിന് 24 കോടി രൂപ നല്കാന് ഇടതു സര്‍ക്കാര്‍ തയാറായില്ല. 2006 ജനുവരി വരെയുള്ള കടമാണ് എഴുതി തള്ളിയത്. ഇതിനു ശേഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതു മനസിലാക്കി യുഡിഎഫ് സര്‍ക്കാര്‍ കടാശ്വാസത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി 2011 ഒക്റ്റോബര്‍ 31 വരെയായി ദീര്‍ഘിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാസവള വിലക്കയറ്റത്തിനോടു സര്‍ക്കാര്‍ യോജിക്കുന്നില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ ധനസഹായം നല്കണമെങ്കില് കാര്‍ഷിക ദുരന്ത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നു ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. കാര്‍ഷിക ഉത്പന്ന വിലയിടിവ് ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ചു. വിളകള്‍ക്ക് വിലയിടിവ് ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു. ഇത്തരം തീരുമാനങ്ങളിലൂടെ കാര്‍ഷിക മേഖലയില്‍ ദുരിത കാലം അവസാനിപ്പിച്ചുവെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു.
കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നു കൃഷി മന്ത്രി കെ.പി. മോഹനന് പറഞ്ഞു. മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും വിശദീകരണങ്ങളെത്തുടര്ന്ന് അടിയന്തര പ്രമേയ അവതരണ നോട്ടിസിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: