തൃശൂര്‍ : എല്ലാവരേയും കണ്ട് മനം നിറഞ്ഞ് മാഷ് യാത്രയായി. വിവാദങ്ങളും വിമര്‍ശനങ്ങളും ഒന്നൊന്നായി മാഷെ തേടിയെത്തിയപ്പോള്‍ ഇതിലൊന്നും കുലുങ്ങാതെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച മാഷ് പക്ഷെ ഇന്നലെ ആരോടും പിണക്കങ്ങള്‍ ബാക്കിവെക്കാതെയാണ് യാത്രയായത്.
ജി.ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെ അദ്ദേഹവുമായി ‘കലഹിച്ചു’. 1960ല്‍ ജി.ശങ്കരക്കുറുപ്പിനെതിരെ ആഞ്ഞടിച്ചായിരുന്നു അഴീക്കോട് വിമര്‍ശനരംഗത്ത് ശ്രദ്ധേയനായത്. ജി.ശങ്കരക്കുറുപ്പ് കവിയല്ലെന്നും വെറുമൊരു വിമര്ശകന് മാത്രമാണെന്നുമായിരുന്നു അഴീക്കോടിന്റെ വാദം. ഇത് മലയാള സാഹിത്യരംഗത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ജി.ശങ്കരക്കുറുപ്പിനെപ്പോലുള്ള മഹാകവിയെ ഏറെ വേദനിപ്പിച്ച ഈ വിമര്‍ശനം ഏറെ പഴി കേട്ടെങ്കിലും ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകത്തിലൂടെ അദ്ദേഹം വീണ്ടും മഹാകവിയുടെ മനസ്സിനെ വേദനപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ബാലചന്ദ്രന് ചുള്ളിക്കാടുമായും അഴീക്കോട് കൊമ്പ് കോര്‍ത്തു. ടി. പത്മനാഭനോടാകട്ടെ പഠിക്കുന്ന കാലം മുതല്‍ തന്നെ പിണക്കത്തിലും പരിഭവത്തിലുമായിരുന്നു. വെള്ളാപ്പിള്ളി നടേശന്, ഇന്നസെന്റ്, എം.വി.ദേവന്, എം.കെ.സാനുമാസ്റ്റര്‍, ഗണേഷ്, മോഹന്‍ലാല്‍ ഇങ്ങനെ പോകുന്നു അഴീക്കോടുമായി കൊമ്പുകോര്ത്തവരുടെ നിര. പക്ഷെ ഇന്നലെ അമല ആശുപത്രിയില്‍ രാവിലെ ഇഹലോകവാസം വെടിയുമ്പോള്‍ ഈ വിദ്വേഷങ്ങളൊന്നും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. എല്ലാം അലിഞ്ഞ് തീര്‍ന്നിരുന്നു. ടി.പത്മനാഭന് ആശുപത്രിയിലെത്തി പൊട്ടിക്കരഞ്ഞപ്പോള്‍ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന് മുന്നില്‍ കുമ്പിട്ട് കണ്ണീര് പൊഴിച്ചാണ് യാത്രയായത്. എം.കെ.സാനുമാഷും തന്റെ ഉള്ളിലുണ്ടായിരുന്ന വിദ്വേഷങ്ങള്‍ ആശുപത്രിക്കിടക്കയില്‍ വന്ന് പറഞ്ഞ് കൈപിടിച്ച് മടങ്ങി. ഒടുവില്‍ മരിക്കുന്നതിന്റെ തലേന്ന് മോഹന്‍ലാലും അഴീക്കോടിനെ സന്ദര്‍ശിക്കാനെത്തി. അവസാനമായി അവരുടെ പിണക്കവും അവസാനിപ്പിച്ചു. തിലകന് പ്രശ്നവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലും അഴീക്കോടും തമ്മിലുള്ള ശത്രുത തുടങ്ങിയത്. അഴീക്കോടിന് മതിഭ്രമമാണെന്ന ലാലിന്റെ പരാമര്‍ശവും രാമനാമം ജപിച്ച് ശിഷ്ടകാലം ജീവിക്കണമെന്നുള്ള ഇന്നസെന്റിന്റെ ഉപദേശവും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ ശക്തമായി തന്നെയാണ് അഴീക്കോട് രംഗത്ത് വന്നത്. ലാലിന്റെ സിനിമാ വേഷങ്ങളെയും സൈനിക ബഹുമതി നല്‍കിയതിനെതിരെയും അഴീക്കോട് രൂക്ഷവിമര്‍ശനമുയര്‍ത്തി.
ഒടുവില്‍ വിവാദം മുറുകിയപ്പോള്‍ സംഭവം കോടതിയിലുമെത്തി. മോഹന്‍ലാലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും മോഹന്‍ലാലെത്തി ജാമ്യമെടുക്കേണ്ട നിലയിലും കാര്യങ്ങളെത്തി. ഒടുവില്‍ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ക്കാമെന്ന് അഴീക്കോട് തന്നെയാണ് പറഞ്ഞത്. ഇതിന് മുന്നോടിയായി കൈരളി തീയേറ്ററില്‍ മോഹന്‍ലാലിന്റെ പ്രണയം സിനിമ കണ്ട അദ്ദേഹം ലാല്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്ലാ കേസും പിന്‍വലിക്കാമെന്ന് പറഞ്ഞു. ഒടുവില്‍ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലാണ് കേസ് പിന്‍വലിക്കാന്‍ അഴീക്കോട് തീരുമാനിച്ചത്. വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. അഴീക്കോടിനെ തെറ്റിദ്ധരിപ്പിച്ചതാണ് ഈ പിണക്കത്തിന് കാരണമെന്ന് ഇന്നലെ മരണശേഷം വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: